മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു; മോചനം ഉടനുണ്ടാകും; തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഹായ സമിതി

സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന് തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. (Release of Abdul Rahim from saudi jail updates)
സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റിയാദിലുള്ള ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. മോചനദ്രവ്യമായ 34 കോടിരൂപ സ്വരൂപിച്ചതായും അബ്ദുറഹീമിന് മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന്‍ നേരത്തെ തന്നെ കോടതിക്കു അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നല്കാന് തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബവും അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
തുടര്‍ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി പ്രതിനിധിയും നിയമസഹായ സമിതി പ്രതിനിധികളും ഇന്ന് സൗദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. നാട്ടില്‍ സ്വരൂപിച്ച 34 കോടി രൂപ സൌദിയിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇന്ത്യന്‍ എംബസിയുടെ ബാങ്ക് ആക്കൌണ്ടിലേക്ക് രണ്ട് മൂന്നു ദിവസത്തിന്നകം പണം എത്തിക്കാനാകും എന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ. തുടര്‍ന്നു കോടതി നല്‍കുന്ന അക്കൌണ്ടിലേക്ക് ഇന്ത്യന്‍ എംബസി പണം ട്രാന്‍സ്ഫര് ചെയ്യുകയും മരിച്ച സൗദി ബാലന്റെ കുടുംബത്തിന് കൈമാറുകയും ചെയ്യും. അബ്ദുറഹീമിന് മാപ്പ് നല്‍കിയതായി സൗദി കുടുംബം രേഖാമൂലം കോടതിയെ അറിയിച്ചാല്‍ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.
ഒരു മാസത്തിനുള്ളിലെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. അതേസമയം റഹീമിന്റെ മോചനം, മോചനദ്രവ്യം, കോടതിയിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അബ്ദുറഹീം പുറത്തിറങ്ങിയ ശേഷം എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാമെന്ന നിലപാടിലാണ് സമിതി.
Story Highlights : Release of Abdul Rahim from saudi jail updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here