Advertisement

ഹരിപ്പാട് സ്വദേശിനിയുടെ ജീവൻ കവർന്നത് അരളിപ്പൂവോ ? അരളി വില്ലനാകുന്നത് എങ്ങനെ ?

May 2, 2024
Google News 2 minutes Read
is arali flower poisonous Oleander poisoning
  • യാത്ര പുറപ്പെടുന്നതിന് മുൻപ് അയൽവീട്ടിലെ അരളിച്ചെടിയുടെ പൂവ് യുവതി കടിച്ചുതിന്നിരുന്നു

  • തുളസി പോലെയല്ല അരളി, ശ്രദ്ധിച്ചില്ലെങ്കിൽ വിപരീതഫലമാകും ഉണ്ടാവുക.

ഹരിപ്പാട് പള്ളിപ്പാട് സൂര്യയുടെ മരണം അരളിപ്പൂവുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. യു.കെയിൽ ജോലിക്കായി പോകുന്നതിനിടെ കൊച്ചി വിമാനത്താവളത്തിൽ വച്ച് കുഴഞ്ഞു വീണ സൂര്യ സുരേന്ദ്രൻ എന്ന 24 കാരി തിങ്കളാഴ്ച രാവിലെയാണ് മരിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള യാത്രയിലുടനീളം ഛർദിയുണ്ടായിരുന്നു സൂര്യയ്ക്ക്. യാത്രയ്ക്ക് മുൻപായി സൂര്യ അയൽപകത്തെ വീട്ടിൽ നിന്ന് അരളിപ്പൂവ് കഴിച്ചിരുന്നുവെന്നാണ് വിവരം. എന്തുകൊണ്ടാണ് യുവതിയുടെ ആരോഗ്യനില പെട്ടെന്ന് മോശമായതെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. യാത്ര പുറപ്പെടുന്നതിന് മുൻപ് അയൽവീട്ടിലെ അരളിച്ചെടിയുടെ പൂവ് യുവതി കടിച്ചുതിന്നിരുന്നു. ഇതേ തുടർന്നാകാം കാർഡിയാക് ഹെമറേജ് സംഭവിച്ചതെന്ന സംശയം സൂര്യയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ പ്രകടിപ്പിച്ചതായി കേസ് അന്വേഷിക്കുന്ന ഹരിപ്പാട് എസ്എച്ച്ഒ അഭിലാഷ് കുമാർ പറഞ്ഞു. യുവതിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. വണ്ടാനംമെഡിക്കൽ കേളജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോർട്ടം. ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളു. ( is arali flower poisonous Oleander poisoning )

വഴിയോരങ്ങൾ, വീട്ടുവളപ്പ്, ക്ഷേത്രപരിസരങ്ങൾ ഇങ്ങനെ കേരളത്തിൽ വിവിധയിടങ്ങളിൽ സുലഭമായി കാണുന്ന ഒന്നാണ് അരളിപ്പൂവ്. സുഗന്ധവും അഴകും വഴിഞ്ഞൊഴുകുന്ന അരളിപ്പൂവിന് സൂര്യയുടെ മരണത്തോടെ ഒരു വില്ലൻ പരിവേഷമുണ്ട്.

ക്ഷേത്രങ്ങളിൽ നിവേദ്യത്തിൽ തുളസിക്കും തെച്ചിക്കുമൊപ്പം അരളി ഉപയോഗിച്ചുകാണാറുണ്ട്. തെച്ചിക്കും, തുളസിക്കും, അരളിക്കും ഔഷധ ഗുണങ്ങളുണ്ട്. പക്ഷേ തുളസി പോലെയല്ല അരളി. ശ്രദ്ധിച്ചില്ലെങ്കിൽ വിപരീതഫലമാകും ഉണ്ടാവുക.

Read Also: യു.കെയിൽ ജോലിക്കായി പോകുന്നതിനിടെ യുവതി കൊച്ചി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു; വില്ലനായത് അരളിപ്പൂവോ ?

ഒരു നിത്യഹരിത സസ്യമാണ് അരളി. ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന് എല്ലാത്തരം കാലാവസ്ഥയിലും വളരാൻ തക്ക ശേഷിയുണ്ട്. മഞ്ഞ, ചുവപ്പ്, വെളുപ്പ്, കൃഷ്ണ എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങൾ ഉണ്ടാകുന്ന അരളിച്ചെടികൾ കണ്ടുവരുന്നു. അരളിച്ചെടി അലങ്കാരത്തിനും, ക്ഷേത്രങ്ങളിൽ അരളിപ്പൂക്കൾ പൂജയ്ക്കും ഉപയോഗിക്കുന്നു. കരവീര, അശ്വഘ്ന, അശ്വമാരക, ഹയമാരക പേരുകളിൽ സംസ്‌കൃതത്തിലും കനേർ എന്ന് ഹിന്ദിയിലും ഈ സസ്യം അറിയപ്പെടുന്നു.

