Advertisement

സമരം ചെയ്യുന്നവരും ഭരണം നടത്തുന്നവരും ഒത്തുതീർപ്പുണ്ടാക്കിയാൽ എന്തുസംഭവിക്കും? കേരളത്തിൽ ആളിപ്പടർന്ന സോളാർ സമരം

May 17, 2024
Google News 2 minutes Read

സമരം ചെയ്യുന്നവരും ഭരണം നടത്തുന്നവരും ഒത്തുതീർപ്പുണ്ടാക്കിയാൽ എന്തുസംഭവിക്കും? തലസ്ഥാന നഗരത്തെ മാത്രമല്ല കേരളത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയതാണ് സോളാർ സമരം. അത് ഒത്തു തീർന്നത് മുദ്രാവാക്യം വിളിച്ച് സമരത്തിനു വന്നവർ അറിയാതെ നടത്തിയ അണ്ടർഗ്രൌണ്ട് നീക്കത്തിലൂടെയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സമരത്തിനു വന്നവർ മാത്രമല്ല, ഡോ ടി എം തോമസ് ഐസക്കിനെപ്പോലുള്ള നേതാക്കളും ഒത്തുതീർപ്പ് അറിഞ്ഞില്ലെന്നാണ് വെളിപ്പെടുത്തൽ.

2013 ജൂൺ മൂന്നിന് സരിത നായർ എന്നൊരു സ്ത്രീയുടെ അറസ്റ്റിൽ തുടങ്ങിയ പൊല്ലാപ്പ്. അതിങ്ങനെ വർഷം 11 കഴിഞ്ഞിട്ടും കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്നത് എന്ത് കൊണ്ടായിരിക്കും. പലതുണ്ട് കാരണങ്ങൾ, കഷ്ടിച്ച് ഒരംഗത്തിന്റെ മാത്രം അധിക ബലത്തിൽ നിൽക്കുന്ന ഒരു സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഇതിനേക്കാൾ നല്ല അവസരമില്ലെന്ന് അന്നത്തെ പ്രതിപക്ഷത്തിന് തോന്നിയിരുന്നു. ടീം സോളാറും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ബന്ധം അങ്ങനെ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ആരോപണങ്ങളിൽ ഒന്നിന് വഴിമരുന്നിട്ടു. പിന്നീട് നിയമസഭയ്ക്കകത്തും തെരുവിലും സോളാർ ആളിപ്പടർന്നു.

2013 ഓഗസ്റ്റ് മാസം 12ന് ആ സമര ദിനമെത്തി. മുഖ്യമന്ത്രി രാജിവയ്ക്കും വരെ അനിശ്ചിതകാലമായി സെക്രട്ടറിയേറ്റ് ഉപരോധിക്കാൻ ഇടതുമുന്നണി തീരുമാനിച്ചു. കാസർഗോഡ് മുതൽ പാറശാല നിന്ന് വരെ പാർട്ടി കേഡറുകൾ തലസ്ഥാനത്തേക്ക് ഒഴുകിയെത്തി. കേരള രാഷ്ട്രീയത്തിലെ ഏറ്റവും അധികം ആളുകൾ പങ്കെടുത്ത സമരം എന്ന് ഒരുപക്ഷേ വിശേഷിപ്പിക്കാവുന്ന ഒന്ന്. ഇടതുമുന്നണി അതിൻ്റെ സംഘടനാ ശക്തി മുഴുവൻ സമരത്തിനായി മാറ്റിവെച്ചപ്പോൾ തലസ്ഥാനം നിറഞ്ഞു. സെക്രട്ടറിയേറ്റിന് മുൻപിലെ മൂന്ന് ഗേറ്റുകളും അണികൾ വളഞ്ഞു. പൊലീസ് ബന്തവസ് മൂലം കൻ്റോൺമെൻ്റ് ഗേറ്റിലേക്ക് മാത്രം പ്രവർത്തകർക്ക് എത്താനായില്ല. സമരത്തിനെ നേരിടാൻ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യം പോലും സർക്കാർ ഒരു വേള ആലോചിച്ചു.

കേന്ദ്രത്തിൽ നിന്ന് വിവിധ സേനകളും, സംസ്ഥാന പോലീസും സെക്രട്ടറിയേറ്റിലും പരിസരത്തും കേന്ദ്രീകരിച്ചു. സമരക്കാർ തമ്പടിക്കാൻ സാധ്യതയുള്ള യൂണിവേഴ്സിറ്റി കോളേജ്, സംസ്കൃത കോളേജ് എന്നിവ കേന്ദ്രസേനയുടെ ക്യാമ്പുകൾ ആക്കി ഉത്തരവിറക്കി. സ്കൂളുകൾക്കും കോളേജുകൾക്കും രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. മദ്യനിരോധനം വരെ ഏർപ്പെടുത്തി. സമരക്കാർ ഉണർന്നു വരും മുൻപേ രാവിലെ 7 മണിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടറിയേറ്റിൽ പ്രവേശിച്ചു. 9 മണിയോടെ മന്ത്രിസഭായോഗം ചേർന്നു. കൻ്റോൺമെൻ്റ് ഗേറ്റിലൂടെ തന്നെ പുറത്തേക്കും ഇറങ്ങി. ഇത് സമരക്കാർക്കും ക്ഷീണമായി.

