സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് മരിച്ചത് 11 പേർ

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ 11 പേർ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ മൂന്ന് വീതം മരണം റിപ്പോർട്ട് ചെയ്തു. പാലക്കാട് തേങ്കുറിശ്ശിയിൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ കുഴഞ്ഞുവീണ് മരിച്ച ശബരിക്ക് പ്രായം 32. വടക്കേത്തറ എൽ പി സ്കൂളിലായിരുന്നു ശബരിക്ക് വോട്ട്. ഒറ്റപ്പാലം ചുനങ്ങാടിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെയാണ് വാണിവിലാസിനി മോഡൻകാട്ടിൽ ചന്ദ്രൻ കുഴഞ്ഞ് വീണ് മരിച്ചത്. പാലക്കാട് വിളയോടിയിൽ ആണ് മൂന്നാമത്തെ മരണം. വോട്ടുചെയ്ത ശേഷം വിശ്രമിക്കുകയായിരുന്ന വിളയോടി പുതുശേരി കുമ്പോറ്റിയിൽ കണ്ടൻ ആണ് മരിച്ചത്.
മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയ നിറമരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 65 വയസായിരുന്നു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലും വയോധികൻ കുഴഞ്ഞുവീണു മരിച്ചു. അര മണിക്കൂറോളം ക്യൂ നിന്ന ശേഷം മകനോപ്പം ഓട്ടോയിലേക്ക് കയറുമ്പോഴാണ് സോമരാജൻ കുഴഞ്ഞുവീണത്. പോളിങ് ബൂത്തിലേക്ക് പോകുന്ന വഴിയാണ് കാക്കനാട് സ്വദേശി അജയൻ കുഴഞ്ഞുവീണു മരിച്ചത്. കോഴിക്കോട് കുറ്റിച്ചിറയിൽ സിപിഐഎം ബൂത്ത് ഏജൻറ് അനീസ് അഹമ്മദാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also: പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ച് കാലാവസ്ഥാവകുപ്പ്; ഇന്ന് രേഖപ്പെടുത്തിയത് റോക്കോഡ് ചൂട്
തൊട്ടിൽപ്പാലത്ത് വോട്ട് ചെയ്ത് മടങ്ങിയ 40 വയസ്സുകാരൻ കല്ലുംപുറത്ത് വീട്ടിൽ ബിമേഷ് കുഴഞ്ഞുവീണു മരിച്ചു. വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീയും കുഴഞ്ഞ് വീണ് മരിച്ചു. വളയം ചെറുമോത്ത് സ്വദേശി കുന്നുമ്മൽ മാമി ആണ് മരിച്ചത്. മറയൂർ ഗവൺമെൻറ് സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ കൊച്ചാലും മേലടി വള്ളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ പേരാമംഗലത്ത് വോട്ട് ചെയ്യാനെത്തിയ വയോധികൻ പോളിങ് ബൂത്തിന് മുന്നിൽ കുഴഞ്ഞുവീണ് മരിച്ചു. പേരാമംഗലം പുത്തൻവീട്ടിൽ നാരായണൻ ആണ് മരിച്ചത്.
Story Highlights : 11 people died after collapsing during voting in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here