Advertisement

അതെ, ബെന്‍ ജോണ്‍സണ്‍ തന്നെ, നമ്മെ ആവേശത്തിലാഴ്ത്തിയ സോൾ ഒളിംപിക്സിലെ ചരിത്രതാരം

May 18, 2024
Google News 3 minutes Read
big ben coaches malayalee sprinter

ബെൻ ജോൺസന് ഇന്നും ലോകമെങ്ങും ആരാധകരുണ്ട്. സോൾ ഒളിംപിക്സിൽ ബിഗ് ബെന്നിനെ ഉത്തേജകത്തിൽ കുടുക്കിയതാണോ എന്ന ചോദ്യവും അവശേഷിക്കുന്നു. സത്യമെന്തായാലും ബെൻ ട്രാക്ക് ആൻഡ് ഫീൽഡിൽ ഒരു ഇതിഹാസമാണ്. വേഗ രാജാവായിത്തന്നെ അദ്ദേഹം അറിയപ്പെടും. 1988ലെ സോൾ ഒളിംപിക്സിൽ  ഉത്തേജകത്തിൽ കുടുങ്ങി  100 മീറ്ററിൽ ലഭിച്ച സ്വർണം മടക്കി നൽകി, തല താഴ്ത്തി  മങ്ങിയ ബെൻ ജോൺസൻ ഇന്നും സ്പോർട്സ് പ്രേമികളുടെ മനസ്സിൽ നീറുന്ന ഓർമയാണ്. സോൾ ഒളിംപിക്സിൽ 100 മീറ്റർ ഫൈനൽ ഓടിയ എട്ടു പേരിൽ റോബ്സൻ ഡാസിൽവയും കാൾവിൻ സ്മിത്തും ഒഴികെ ആറു പേരും ( കാൾ ലൂയിസ് ഉൾപ്പെടെ)  ഉത്തേജകം ഉപയോഗിക്കുന്നവരായിരുന്നെന്നാണ് റിച്ചാർഡ് മൂറിൻ്റെ “The Dirtiest Race In History” എന്ന വിഖ്യാത ഗ്രന്ഥത്തിൽ ആധികാരികമായി വിവരിക്കുന്നത്. ( big ben coaches malayalee sprinter )

മൂന്നു വ്യാഴവട്ടം കഴിഞ്ഞിരിക്കുന്നു.  ബെൻ ജോൺസൺ ഇന്ന് പരിശീലകനാണ്. ഒരു മലയാളി അത്ലറ്റിലൂടെ  അദ്ദേഹം ഇന്ത്യയിലെ അത്ലറ്റിക്സ് പ്രേമികളിലേക്ക് എത്തുകയാണ്. മാസ്റ്റേഴ്സ് അത്ലറ്റികസിൽ കാനഡയുടെ താരമായ   നൈന ജോസ് (മുൻപ് നൈന ലൂയിസ് ) ആണ് ബെന്നിൻ്റെ ശിഷ്യ .1980കളിൽ കേരളത്തിലെ മികച്ച സ്പ്രിൻ്റർമാരിൽ ഒരാളായിരുന്ന നൈന  ഒൻപതാം ലോക മാസ്റ്റേഴ്സ് ഇൻഡോർ മീറ്റിൽ കാനഡയുടെ ടീമിൽ ഉണ്ടായിരുന്നു.

big ben coaches  malayalee sprinter

ആറു മാസമായി നൈന ബെന്നിനു കീഴിൽ പരിശീലനം നേടുന്നു.ലക്ഷ്യം 2025 മാർച്ചിൽ ഫ്ളോറിഡയിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് മീറ്റിൽ 100 മീറ്ററിൽ മെഡൽ. നൈനയ്ക്ക് കഴിഞ്ഞ വർഷം ഒൻ്റാറിയോ മാസ്റ്റേഴ്സ് മീറ്റിൽ മെഡൽ കിട്ടിയിരുന്നു.

