Advertisement

റെക്കോർഡ് സിക്സ്, റെക്കോർഡ് ചേസ്; ഈഡനിൽ ചരിത്രം രചിച്ച് പഞ്ചാബ് കിംഗ്സ്

April 26, 2024
Google News 2 minutes Read
pbks record chase won kkr ipl

ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിന് ത്രസിപ്പിക്കുന്ന ജയം. കൊൽക്കത്ത മുന്നോട്ടുവച്ച 262 റൺസ് വിജയലക്ഷ്യം 8 പന്തുകൾ ബാക്കിനിർത്തി 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് മറികടന്നു. ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന റൺ ചേസാണ് ഇത്. 48 പന്തിൽ 108 റൺസ് നേടി പുറത്താവാതെ നിന്ന ജോണി ബെയർസ്റ്റോ ആണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. (pbks record chase kkr)

വമ്പൻ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ പഞ്ചാബിന് തകർപ്പൻ തുടക്കമാണ് പ്രഭ്സിമ്രാനും ബെയർസ്റ്റോയും നൽകിയത്. ബെയർസ്റ്റോ പതിയെ തുടങ്ങിയപ്പോൾ പ്രഭ്സിമ്രാൻ ആക്രമിച്ച് കളിച്ചു. വെറും 19 പന്തിൽ ഫിഫ്റ്റിയടിച്ച താരം 20 പന്തിൽ 54 റൺസ് നേടി റണ്ണൗട്ടായി. ആദ്യ പവർ പ്ലേയിൽ 93 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് പ്രഭ്സിമ്രാൻ മടങ്ങിയത്. രണ്ടാം വിക്കറ്റിലെത്തിയ റൈലി റുസോ അല്പം ബുദ്ധിമുട്ടിയെങ്കിലും ഫോമിലേക്കെത്തിയ ബെയർസ്റ്റോ സ്കോറിംഗ് ചുമതല ഏറ്റെടുത്തു. സുനിൽ നരേൻ ഒഴികെ ബാക്കിയുള്ളവരെല്ലാം അടിവാങ്ങി. 24 പന്തിൽ ബെയർസ്റ്റോ ഫിഫ്റ്റി നേടി. ഇതിനിടെ 16 പന്തിൽ 26 റൺസ് നേടിയ റുസോയെ സുനിൽ നരേൻ പുറത്താക്കി. രണ്ടാം വിക്കറ്റിൽ 85 റൺസാണ് ബെയർസ്റ്റോയ്ക്കൊപ്പം റുസോ കൂട്ടിച്ചേർത്തത്.

Read Also: ഐസിസി 2024 പുരുഷ ടി20 ലോകകപ്പ് ക്രിക്കറ്റ് ബ്രാൻഡ് അംബാസഡറായി യുവരാജ് സിംഗ്

നാലാം നമ്പറിൽ ശശാങ്ക് സിംഗ് എത്തിയതോടെ രണ്ട് ഭാഗത്തുനിന്നും ബൗണ്ടറികൾ പ്രവഹിക്കാൻ തുടങ്ങി. ഇതിനിടെ 45 പന്തിൽ ബെയർസ്റ്റോ മൂന്നക്കത്തിലെത്തി. 23 പന്തിൽ ശശാങ്ക് സിംഗ് ഫിഫ്റ്റിയും തികച്ചു. ഈ സഖ്യം പഞ്ചാബിനെ റെക്കോർഡ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ബെയർസ്റ്റോയ്ക്കൊപ്പം 28 പന്തിൽ 68 റൺസ് നേടിയ ശശാങ്കും നോട്ടൗട്ടാണ്. ഏറ്റവും ഉയർന്ന ടി20 ചേസ് എന്നതിനൊപ്പം ടി20യിൽ ഏറ്റവുമധികം സിക്സർ പിറന്ന മത്സരവും ഇതാണ്. ആകെ 42 സിക്സറുകളാണ് ഈ മത്സരത്തിൽ പിറന്നത്. ജയത്തോടെ പഞ്ചാബ് മുംബൈയെ മറികടന്ന് പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി. കൊൽക്കത്ത രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

Story Highlights: pbks record chase won kkr ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here