ജെ.എസ് സിദ്ധാർത്ഥന്റെ മരണം; നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി സർക്കാർ

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥന്റെ മരണത്തിൽ നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സർക്കാർ സ്ഥാനക്കയറ്റം നൽകി. ആഭ്യന്തര വകുപ്പിലെ സെക്ഷൻ ഓഫീസർ വി.കെ ബിന്ദുവിനാണ് അണ്ടർ സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകിയത്. തുറമുഖ വകുപ്പിൽ ആണ് പുതിയ നിയമനം. സിദ്ധാർത്ഥന്റെ മരണത്തിൽ റിപ്പോർട്ട് കൈമാറാത്തതിൽ വീഴ്ച വരുത്തിയതിന് ബിന്ദു അടക്കമുള്ളവരെ സസ്പെൻഡ് ചെയ്തിരുന്നു.
സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സുപ്രധാന രേഖകൾ കേന്ദ്രത്തിലേക്ക് അയക്കാൻ കാലതാമസം വരുത്തിയതിനായിരുന്നു മൂന്ന് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്. സസ്പെൻഷൻ നടപടിയിലൂടെ വിവാദങ്ങളിൽ നിന്ന് സർക്കാർ മുഖം രക്ഷിക്കാൻ ശ്രമം നടത്തുകയാണെന്ന് സിദ്ധാർത്ഥന്റെ കുടുംബം അടക്കം ആരോപിച്ചിരുന്നു. കാലതാമസത്തെക്കുറിച്ച് ആഭ്യന്തര സെക്രട്ടറി ഉദ്യോഗസ്ഥരോട് പ്രതികരണം തേടിയിരുന്നു. മറുപടിയിൽ തൃപ്തരാകാത്ത സാഹചര്യത്തിലാണ് ഒരു ഡെപ്യൂട്ടി സെക്രട്ടറിയെയും സെക്ഷൻ ഓഫീസറെയും സഹായിയെയും സസ്‌പെൻഡ് ചെയ്തത്. കേസിൻ്റെ വിജ്ഞാപനവും ചില രേഖകളും മാർച്ച് ഒമ്പതിനാണ് സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസിക്ക് കൈമാറിയത്.
Read Also: സിദ്ധാർത്ഥന്റെ മരണം; സസ്‌പെൻഡ് ചെയ്ത മൂന്ന് ഉദ്യോസ്ഥരെ തിരിച്ചെടുത്തു
നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ കാലതാമസം വരുത്തുന്നത് സിബിഐ അന്വേഷണം നിർത്തിവയ്ക്കാനും പ്രതികളെ രക്ഷിക്കാനുമുള്ള തന്ത്രമാണെന്നായിരുന്നു സിദ്ധാർത്ഥന്റെ പിതാവ് ടി ജയപ്രകാശിന്റെ ആരോപണം.
Story Highlights : Govt promoted officer who faced suspension in JS Siddharthan death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here