Advertisement

ബിഹാറിൽ ബിജെപി സഖ്യത്തിൻ്റെ ഏക മുസ്ലിം എംപി മുന്നണി വിട്ടു; മെഹബൂബ് അലി കൈസർ ഇനി ആർജെഡിക്കൊപ്പം

April 21, 2024
Google News 2 minutes Read
Mehboob Ali Kaiser

പാറ്റ്ന: ബിഹാറിൽ ലോക് ജനശക്തി പാർട്ടി എംപിയായിരുന്ന മെഹബൂബ് അലി കൈസർ ആർജെഡിയിൽ ചേർന്നു. സംസ്ഥാനത്തെ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുടെ ഏക മുസ്ലിം എംപിയായിരുന്നു അദ്ദേഹം. ഈ കൂറുമാറ്റത്തോടെ മെഹബൂബ് അലി കൈസർ ഇനി ഇന്ത്യ സഖ്യത്തിന്റെ ഭാഗമാകും.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മെഹബൂബ് അലി കൈസറിന്റെ മാറ്റം. മുൻ കേന്ദ്രമന്ത്രിയും എൽജെപി നേതാവുമായിരുന്നു പശുപതി കുമാർ പരസിന്റെ അടുപ്പക്കാരനായിരുന്നു മെഹബൂബ് അലി കൈസർ. എന്നാൽ പരസ് പാർട്ടി വിട്ടു പോയത് അദ്ദേഹത്തിന് തിരിച്ചടിയായി. പിന്നാലെ ചിരാഗ് പാസ്വാൻ ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ മെഹബൂബ് അലി കൈസർക്ക് സീറ്റ് നിഷേധിക്കുകയും ചെയ്തു. ഇതോടെയാണ് എംപിയും പാർട്ടി നേതൃത്വവുമായി ഇടഞ്ഞത്. പിന്നീട് അനുനയ ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ഇതിനൊന്നും നിന്നു കൊടുക്കാതെ മെഹബൂബ് അലി കൈസർ ആർജെഡിയിൽ ചേരുകയായിരുന്നു.

Read Also: മധുരയില്‍ ടിഫിന്‍ ബോക്‌സ് ബോംബാക്രമണം; 2 പേര്‍ക്ക് പരുക്ക്

ഇന്ന് പാറ്റ്നയിൽ ആർജെഡി നേതാവ് തേജസ്വി യാദവിൽ നിന്ന് മെഹബൂബ് അലി കൈസർ പാർട്ടി അംഗത്വം സ്വീകരിച്ചു. ലാലു പ്രസാദ് യാദവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മെഹബൂബ് അലി കൈസർ പാർട്ടിയിൽ ചേരുന്നതെന്നും അദ്ദേഹത്തിന്റെ പരിചയസമ്പത്ത് തങ്ങൾക്ക് നേട്ടമാകുമെന്നും തേജസ്വി യാദവ് പ്രതികരിച്ചു. എൻഡിഎ ഭരണത്തിൽ വെല്ലുവിളി നേരിടുന്ന ഭരണഘടനയെ സംരക്ഷിക്കാനുള്ള തങ്ങളുടെ പോരാട്ടത്തിന് ഈ രാഷ്ട്രീയ നീക്കം ബലം പകരുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.

ബിഹാറിലെ സഹർസാ ജില്ലയിൽ മുൻപ് സിമ്രി ഭക്തിയർപുർ നാട് ഭരിച്ചിരുന്ന രാജ കുടുംബത്തിലാണ് മെഹബൂബ് അലി കൈസർ ജനിച്ചത്. കോൺഗ്രസ് ആയിരുന്നു ഇദ്ദേഹത്തിന്റെ ആദ്യത്തെ പാർട്ടി. 2013 വരെ ബീഹാറിൽ പിസിസി പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 2014 ൽ കോൺഗ്രസ് വിട്ട അദ്ദേഹം എൽജെപി സ്ഥാനാർഥിയായി ഖഗരിയാ സീറ്റിൽ മത്സരിച്ചു ജയിച്ചു. പിന്നീട് 2019 ലും അദ്ദേഹം ഇതേ സീറ്റിൽ മത്സരിച്ച് ജയിച്ചിരുന്നു. ഉൾപ്പാർട്ടി തർക്കങ്ങളെ തുടർന്ന് മെഹബൂബ് അലി കൈസർ മുന്നണി വിടുമ്പോൾ, മറുചേരിയിൽ താൻ ആദ്യം നേതൃത്വം നൽകിയ കോൺഗ്രസ് പാർട്ടി കൂടി അദ്ദേഹത്തിനെ പിന്തുണക്കാനുണ്ട്. ബിഹാറിൽ എൻഡിഎക്കെതിരെ ഇക്കുറി വലിയ മുന്നേറ്റം ഉണ്ടാക്കാൻ തങ്ങൾക്ക് സാധിക്കും എന്നാണ് ആർജെഡിയും കോൺഗ്രസും ഇടതു പാർട്ടികളും ഉൾപ്പെടുന്ന ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷ.

Story Highlights : BJP lead NDA’s lone Muslim MP in Bihar, Mehboob Ali Kaiser joins RJD

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here