Advertisement

ഇന്ത്യക്കാരുടെ സ്വന്തം കാലടി കണക്ക് ‘ഭ’

April 25, 2024
Google News 4 minutes Read

ഇനി ചെരുപ്പ് ധരിക്കാൻ സായിപ്പിന്റെ കണക്ക് വേണ്ട. ഇന്ത്യക്കാരുടെ കാൽപാദ കണക്ക് കൃത്യമായി രേഖപ്പെടുത്താൻ, ഭാരതം എന്ന് അർത്ഥമാക്കുന്ന ‘ഭ’ അടയാളമാക്കി പുതിയ അളവ് സംവിധാനം വികസിപ്പിക്കാനാണ് ശ്രമം. ഇതിനായി രാജ്യമാകെ സർവ്വേ നടത്തി ഇന്ത്യക്കാരുടെ കാൽപാദത്തിന്റെ വളവുകൾ സംബന്ധിച്ച് വിശദമായി പഠനം നടത്തി. ഈ സംവിധാനം യാഥാർത്ഥ്യമാവുകയാണെങ്കിൽ നിലവിൽ ആശ്രയിക്കുന്ന യുകെ, യുഎസ് സൈസ് ചാർട്ടുകൾ ഇന്ത്യൻ വിപണിയിൽ നിന്ന് അപ്രത്യക്ഷമാകും. ആ സ്ഥാനത്ത് ‘ഭ’ പുതിയ അളവുകൾ സൃഷ്ടിക്കും. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്-സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎസ്ഐആർ–സിഎൽആർഐ)  ആണ് സർവ്വേ നടത്തിയത്.

വിദേശ സൈസ്, ഇന്ത്യക്കാരുടെ കാൽപാദത്തിന് അനുയോജ്യമായ, കൃത്യമായി ചേർന്ന് നിൽക്കുന്ന ചെരുപ്പുകൾ കിട്ടാതിരിക്കാൻ കാരണമാകുന്നുണ്ട്. പലരും തങ്ങളുടെ കാലിന് അനുയോജ്യമായതിനേക്കാൾ വലിയ ചെരുപ്പുകൾ ആണ് ഉപയോഗിക്കുന്നത്. സ്ത്രീകൾ ഉപയോഗിക്കുന്ന ഉയർന്ന ഹീലുള്ള ചെരുപ്പുകൾ ആരോഗ്യ പ്രശ്നങ്ങളടക്കം നേരിടുന്നുണ്ട്. പുരുഷന്മാരുടെ കാര്യത്തിൽ ഷൂ ലേസുകൾ ആവശ്യത്തിൽ കൂടുതൽ മുറുകിയിരിക്കുന്നത്, കാലിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നുണ്ട്. കാൽപാദത്തിന്റെ കൃത്യമായ ഘടനയ്ക്ക് അനുസരിച്ച് ചെരുപ്പുകൾ ഇല്ലാത്തതു മൂലം ഇന്ത്യക്കാരായ ഉപഭോക്താക്കൾക്ക് മുറിവേൽക്കുന്നതും ഒരു സ്ഥിരം കാഴ്ചയാണ്. വയോധികർക്കും പ്രമേഹബാധിതർക്കും ചെരുപ്പുകൾ മൂലം ഉണ്ടാകുന്ന പ്രയാസങ്ങൾ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

Read Also: യുഎസിൽ ‘സോംബി’ രോഗം; രണ്ട് മാനുകൾക്ക് പോസിറ്റീവായി; മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് മുൻപാണ് ഇന്ത്യയിൽ ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന ഷൂ സൈസ് നിലവിൽ വന്നത്. ഇത് പ്രകാരം ഇന്ത്യയിലെ സ്ത്രീകൾ 4-6 ശരാശരി സൈസിലുള്ള ചെരുപ്പുകൾ ആണ് ഉപയോഗിച്ചത്. അതേസമയം പുരുഷന്മാർ 5 മുതൽ 11 വരെയുള്ള സൈസുകളിൽ ആണ് ചെരുപ്പുകൾ ഉപയോഗിച്ചത്. ഇന്ത്യക്കാരുടെ കാൽപാദത്തിന്റെ വലിപ്പം, ഘടന തുടങ്ങിയവ സംബന്ധിച്ച് ആധികാരികമായ ഒരു വിവരവും അന്ന് ലഭ്യമാകാത്തതാണ് അന്ന് മുതൽ ഇന്ത്യക്കാർക്ക് കൂടുതൽ അനുയോജ്യമായ ചെരുപ്പുകൾ ലഭ്യമാകാതിരിക്കാൻ കാരണമായത്. എന്നാൽ ഇന്ന് വിപണിയുടെ സ്വഭാവം പൂർണമായും മാറി. രാജ്യത്ത് ഒരു വ്യക്തി 1.5 എന്ന കണക്കിൽ ചെരുപ്പുകൾ ഉപയോഗിക്കുന്നുണ്ട് എന്നാണ് വിലയിരുത്തൽ. ലോകത്തെ രണ്ടാമത്തെ വലിയ ജനസംഖ്യ ഉള്ള രാജ്യമെന്നത് പരിഗണിക്കുമ്പോൾ, ചെരുപ്പ് നിർമ്മാതാക്കൾക്ക് ഏറ്റവും വലിയ വിപണി കൂടിയായി ഇന്ത്യ മാറുന്നുണ്ട്.