സവിശേഷതകൾ

ഏകദേശം 3 മീറ്റർ വരെ പൊക്കത്തിൽ അരളിച്ചെടി വളരുന്നു. തൊലിക്ക് ചാര നിറമാണ്. രണ്ടുവശവും കൂർത്ത് നടുക്ക് വീതിയുള്ളതും കട്ടിയുള്ളതും കടും പച്ചനിറത്തിലും ദീർഘരൂപത്തിലുമുള്ള ഇലകൾ ഈ സസ്യത്തിന്റെ പ്രത്യേകതകളാണ്. 5 ദളങ്ങൾ വീതമുള്ള പൂക്കൾ തണ്ടിന്റെ അറ്റത്ത് കുലകളായി കാണപ്പെടുന്നു. ചെടിയ്ക്ക് വെളുത്ത നിറത്തിൽ കറ ഉണ്ടാകുന്നു. അരളിയുടെ എല്ലാഭാഗവും വിഷമുള്ളതും ദുർഗന്ധമുള്ളതുമാണ്.

ഔഷധമൂല്യം

ഡൽഹി സർവകലാശാലയിലെ രസതന്ത്രവിഭാഗം പ്രൊഫസർമാരായ എസ്. രംഗസ്വാമി, ടി.എസ്.ശേഷാദ്രി എന്നിവർ നടത്തിയ ഗവേഷണങ്ങളിൽ നിന്നും- അരളിയുടെ വേര്, ഇല എന്നിവിടങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഗ്ലൈക്കോസൈഡുകൾ ഹൃദയപേശികളിൽ പ്രവർത്തിച്ച്, അതിന്റെ സങ്കോച-വികാസങ്ങളുടെ ശേഷി വർധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വേരിലെ തൊലിക്ക് ശ്വാസകോശത്തിന്റെ സങ്കോച-വികാസശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള കഴിവ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അരളി വളരെ ലഘുവായ മാത്രയിലാണ് ഔഷധങ്ങൾ ഉപയോഗിക്കേണ്ടത്. അല്ലെങ്കിൽ വിപരീതഫലം ഉണ്ടാക്കാൻ വഴിവയ്ക്കുന്നു.

വിഷമുള്ളതാണ് എങ്കിലും ഔഷധമായും ഉപയോഗിക്കുന്ന ഈ സസ്യത്തെ ഉള്ളിലേയ്ക്ക് കഴിക്കുന്നതിനായി ആയുർവേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങൾ വിവരിക്കുന്നില്ല, എങ്കിലും വൃണങ്ങളിലും കുഷ്ഠരോഗം തുടങ്ങിയ രോഗങ്ങൾക്ക് പുറമേ പുരട്ടുന്നതിന് നല്ലതാണെന്ന് ശുശ്രുതൻ വിധിക്കുന്നു. നിയന്ത്രിതമാത്രയിൽ ഹൃദയപേശികളുടെ സങ്കോചവികാസക്ഷമത വർദ്ധിപ്പിക്കും, കൂടുതൽ അളവിൽ ഇവയുടെ പ്രവർത്തനം മന്ദഗതിയിലാകും. അർബുദ ചികിത്സയിൽ ചക്രദത്തിൽ വിവരിക്കുന്ന കരവീരാദി തൈലത്തിൽ അരളി ഉപയോഗിക്കുന്നു.

വിഷമാകുന്നത് എപ്പോൾ ?

അരളിപ്പൂവും ഇവയുടെ തണ്ടും ഇലയും വളരെ വിഷമയമാണ്. ചെറിയ അളവിലെങ്കിലും ഉള്ളിൽ പോയാൽ വിഷബാധയേൽക്കാനുള്ള സാധ്യതയുണ്ട്. കത്തിച്ച് പുക ശ്വസിച്ചാലും വിഷബാധയേൽക്കാം. അരളി കഴിച്ചാൽ ഉടൻ മരണം സംഭവിക്കില്ല. പക്ഷേ, ശരീരത്തിലെത്തുന്ന വിഷാംശത്തിന്റെ അളവ് അനുസരിച്ചിരിക്കും ആരോഗ്യസ്ഥിതി. അരളിയുടെ വിഷം ഹൃദയം, നാഡീവ്യൂഹം, ആമാശയം, എന്നിവയെ ബാധിക്കാം. മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവർക്ക് അരളിയുടെ വിഷംകൂടി അകത്ത് ചെന്നാൽ മരണം വരെ സംഭവിക്കാം.

മിക്ക ക്ഷേത്രങ്ങളിലും നിലവിൽ അരളിപ്പൂവ് നിവേദ്യത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൃപ്രയാർ ക്ഷേത്രത്തിൽ പത്ത് വർഷങ്ങൾക്ക് മുൻപേ തന്നെ അരളിപ്പൂവ് നിവേദ്യത്തിൽ ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Story Highlights : is arali flower poisonous Oleander poisoning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here