Advertisement

മദ്രസ അധ്യാപകനെ അജ്‌മീറിൽ പള്ളിക്കകത്ത് മർദ്ദിച്ച് കൊലപ്പെടുത്തി; അക്രമികളെ അറിയില്ലെന്ന് പൊലീസ്

April 29, 2024
2 minutes Read
Mahir murder

രാജസ്ഥാനിൽ അജ്‌മീറിൽ മുസ്ലിം പള്ളിയിലെ ജീവനക്കാരനെ ഒരു സംഘം മർദ്ദിച്ച് കൊലപ്പെടുത്തി. പള്ളിയുടെ നിയന്ത്രണം കൈയ്യടക്കാൻ ആഗ്രഹിക്കുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിൽ എന്ന് ആരോപിച്ച് കൊല്ലപ്പെട്ടയാളുടെ കുടുംബം രംഗത്ത് വന്നു. 15 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന മദ്രസ അടക്കം ഉൾപ്പെടുന്ന മൊഹമ്മദി മദിന പള്ളിയിലാണ് 30 വയസ് പ്രായമുണ്ടായിരുന്ന മൗലാന മൊഹമ്മദ് മഹിർ കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രി പള്ളിയുടെ പുറക് വശത്തെ വാതിൽ വഴി അകത്ത് കടന്ന മൂന്നംഗ സംഘം പുലർച്ചെ 2 മണിയോടെയാണ് മഹിറിനെ കൊലപ്പെടുത്തിയത്. പിന്നീട് അക്രമികൾ വന്ന വഴി തന്നെ പുറത്തേക്ക് പോയെന്ന് പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ പള്ളിയിൽ കുറച്ച് കുട്ടികൾ ഉണ്ടായിരുന്നു. ഇവർ മഹിറിനെ മൂന്നംഗ സംഘം ആക്രമിക്കുന്നത് കണ്ട് നിലവിളിച്ച് പുറത്തേക്ക് ഓടിയെന്നും ഇത് കേട്ട് സമീപവാസികളും പള്ളിയിൽ എന്തോ സംഭവിച്ചെന്ന് മനസിലാക്കിയെന്നും പൊലീസ് പറയുന്നു. ഇവരാണ് സംഭവം പൊലീസിനെ വിളിച്ച് അറിയിച്ചത്.

Read Also: സീലിങ് ഫാനുകള്‍ക്ക് പകരമായി ടേബിള്‍ ഫാനുകളുടെ ഉപയോഗം, പച്ചമാങ്ങ ജ്യൂസ് കുടിക്കുക; കൊടുംചൂടിനെ നേരിടാന്‍ ശാസ്ത്ര ലേഖകന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍

അജ്മീറിലെ രാംഗഞ്ച് പൊലീസ് സ്റ്റേഷനിൽ നിന്ന് രവീന്ദ്ര ഖിഞ്ചി എന്ന ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. കൊല്ലപ്പെട്ട മഹിറിൻ്റെ ഫോൺ അക്രമികൾ കൊണ്ടുപോയെന്നാണ് സംശയം. ആരാണ് മഹിറിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടില്ല. അക്രമികൾ മാസ്ക് ധരിച്ചിരുന്നുവെന്നാണ് ദൃക്സാക്ഷികളായ കുട്ടികളുടെ മൊഴി. എന്നാൽ തങ്ങൾ സംശയിക്കുന്ന മൂന്ന് പേരുകൾ പൊലീസിന് കൈമാറിയെന്ന് കൊല്ലപ്പെട്ട മഹിറിൻ്റെ സഹോദരൻ മൊഹമ്മദ് അമിർ പൊലീസിനോട് പറഞ്ഞു.

പള്ളിയിലെ മദ്രസയുടെ നിയന്ത്രണം തൻ്റെ പക്കലായത് ഇവിടെ അടുത്ത് താമസിക്കുന്ന ചിലർക്ക് ഇഷ്ടമായിരുന്നില്ലെന്ന് മഹിർ പറഞ്ഞിരുന്നതായി അമിർ പറയുന്നു. ഇവർക്ക് മദ്രസുടെ നിയന്ത്രണം വേണമായിരുന്നു, മഹിറിന് അജ്മീറിൽ താമസിക്കുന്നത് ഇഷ്ടമായിരുന്നില്ല, എന്നാൽ ഗുരു മൗലാന സക്കീർ ഹുസൈൻ്റെ മരണത്തോടെ ഒക്ടോബറിലാണ് മഹിർ മദ്രസയുടെ മേൽനോട്ടം ഏറ്റെടുത്തതെന്നും അമിർ പറഞ്ഞു. എന്നാൽ രാംഗഞ്ച് പൊലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള രവീന്ദ്ര ഖിഞ്ചി കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നാണ് പറയുന്നത്.

സംഭവ സ്ഥലത്ത് നിന്ന് 2 വടികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് മർദ്ദിച്ചാവും മഹിറിനെ കൊലപ്പെടുത്തിയതെന്നാണ് സംശയം. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഡോഗ് സ്ക്വോഡും സ്ഥലത്ത് പരിശോധനക്ക് എത്തിയിരുന്നു. ഉത്തർപ്രദേശിലെ രാംപുറിൽ നിന്നാണ് മഹിർ അജ്‌മീറിലെത്തിയത്. ഏഴ് വർഷം മുൻപായിരുന്നു ഇത്. ഇദ്ദേഹത്തിൻ്റെ മൃതദേഹം രാംപുറിലേക്ക് തിരികെ കൊണ്ടുപോയി.

Story Highlights : Ajmer Mosque murder: Family suspects those who wants to control madrasa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top