ചിന്നസ്വാമിയിൽ ഗുജറാത്തിനെ പിടിച്ചുകെട്ടി ആർസിബി; വിജയലക്ഷ്യം 148 റൺസ്

ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 148 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 19.3 ഓവറിൽ 147 റൺസിന് ഓളൗട്ടായി. 3 വിക്കറ്റ് നഷ്ടത്തിൽ 19 റൺസ് എന്ന നിലയിൽ പതറിയ ഗുജറാത്തിനെ മധ്യനിരയാണ് മാന്യമായ സ്കോറിലെത്തിച്ചത്. 37 റൺസ് നേടിയ ഷാരൂഖ് ഖാനാണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ.
ചിന്നസ്വാമിയിലെ പിച്ചിൽ അവിശ്വസനീയമായ രീതിയിലാണ് ബെംഗളൂരു ബൗളർമാർ പന്തെറിഞ്ഞത്. വൃദ്ധിമാൻ സാഹ (1), ശുഭ്മൻ ഗിൽ (2) എന്നിവരെ സിറാജ് മടക്കി അയച്ചു. സായ് സുദർശൻ (6) കാമറൂൺ ഗ്രീനു മുന്നിലും വീണു. നാലാം വിക്കറ്റിൽ ഡേവിഡ് മില്ലറും ഷാരൂഖ് ഖാനും ചേർന്നതോടെ സാവധാനം സ്കോർ ഉയർന്നു. ഷാരൂഖ് തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. 61 റൺസ് നീണ്ട നാലാം വിക്കറ്റ് കൂട്ടുകെട്ട് മില്ലറെ (20 പന്തിൽ 30) പുറത്താക്കി കരൺ ശർമ പൊളിച്ചു. ഏറെ വൈകാതെ ഷാരൂഖ് ഖാൻ (24 പന്തിൽ 37) വിരാട് കോലിയുടെ നേരിട്ടുള്ള ത്രോയിൽ പുറത്തായി. റാഷിദ് ഖാൻ (18), രാഹുൽ തെവാട്ടിയ (35) എന്നിവരെ പുറത്താക്കിയ യഷ് ദയാൽ ഗുജറാത്തിൻ്റെ ഫിനിഷിങ് പൊളിച്ചു. വിജയകുമാർ വൈശാഖ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ മാനവ് സുത്തർ (1), രണ്ടാം പന്തിൽ മോഹിത് ശർമ (0), മൂന്നാം പന്തിൽ വിജയ് ശങ്കർ (10) എന്നിവർ പുറത്തായതോടെ ഗുജറാത്ത് ഇന്നിംഗ്സ് അവസാനിച്ചു. മോഹിത് റണ്ണൗട്ടായിരുന്നു.
Story Highlights: gt all out 147 rcb ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here