ജൂണിൽ കാലാവധി അവസാനിക്കുന്ന രാഹുൽ ദ്രാവിഡ് കോച്ചായി തുടരുമോ?
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കുവാനുള്ള അവകാശം ബി.സി.സി.ഐ. സെക്രട്ടറിക്കാണ്.കാരണം അദ്ദേഹമാണ് സെലക്ഷൻ കമ്മിറ്റി കൺവീനർ. ജൂണിൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ട്വൻ്റി 20 ലോക കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കുന്നതിന് ഏതാണ്ട് മുന്നു മാസം മുമ്പ് ടീം നായകനെ പ്രഖ്യാപിച്ചു.അതും സെക്രട്ടറി നേരിട്ട്. സാങ്കേതികമായി തെറ്റൊന്നുമില്ല. പക്ഷേ, രോഹിത് ശർമയെ ഫെബ്രുവരിയിൽ തന്നെ നായകനായി പ്രഖ്യാപിച്ച, ബി.സി സി.ഐ.സെക്രട്ടറി ജയ് ഷായുടെ നടപടി പരമ്പരാഗത ശൈലിയിൽ നിന്നുള്ള വ്യതിചലനമായിട്ട് വിലയിരുത്തപ്പെട്ടാൽ കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം സെലക്ഷൻ കമ്മിറ്റി ചേർന്ന് അങ്ങനെ മുൻകൂട്ടി നിശ്ചയിച്ചതാണോയെന്നു വ്യക്തമല്ലായിരുന്നു. എങ്കിലും ആരും അമ്പരന്നു കാണില്ല.
എന്നാൽ, ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ഹെഡ് കോച്ചിനെ നിയമിക്കാനുള്ള നടപടിക്രമങ്ങൾ അടുത്തയാഴ്ച തുടങ്ങുമെന്ന ജയ് ഷായുടെ പ്രഖ്യാപനം അമ്പരപ്പോടെയാണ് ക്രിക്കറ്റ് പ്രേമികൾ കേട്ടത്.ഇവിടെയും അദ്ദേഹത്തിൻ്റെ അധികാരത്തെ ആർക്കും ചോദ്യം ചെയ്യാനാവില്ല. പക്ഷേ, മാന്യനും സൗമ്യനുമായ രാഹുൽ ദ്രാവിഡിനെ അപമാനിച്ച് ഇറക്കിവിടുകയാണോ എന്ന ചോദ്യം ഉയർന്നു. ട്വൻ്റി 20 ലോക കപ്പ് തുടങ്ങുംമുമ്പേ ഇപ്പോഴത്തെ കോച്ച് ദ്രാവിഡിനെ മാറ്റുന്ന കാര്യം പ്രഖ്യാപിക്കണമായിരുന്നോ? ദ്രാവിഡിൻ്റ ശിക്ഷണത്തിൽ ഇന്ത്യ ട്വൻ്റി 20 ലോക കപ്പ് നേടിയാലോ?
ദ്രാവിഡ് 2021 നവംബറിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായത്.കഴിഞ്ഞ നവംബറിൽ, ഇന്ത്യ ഏക ദിന ലോക കപ്പിൻ്റെ ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തിൻ്റെ രണ്ടു വർഷ കരാർ അവസാനിച്ചതാണ്. അന്ന് ചുമതല ഒഴിയാൻ രാഹുൽ ആഗ്രഹം പ്രകടിപ്പിച്ചതായി കേട്ടിരുന്നു. എന്നാൽ 2024 ജൂണിലെ ട്വൻറി 20 ലോക കപ്പ് വരെ കരാർ നീട്ടിക്കൊടുത്തു.
ഇപ്പോൾ മൂന്നു വർഷത്തേക്ക് പുതിയ കോച്ചിനെ നിയമിക്കാനാണു നീക്കം. അതു ചിലപ്പോൾ വിദേശ കോച്ച് ആകാമെന്നും ജയ് ഷാ സൂചിപ്പിച്ചു.ഗ്രഗ് ചാപ്പലിനെയും ജോൺ റൈറ്റിനെയുമൊക്കെ നാം പരീക്ഷിച്ചതാണല്ലോ? ക്രിക്കറ്റ് ഉപദേശക സമിതിയുടെ (സി.എ.സി) തീരുമാനം നടപ്പാക്കുക മാത്രമാണ് തൻ്റെ ചുമതലയെന്ന് ഷാ പറയുന്നു.
ജൂണിൽ കാലാവധി അവസാനിക്കുന്ന ദ്രാവിഡിന് താല്പര്യമുണ്ടെങ്കിൽ വീണ്ടും അപേക്ഷിക്കാമെന്നാണ് ജയ് ഷാ പറയുന്നത്.
പക്ഷേ, ചോദ്യം അതല്ല. വലിയൊരു ലക്ഷ്യം സാക്ഷാൽക്കരിക്കാൻ, അഥവാ 2007 ൽ ആദ്യ പതിപ്പിൽ ജയിച്ച ലോക കപ്പ് വീണ്ടെടുക്കാൻ ഇന്ത്യ ഒരുങ്ങുമ്പോൾ, ഫലമെന്തായാലും കോച്ച് മാറണം എന്ന് മുൻകൂട്ടി പറഞ്ഞത് കടന്ന കൈ അല്ലേ? കോച്ചിൻ്റെ ആത്മവിശ്വാസം തകർക്കുന്ന നടപടിയല്ലേ അത് ?
21 വർഷം പിന്നിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം. 22 വർഷത്തെ കാത്തിരിപ്പിനു ശേഷം ,2003 ൽ ഓസ്ട്രേലിയയിൽ ഇന്ത്യ ടെസ്റ്റ് ജയിച്ചപ്പോൾ, 800 മിനിറ്റ് ബാറ്റ് ചെയ്ത് 466 പന്തുകൾ നേരിട്ട് 233 റൺസ് സ്കോർ ചെയ്തൊരു ഇന്ത്യൻ ബാറ്ററെ ഓർക്കുന്നുണ്ടോ? അദ്ദേഹത്തിൻ്റെ പേരാണ് രാഹുൽ ദ്രാവിഡ്. ക്ഷമയുടെയും ഏകാഗ്രതയുടെയും സർവോപരി സമർപ്പണത്തിൻ്റെയും പര്യായം. ബി.സി.സി.ഐയുടെ അനവസരത്തിലെ പ്രഖ്യാപനം ഈ മുൻ ഇന്ത്യൻ നായകൻ്റെ മുന്നിൽ ഇപ്പോഴുള്ള ലക്ഷ്യം തെറ്റാൻ ഇടയാക്കാതിരിക്കട്ടെ.
Story Highlights: rahul dravid coachsanil p thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here