ഉപരോധ സമരം ഒത്തുതീർപ്പിനില്ലെന്ന് പറഞ്ഞ് രാവിലെ 9 മണിക്ക് അണികളെ ആവേശത്തിലാക്കി. രാജിയല്ലാതെ മറ്റൊരു പരിഹാരവും ഇല്ലെന്നും അണികളെ തീ പിടിപ്പിച്ചു. പത്തുമണി കഴിഞ്ഞപ്പോൾ ക്ലിഫ്ഹൗസിൽ യുഡിഎഫ് യോഗം ചേർന്നു. സെക്രട്ടറിയേറ്റിന് രണ്ടുദിവസം അവധി നൽകാനുള്ള തീരുമാനം അറിയിച്ചു. സമരം പിൻവലിച്ചാൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ തയ്യാറാണെന്ന് യുഡിഎഫ് അറിയിച്ചു. ഇതിനിടെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. പിന്നാലെ സമരം അവസാനിപ്പിച്ചതായി ഇടത് മുന്നണി നേതാക്കളുടെ അറിയിപ്പ്.

അങ്ങനെ ഒന്നര ദിവസം കൊണ്ട് സമരം തീർന്നു. മുഖ്യമന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ല എന്ന ആവശ്യം വഴിയിൽ ഉപേക്ഷിച്ചു. അണികൾക്ക് മുറുമുറുപ്പ് ഉണ്ടായിരുന്നു, ചില നേതാക്കൾക്കും.എന്തായിരുന്നു സമരം അവസാനിപ്പിക്കാൻ ഉണ്ടായ ഒത്തുതീർപ്പ് ധാരണ? സിപിഐഎം ആണ് സമരം അവസാനിപ്പിക്കാൻ മുൻകൈയെടുത്തതെന്ന വെളിപ്പെടുത്തലാണ് മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയത്.

സത്യത്തിൽ ഇടതുമുന്നണിയെ കുഴപ്പത്തിലാക്കിയത് പ്രതീക്ഷിച്ചതിൽ അധികമായി വന്ന പ്രവർത്തകരാണ്. അത്രയധികം സമരക്കാർക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാൻ നന്നേ പാടുപെട്ടു. ജോൺ ബ്രിട്ടാസ് ജോൺ മുണ്ടക്കയത്തിനെ വിളിച്ച് സമരം അവസാനിപ്പിക്കണ്ടേ എന്ന് ചോദിച്ചു എന്നാണ് വെളിപ്പെടുത്തൽ. പിന്നീട് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നു എന്ന് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചാൽ സമരം പിൻവലിക്കാൻ തയ്യാറാണെന്നും അറിയിച്ചു. നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടന്നെന്നും ജോൺ മുണ്ടക്കയം വെളിപ്പെടുത്തുന്നു.

ജോൺ മുണ്ടക്കയത്തിന്റെ ഭാവനയാണ് എന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ പ്രതികരണം. പക്ഷേ ചർച്ച നടന്നു. അതിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇങ്ങോട്ടാണ് വിളിച്ചതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. എല്ലാത്തിനും ഇടനിലയായി ഉണ്ടായിരുന്നത് ചെറിയാൻ ഫിലിപ്പെന്ന വെളിപ്പെടുത്തലും ഇന്ന് പ്രതികരണം വന്നു. സമരം അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദൻറെ വാശി എന്നായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ മറുപടി.

ഇപ്പോൾ തർക്കം ഒരു കാര്യത്തിലേ ഉള്ളു. ഇത് അങ്ങോടു വിളിച്ച കോളാണോ, അതോ ഇങ്ങോട്ടു വിളിച്ച കോളാണോ എന്ന കാര്യത്തിൽ മാത്രം. ഏതായാലും സമരം നടത്തിയവരും ഭരണം നടത്തിയവരും കോളടിച്ച ഒത്തുതീർപ്പാണ് നടന്നത്. അക്കാര്യത്തിൽ മാത്രം തർക്കമില്ല. രണ്ടു മുന്നണികളും തമ്മിൽ ഒത്തുതീർപ്പ് ധാരണ ഉണ്ടായിട്ടുണ്ട്. അതിനാര് മുൻകൈയെടുത്തു എന്നുള്ളതിൽ മാത്രമാണ് തർക്കം. അണികളെ ബോധ്യപ്പെടുത്താൻ എന്തു ന്യായമാണ് നേതാക്കൾ പറയുക.

Story Highlights : CPIM brokered a deal with UDF to withdraw its Secretariat siege against in Solar scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here