വാതുവെപ്പുകാരെന്ന് സംശയം; നാലുപേരെ രാജസ്ഥാൻ്റെയും മുംബൈയുടെയും ലക്ഷ്വറി ബോക്സുകളിൽ നിന്ന് പിടികൂടിയതായി റിപ്പോർട്ട്

വാതുവെപ്പുകാരെന്ന സംശയത്തെ തുടർന്ന് നാലുപേരെ രാജസ്ഥാൻ റോയൽസിൻ്റെയും മുംബൈ ഇന്ത്യൻസിൻ്റെയും ഹോം ഗ്രൗണ്ടുകളിലെ ലക്ഷ്വറി ബോക്സുകളിൽ നിന്ന് പിടികൂടിയതായി റിപ്പോർട്ട്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെയും ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിലെയും ലക്ഷ്വറി ബോക്സുകളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ദി ഹിന്ദു ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
രണ്ട് പേർ വീതമാണ് ഈ വേദികളിൽ ഉണ്ടായിരുന്നത്. ബിസിസിഐയുടെ ആൻ്റി കറപ്ഷൻ യൂണിറ്റ് ഇവരെ പിടികൂടി ലോക്കൽ പൊലീസിനു കൈമാറി. മാർച്ച് 28ന് ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും തമ്മിൽ ജയ്പൂരിൽ നടന്ന മത്സരത്തിനിടെയാണ് ആദ്യ രണ്ടുപേർ പിടിയിലായത്. ഏപ്രിൽ ഒന്നിന് വാംഖഡെയിൽ രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് അടുത്ത രണ്ടുപേർ പിടിയിലായത്.
അതേസമയം, ജയ്പൂരിൽ നിന്ന് പിടികൂടിയവർക്കെതിരെയാണ് കേസെടുത്തതെന്നും മുംബൈയിൽ നിന്ന് പിടികൂടിയവർ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമേ വാംഖഡെയിലെ പ്രസിഡൻ്റ് ബോക്സിൽ ഇരിക്കാൻ അനുവാദമുള്ളൂ. ഇവർ ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിൽ ഉണ്ടായിരുന്നില്ല.
Story Highlights: Suspected Bookies Rajasthan Mumbai IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here