big ben coaches  malayalee sprinter

ടൊറൻ്റോ ട്രാക്ക് ആൻഡ് ഫീൽഡ് സെൻ്ററിൽ ഓടാൻ പോകുമായിരുന്ന നൈന അവിടെവച്ചാണ് ബെൻ ജോൺസനെ പരിചയപ്പെട്ടത്.നൈനയുടെ ലക്ഷ്യം അറിഞ്ഞ ബെൻ സന്തോഷത്തോടെ പരിശീലനം ഏൽക്കുകയായിരുന്നു. കാനഡയുടെ ഭാവി വാഗ്ദാനങ്ങളായ യുവതാരങ്ങളും ബെന്നിൻ്റെ കീഴിൽ പരിശീലനം നടത്തുന്നുണ്ട്. അറുപത്തിരണ്ടുകാരനായ ബെന്നിനുമുണ്ടൊരു ലക്ഷ്യം. സോളിൽ തന്നെ ചിലർ ഉത്തേജകത്തിൽ കുടുക്കുകയായിരുന്നുവെന്ന് ലോകത്തെ ബോധ്യപ്പെടുത്തുക.നൈനയുടെ ലക്ഷ്യം സാധ്യമാകാൻ സഹായമേറ്റ ബെൻ തൻ്റെ ലക്ഷ്യം ശിഷ്യയോട് തുറന്നു പറഞ്ഞു.

കോട്ടയം ഇലഞ്ഞി സ്വദേശിയായ നൈന അഞ്ച് ദേശീയ മീറ്റുകളിൽ കേരളത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലാ ടീമിലും അംഗമായിരുന്നു. 1988-89 വരെ നൈന ട്രാക്കിൽ സജീവമായിരുന്നു. കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ ആയിരുന്നു തുടക്കം. പിന്നെ ചങ്ങനാശേരി അസംപ്ഷനിൽ പഠിച്ചു.തൃശൂർ വിമലയിൽ നിന്നു ബിരുദവും എറണാകുളം മഹാരാജാസിൽ നിന്നു ബിരുദാനന്തര ബിരുദവും നേടി.യൂണിവേഴ്സിറ്റി മീറ്റിൽ പങ്കെടുക്കാൻ കഴിയാത പോയതിൻ്റെ പേരിൽ സ്പോർട്സ് ക്വോട്ടയിൽ എം.ബി.ബി.എസ് അഡ്മിഷൻ നഷ്ടമായ നൈന പിന്നീട് ലഭിച്ച കോളജ് അധ്യാപിക ജോലിയും ഉപേക്ഷിച്ചാണ് കാനഡയിൽ എത്തിയത്.കുടുംബമായി വുഡ് ബ്രിജിൽ താമസിക്കുന്നു.

big ben coaches  malayalee sprinter

പഴയ തലമുറ നൈനയെ ഓർക്കുന്നുണ്ടാകും.1985 ൽ തിരുവനന്തപുരത്ത് ദേശീയ മീറ്റിൽ വനിതകളുടെ 4x 100 മീറ്റർ റിലേ  ഹീറ്റ്സിൽ ബാറ്റൻ തെറിച്ച് ട്രാക്കിനു വെളിയിൽ വീണത് എടുത്ത് ഓടി കേരളത്തെ ഒന്നാമതെത്തിച്ച താരം. 

നല്ല എഴുത്തുകാരി കൂടിയായ നൈന ഏതാനും പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ജോലിക്കും കായിക പരിശീലനത്തിനുമൊപ്പം  എഴുത്തും തുടരുന്നു.

ഇന്ത്യയിൽ, ഒരിക്കൽ ഒറീസയിൽ വന്നിട്ടുള്ള ബെൻ ജോൺസനെ നൈന കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബെൻ ക്ഷണം സ്വീകരിച്ചിരിക്കുകയാണ്.പി ടി.ഉഷയെ അറിയില്ലെന്നു പറഞ്ഞ ബെന്നിന് കേരള സന്ദർശന വേളയിൽ ഉഷയെ കണ്ടുമുട്ടാൻ കഴിയട്ടെ.

Story Highlights : big ben coaches malayalee sprinter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here