ഓൺലൈൻ വഴി വാങ്ങുന്ന ചെരുപ്പുകളിൽ 50 ശതമാനവും അളവ് കൃത്യമല്ലാത്തതിനാൽ തിരിച്ചയക്കപ്പെടുന്ന സാഹചര്യത്തിലാണ് ചെരുപ്പ് നിർമ്മാതാക്കളും വ്യാപാരികളും അടക്കം ഇന്ത്യക്കാരുടെ മാത്രമായി ഷൂ സൈസ് വേണമെന്ന തീരുമാനത്തിലേക്ക് എത്തിയത്. പുതിയ പഠനത്തിലൂടെ, ഒരു വയസ്സിന് താഴെയുള്ള കുട്ടികൾ, 1-3 വയസ്സ് പ്രായമുള്ള കുട്ടികൾ, 4-6 വയസ്സ് പ്രായമുള്ള കുട്ടികൾ, 7-11 വയസ്സ് പ്രായമുള്ള കുട്ടികൾ, 12-13 വയസുകാരായ പെൺകുട്ടികൾ, 12-14 വയസ്സുകാരായ ആൺകുട്ടികൾ, 14 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾ, 15 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാർ എന്നിങ്ങനെ തരംതിരിച്ച് 8 വലിപ്പത്തിലുള്ള ചെരുപ്പുകളാണ് ഭ ഇന്ത്യക്കാർക്ക് നിർദ്ദേശിക്കുന്നത്.

പുതിയ സൈസ് ചാർട്ട് പ്രകാരം നിർമ്മിക്കുന്ന ചെരുപ്പുകൾ രാജ്യത്തെ 85% ജനങ്ങൾക്കും തീർത്തും സുഖകരവും സൗകര്യപ്രദവും ആയിരിക്കും എന്ന് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനെല്ലാം ഉപരി, നിലവിൽ ഇംഗ്ലീഷ് സംവിധാനത്തിൽ 10 സൈസിലുള്ള ചെരുപ്പുകൾ നിർമ്മിക്കുമ്പോൾ, പുതിയ തനത് ഇന്ത്യൻ ഘടനയിൽ 8 സൈസിലുള്ള ചെരുപ്പുകൾ മാത്രം നിർമ്മിച്ചാൽ മതിയാകും. അതേസമയം ഏറ്റവും വലിയ ചെരുപ്പുകൾക്ക് അഞ്ച് മില്ലിമീറ്റർ അധിക നീളമുണ്ടായിരിക്കും. അതായത് നിലവിൽ വിപണിയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ചെരുപ്പുകളെ അപേക്ഷിച്ച് നീളത്തിലും വലിപ്പത്തിലും ‘ഭ’ മുന്നിലുണ്ടാകും. വ്യാവസായിക ഉത്പാദനത്തിലേക്ക് കടക്കുന്നതിനു മുൻപ് പരീക്ഷണ അടിസ്ഥാനത്തിൽ ‘ഭ’ സൈസിലുള്ള ചെരുപ്പുകൾ വിപണിയിൽ ഇറക്കും. ഇതിന്റെ ഫലം വിലയിരുത്തിയ ശേഷം മാത്രമേ ‘ഭ’ സംവിധാനത്തിന്റെ ഭാവി എങ്ങനെയാകുമെന്ന് ഉറപ്പിക്കാൻ കഴിയൂ.

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിൽ വരുന്ന ഡിപ്പാർട്ട്‌മെൻ്റ് ഓഫ് പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡിന് (ഡിപിഐഐടി) സിഎസ്ഐആർ–സിഎൽആർഐ ശുപാർശകൾ സമർപ്പിച്ചു. ഡിപിഐഐടി, ഈ സൈസിംഗ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള ഇന്ത്യൻ അതോറിറ്റിയായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന് (ബിഐഎസ്) അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്.

Story Highlights : A pan- India survey proposed new shoe sizing system for Indians.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here