‘KSRTC ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു, അതും സീബ്ര ലൈനിൽ’; ഗതാഗതം തടസപ്പെടുത്തുന്നത് കുറ്റകരമല്ലേ?: വി ടി ബൽറാം

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് രൂക്ഷ വിമർശനവുമായി ബൽറാം രംഗത്തെത്തിയത്.
പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട് കൊണ്ട് കെഎസ്ആർടിസി ഡ്രൈവറോട് സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സിഗ്‌നലിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് മുൻപിൽ ഇങ്ങനെ മനപൂർവ്വം കാർ പാർക്ക് ചെയ്ത് ഗതാഗതം തടസ്സപ്പെടുത്തുന്നത് നിയമപരമായി കുറ്റകരമല്ലേ? അതും സീബ്ര ലൈനിലെന്നും വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. മേയറും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി.
ആര്യ രാജേന്ദ്രന്‍റെ പരാതിയില്‍ കെഎസ്ആർടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് മേയർക്കെതിരെയുള്ള പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഡ്രൈവറുടെ പരാതിയിൽ കഴമ്പില്ലെന്ന നിലപാടിലാണ് പൊലീസ്.
Story Highlights : V T Balram Against Arya Rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here