സൂര്യകുമാർ യാദവിനു ഫിഫ്റ്റി; പഞ്ചാബിനെതിരെ മുംബൈക്ക് മികച്ച സ്കോർ

ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 192 റൺസ് നേടി. 53 പന്തിൽ 78 റൺസ് നേടിയ സൂര്യകുമാർ യാദവ് ആണ് ടോപ്പ് സ്കോറർ. പഞ്ചാബിനായി ഹർഷൽ പട്ടേൽ 3 വിക്കറ്റ് വീഴ്ത്തി.
8 റൺസെടുത്ത ഇഷാൻ കിഷനെ വേഗം നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ രോഹിത് ശർമയും സൂര്യകുമാർ യാദവും ചേർന്ന് മുംബൈയെ മുന്നോട്ടുനയിച്ചു. 81 റൺസ് നീണ്ട കൂട്ടുകെട്ടിലാണ് ഇരുവരും പങ്കാളികളായത്. ഇതിനിടെ 34 പന്തിൽ സൂര്യകുമാർ ഫിഫ്റ്റി തികച്ചു. ഇരുവരും ചേർന്ന് അനായാസം സ്കോർ ചലിപ്പിക്കവെ 25 പന്തിൽ 36 റൺസ് നേടിയ രോഹിത് ശർമയെ ഹർപ്രീത് ബാറിൻ്റെ കൈകളിലെത്തിച്ച് സാം കറൻ ഈ കൂട്ടുകെട്ട് പൊളിച്ചു.
നാലാം നമ്പരിലെത്തിയ തിലക് വർമ്മയും തകർപ്പൻ ഫോമിലായിരുന്നു. തിലകും സൂര്യയും ചേർന്ന് 49 റൺസ് കൂട്ടിച്ചേർത്തു. ഈ കൂട്ടുകെട്ടും സാം കറനാണ് പൊളിച്ചത്. സൂര്യയെ പ്രഭ്സിമ്രാൻ്റെ കൈകളിലെത്തിച്ച് കറൻ പഞ്ചാബിന് ബ്രേക്ക്ത്രൂ സമ്മാനിച്ചു. ഹാർദിക് പാണ്ഡ്യ (6 പന്തിൽ 10), ടിം ഡേവിഡ് (7 പന്തിൽ 14) എന്നിവർ അവസാന ഓവറുകളിൽ സ്കോർ ഉയർത്തി. റൊമാരിയോ ഷെപ്പേർഡിനെ (1) അവസാന ഓവറിൽ ഹർഷൽ പട്ടേൽ ശശാങ്ക് സിംഗിൻ്റെ കൈകളിലെത്തിച്ചു. അവസാന പന്തിൽ മുഹമ്മദ് നബി റണ്ണൗട്ടായി.
Story Highlights: suryakumar yadav mumbai indians innings punjab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here