ജോലിക്കിടെ മദ്യപിക്കലും മദ്യം സൂക്ഷിക്കലും; 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ വ്യാപക നടപടിയുമായി ഗതാഗത വകുപ്പ്. ജോലിക്കിടെയുള്ള മദ്യപിക്കലും മദ്യം സൂക്ഷിക്കലുമാണ് നടപടിക്ക് കാരണം. 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. 26 താത്ക്കാലിക ജീവനക്കാരെ ജോലിയില്‍ നിന്ന് നീക്കം ചെയ്തു.
കെഎസ്ആര്‍ടിസിയുടെ 60 യൂണിറ്റുകളില്‍ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി. ഡ്യൂട്ടിക്ക് എത്തുന്ന വനിതകള്‍ ഒഴികെയുള്ള ജീവനക്കാരെ ബ്രത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിക്കണമെന്ന് കെഎസ്ആര്‍ടിസി സിഎംഡിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പരിശോധനയും ജീവനക്കാരെ സസ്‌പെന്റ് ചെയ്യലും.
ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ നടത്തിയ പരിശോധനയിലാണ് 100 ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തത്. നടപടി നേരിട്ടവരില്‍ സ്റ്റേഷന്‍മാസ്റ്റര്‍ മുതല്‍ മെക്കാനിക്ക് വരെയുണ്ട്. കെഎസ്ആര്‍ടിസി യിലെ 74 സ്ഥിരം ജീവനക്കാരെയാണ് സസ്പെന്റ് ചെയ്തത്. സ്വിഫ്റ്റിലെ താത്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദല്‍ ജീവനക്കാരും അടങ്ങുന്ന 26 പേരെ സര്‍വീസില്‍ നിന്ന് പുറത്താക്കി. വിജിലന്‍സ് വിഭാഗം നടത്തുന്ന പ്രത്യേക പരിശോധന വരും ദിവസങ്ങളിലും തുടരും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെയും കെഎസ്ആര്‍ടിസി സിഎംഡിയുടെയും പ്രത്യേക നിര്‍ദേശപ്രകാരമാണ് പരിശോധനകള്‍ നടക്കുന്നത്.
Story Highlights : Action against 100 KSRTC employees using alcohol during work
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here