സുഗന്ധഗിരി മരം മുറി കേസ്; ഡിഎഫ്ഒ ഉൾപ്പെടെയുള്ളവർ വനം കൊള്ളയ്ക്ക് ഒത്താശ ചെയ്‌തെന്ന് അന്വേഷണ റിപ്പോർട്ട് | 24 Big Breaking

വയനാട് സുഗന്ധഗിരി മരം മുറി കേസിൽ വനം ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര കണ്ടെത്തൽ. വയനാട്ടിലെ ഡിഎഫ്ഒ ഉൾപ്പെടെയുള്ളവർ വനം കൊള്ളയ്ക്ക് ഒത്താശ ചെയ്‌തെന്ന് അന്വേഷണ റിപ്പോർട്ട്. മേൽനോട്ട ചുമതലകളിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർ മരംമുറിക്കാരിൽ നിന്ന് പണം വാങ്ങിയെന്നും കണ്ടെത്തൽ. അഡീഷ്ണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോ.എൽ ചന്ദ്രശേഖർ ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു. ഡിഎഫ്ഒ എ.ഷജ്‌നക്കും റേഞ്ച് ഓഫീസർ നീതു വിനും എതിരെ നടപടിക്ക് ശുപാർശ ചെയ്തു. ( sugandhagiri tree cutting probe report )
വനം കൊള്ളക്ക് വനം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തു, മേൽനോട്ട ചുമതലകളിൽ വീഴ്ച വരുത്തി, മരം മുറി പരിശോധന നടത്തിയില്ല, കർശന നടപടി ആദ്യം സ്വീകരിച്ചില്ല, ചില ഉദ്യോഗസ്ഥർ മരം മുറിക്കാരിൽ നിന്നും പണം വാങ്ങി എന്നിങ്ങനെയാണ് എപിസിസിഎഫിന്റെ കണ്ടെത്തൽ. അഴിമതി കണ്ടെത്താൻ വിജിലൻസ് അന്വേഷണത്തിനും ശുപാർശ ചെയ്തിട്ടുണ്ട്.
3000 ഏക്കറോളം വരുന്ന ഭൂപ്രദേശമാണ് സുഗന്ധഗിരി. 1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്ടിന്റെ ഭാഗമായി ആദിവാസികൾക്ക് പതിച്ചുകൊടുത്ത ഭൂമിയാണ് ഇത്. വീടിന് ഭീഷണിയായ ഇരുപത് മരങ്ങൾ മുറിക്കാനുള്ള അനുമതിയുടെ മറവിൽ നൂറിലേറെ മരങ്ങൾ മുറിച്ചുനീക്കിയെന്നതാണ് കേസ്. വയനാട് സുഗന്ധഗിരിയിൽ അനധികൃത മരം മുറിക്ക് ഒത്താശ ചെയ്തിരുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. വനംവകുപ്പുദ്യോഗസ്ഥരുടെ കാവലിലാണ് അനധികൃത മരം മുറി നടന്നതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.
Read Also: വയനാട് സുഗന്ധഗിരിയിലെ അനധികൃത മരംമുറി അന്വേഷിക്കാൻ പ്രത്യേക സംഘം | 24 Big Impact
വീട്ടി അടക്കമുള്ള സംരക്ഷിതമരങ്ങൾ മുറിച്ചുനീക്കിയവയിൽ ഉൾപ്പെടുന്നില്ല. വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ ആറ് പ്രതികളാണുള്ളത്. മരത്തടികൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും വനംവകുപ്പുദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സെക്ഷൻ ഓഫീസർ കെ.കെ.ചന്ദ്രൻ, വാച്ചറും സുഗന്ധഗിരി സ്വദേശിയുമായ ബാലൻ എന്നിവരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മരം മുറി സംബന്ധിച്ച വാർത്ത പുറത്തുകൊണ്ടുവന്നത് ട്വന്റിഫോറാണ്.
Story Highlights : sugandhagiri tree cutting probe report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here