തൃപ്പൂണിത്തുറയിൽ കിടപ്പിലായ പിതാവിനെ മകൻ ഉപേക്ഷിച്ച സംഭവം; അടിയന്തിര നടപടിയെടുക്കാൻ നിർദ്ദേശം

തൃപ്പൂണിത്തുറയിൽ കിടപ്പിലായ പിതാവിനെ മകൻ ഉപേക്ഷിച്ച സംഭവത്തിൽ അടിയന്തിര നടപടിയെടുക്കാൻ നിർദ്ദേശം നൽകി മന്ത്രി ആർ ബിന്ദു.
സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം എന്ന് മന്ത്രി ആവശ്യപ്പെട്ടു. 24 വാർത്തയിലാണ് നടപടി. [24 ഇംപാക്ട്]
സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോടും എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസറോടുമാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. മകനെതിരെ നടപടി സ്വീകരിക്കാൻ മെയിന്റനൻസ് ട്രൈബ്യുണൽ പ്രിസൈഡിംഗ് ഓഫീസറായ ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. സംഭവം മനസ്സിനെ ഞെട്ടിക്കുന്നതെന്നും വയോധികന്റെ സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ മകൻ അജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദേശം നൽകി. ഷൺമുഖന് ചികിത്സയും പരിചരണവും ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ട്വന്റിഫോർ വാർത്തക്ക് പിന്നാലെയാണ് നടപടി.
75 വയസ്സുള്ള ഷണ്മുഖനെ നഗരസഭാ അധികൃതർ ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി. മറ്റു മക്കളും ഏറ്റെടുക്കാൻ താത്പര്യം ഇല്ലെന്ന് അറിയച്ചതിനാൽ ഷണ്മുഖനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വീട്ടുസാധനങ്ങൾ എടുക്കാൻ മറക്കാതിരുന്ന മകൻ ചലനശേഷി പോലും ഇല്ലാത്ത തന്നെ മറന്നെന്ന് ഒരു പിതാവ് വേദനയോടെ പറയുന്നു.
24 മണിക്കൂറാണ് ഷണ്മുഖൻ ഭക്ഷണമോ തുള്ളി വെള്ളമോ കിട്ടാതെ വാടകവീട്ടിൽ ഒറ്റപ്പെട്ടത്. ഒടുവിൽ വീട്ടുടമയുടെ തുണകൊണ്ട് ജീവൻ ബാക്കിയായി. മൂന്ന് മക്കളെ വളർത്തി വലുതാക്കിയ പിതാവിനാണ് ഈ ദുരവസ്ഥ. നഗരസഭയിൽ നിന്ന് പാലിയേറ്റീവ് പ്രവർത്തകർ വീട്ടിലെത്തിയാണ് ദിവസങ്ങളായി മാറ്റാതിരുന്ന ഡയപ്പറും മൂത്രസഞ്ചിയും മാറ്റിയത്.
Story Highlights: tripunithura ailing father case son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here