Advertisement

‘വീണ കുട്ടിയായിരിക്കുന്ന കാലം മുതൽ ഇത്തരം പ്രചരണങ്ങൾ കേട്ടാണ് വളർന്നത്, മകൾ നിയമവിരുദ്ധമായി ഒന്നും ചെയ്തില്ല’: പിണറായി വിജയൻ

April 24, 2024
Google News 2 minutes Read

കോൺഗ്രസിന്റെ തെറ്റായ നയമാണ് മോദിക്ക് വഴിയൊരുക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വന്റി ഫോറിന്റെ സി എം സ്പീക്കിങ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൗരത്വ നിയമഭേദഗതിക്കൊപ്പം മൗനത്തിലൂടെ കോൺഗ്രസ് നിന്നു. രാഹുൽഗാന്ധിയെ കടന്നാക്രമിക്കലല്ല, കോൺഗ്രസിന്റെ നിലപാടാണ് ചോദിച്ചത്.

സ്വന്തം നേതാക്കൾക്കെതിരെ വരുമ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികൾ വരുമ്പോൾ കോൺഗ്രസ് എതിർക്കും. കോൺഗ്രസ് ഇതര പാർട്ടികൾക്കു നേരെ വരുമ്പോൾ കോൺഗ്രസ് അന്വേഷണ ഏജൻസികൾക്കൊപ്പം നിൽക്കും. അതിന്റെ ഏറ്റവും വലിയ ദുരന്തസാക്ഷിയാണ് അരവിന്ദ് കെജ്‍രിവാൾ.

അങ്ങനെയുള്ള വിരട്ടലൊന്നും ഞങ്ങളുടെ നേരെ ചിലവാകില്ല. കേന്ദ്ര ഏജൻസികൾ പലപ്പോഴും രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നു. രാജ്യത്ത് 95 ശതമാനവും ബിജെപി ഇതര പാർട്ടികളുടെ നേതാക്കൾക്കു നേരെയാണ് നടപടി. ബിജെപി ആകുന്നതോടെ പവിത്രവൽക്കരിക്കുന്നു, ഫൈറ്റ് ചെയ്തു നിൽക്കുന്നവരെ അറസ്റ്റു ചെയ്ത് പീഡിപ്പിക്കുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

നിയമത്തെ വല്ലാതെ ദുരുപയോഗിക്കുന്നതിൽ കോടതികൾക്കും അസ്വസ്ഥത വരുന്നുണ്ട്. കിഫ്ബിക്കെതിരെ നോട്ടീസ് വന്നപ്പോൾ എന്തുകൊണ്ട് താമസിച്ചു എന്നാണ് പ്രതിപക്ഷ നേതാവ് ചോദിക്കുന്നത്

ഇത് കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ മാത്രം പ്രശ്നമല്ല, കോൺഗ്രസിന്റെ പൊതു മനോഭാവമാണ്. കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നതിന് എതിരല്ല. രാഷ്ട്രീയ പ്രേരിതമാകുമ്പോഴാണ് പ്രശ്നങ്ങൾ വരുന്നത്.

തെരഞ്ഞെടുപ്പുഘട്ടം വരുമ്പോൾ ചില കാര്യങ്ങളിൽ വലിയ പ്രാധാന്യം വരും. കേരളത്തിൽ ദീർഘകാലമായി ഒരു വൃത്തം എന്നെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നു. അതിനാവശ്യമായ പിന്തുണ പല തലങ്ങളിൽ നിന്ന് ലഭിക്കുന്നു. സാമ്പത്തിക – മാധ്യമ പിന്തുണയും ലഭിക്കുന്നു.

അതൊന്നും നമ്മളെ തകർത്തുകളഞ്ഞില്ലല്ലോ. വ്യക്തി എന്ന നിലയിൽ ഞാൻ തകർന്നുപോയില്ല. മടിയിൽ കനമുള്ളവനേ പേടിക്കേണ്ടതുള്ളൂ. കൈകൾ എപ്പോഴും ശുദ്ധമായി നിന്നാൽ യാതൊന്നും പേടിക്കേണ്ടതില്ല. വലിയ പുകമറവരും, ഉള്ളാലെ ചിരിച്ചുകൊണ്ടു നേരിടാൻ പറ്റും.

മകൾ നിയമവിരുദ്ധമായി ഒന്നും ചെയ്തില്ല. മകൾ ഒരു കമ്പനി നടത്തി, ആരെല്ലാം കമ്പനി നടത്തുന്നു. നൽകിയ സേവനങ്ങൾക്ക് പ്രതിഫലം പറ്റുന്നത് നിയമവിരുദ്ധമാണോ. എല്ലാം ആദായനികുതി കണക്കുകളിലുണ്ട്. എല്ലാം നിയമപരമായിട്ടും പുകമറ സൃഷ്ടിക്കുന്നു.

വീണ കുട്ടിയായിരിക്കുന്ന കാലം മുതൽ ഇത്തരം പ്രചരണങ്ങൾ കേട്ടാണ് വളർന്നത്. ജീവിത സാഹചര്യം അവർക്ക് അറിയാം, അതിന്റെ ഭാഗമായുള്ള ശുദ്ധത സൂക്ഷിക്കാൻ കഴിയുന്നുണ്ട്. എന്തെല്ലാം പുകമറ സൃഷ്ടിച്ചാലും കൂസലില്ലാത്തത് ജീവിതത്തിൽ ശുദ്ധി കൊണ്ടു നടക്കാൻ കഴിയുന്നതുകൊണ്ടാണ് ആ ശുദ്ധി നഷ്ടപ്പെട്ടാലേ ഭയപ്പെടേണ്ടതുള്ളൂ. ലത്തീൻ സഭയുടെ അക്കൗണ്ട് മരവിപ്പിച്ചതും ബിജെപിക്ക് അനുകൂലമാക്കാൻ. മണിപ്പൂരിലെ അനുഭവം മുന്നിലുള്ളപ്പോൾ എങ്ങനെ അനുകൂലിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights : Pinarayi Vijayan About Veena Vijayan on CM Speaking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here