Advertisement

‘ജനങ്ങൾക്ക് വേണ്ടത് പണി ചെയ്യുന്ന ഒരു എംപിയെ, തിരുവനന്തപുരത്തെ ജനങ്ങൾ മാറ്റത്തിന് വോട്ട് ചെയ്യും’; രാജീവ് ചന്ദ്രശേഖർ

April 25, 2024
Google News 1 minute Read

തിരുവനന്തപുരത്തെ ജനങ്ങൾ മാറ്റത്തിന് വോട്ട് ചെയ്യുമെന്ന് രാജീവ് ചന്ദ്രശേഖർ. ജനങ്ങൾക്ക് വേണ്ടത് പണി ചെയ്യുന്ന ഒരു എംപിയെയാണ്. ഒരു അവസരം കിട്ടിയാൽ തിരുവനന്തപുരത്ത് ഇതുവരെ കാണാത്ത വികസനം ഉണ്ടാകും. എൽഡിഎഫും യുഡിഎഫും ജനങ്ങളെ പേടിപ്പിച്ച് ജയിക്കുന്ന രീതി ഇത്തവണ മാറും.
പുരോഗതിയും വികസനവും അവകാശമാണെന്ന് ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. തൻ്റെ വികസനം വെറും വാഗ്ദാനം അല്ലെന്നും രാജീവ് ചന്ദ്രശേഖർ 24 നോട് പറഞ്ഞു.

മറ്റ് പാർട്ടിയെ പോലെ നുണയുടെ രാഷ്ട്രീയം വിശ്വസിക്കുന്നില്ല. വിശ്വസിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയുള്ള രാഷ്ട്രീയ പ്രവർത്തനത്തിലാണ്. എതിർ പാർട്ടികൾ നുണ പ്രചരിപ്പിക്കുന്നു. ആയിരക്കണക്കിന് ലീഫ്ലെറ്റുകൾ അടിച്ച് കള്ള പ്രചാരണം നടത്തുന്നുവെന്നും ജനങ്ങളെ പേടിപ്പിച്ചു വോട്ട് പിടിക്കാൻ ആണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം കേരളം വിധിയെഴുതാൻ ഇനി ഒരു നാൾ മാത്രം ബാക്കി നിൽക്കെ ഇന്ന് സ്ഥാനാർത്ഥികൾ‌ നിശബ്ദ പ്രചാരണം നടത്തും. പോളിംഗ് സാമഗ്രികൾ വിതരണം തുടങ്ങി. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിന് ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിലേക്ക് കടക്കുന്നത്. ഈ സമയത്ത് പൊതുയോഗങ്ങൾക്കോ പ്രകടനങ്ങൾക്കോ അനുമതിയില്ല. നിയമവിരുദ്ധമായി ആളുകൾ കൂട്ടം ചേർന്നാൽ ക്രിമിനൽ പ്രൊസീജ്യർ കോഡ് ചട്ടം 144 പ്രകാരമാണ് നടപടി സ്വീകരിക്കുകയെന്നു വരണാധികാരി അറിയിച്ചു.

നാളെ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താൻ 2.77 കോടി വോട്ടർമാരാണുള്ളത്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്‌ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്.

Story Highlights : Rajeev Chandrasekhar Lok Sabha Elections 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here