മൂന്നാമതും മോദി അധികാരത്തിലെത്തിയാല്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകും; യോഗി ആദിത്യനാഥ്

പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം ഊഴത്തിലും അധികാരത്തിലെത്തിയാല്‍ ആറ് മാസത്തിനുള്ളില്‍ പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘അധിനിവേശ കശ്മീര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെതാണ്. എല്ലാദിവസവും അവിടെ പ്രക്ഷോഭം നടക്കുകയാണ്. ഇന്ത്യന്‍ പതാക കയ്യിലേന്തി ജനങ്ങള്‍ പാകിസ്താനെതിരെ പ്രതിഷേധിക്കുന്നു. എന്‍ഡിഎക്ക് 400 സീറ്റ് കിട്ടിയാല്‍ പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകും. ഇതിനായുള്ള നടപടികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞെന്നും യോഗി വ്യക്തമാക്കി.(Modi comes to power for third time POK will become part of India says Yogi Adityanath)
‘പാക് അധീന കശ്മീരിനെ സംരക്ഷിക്കാന്‍ പാകിസ്താന്‍ പാടുപെടുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു പുതിയ ഇന്ത്യയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതിര്‍ത്തികള്‍ സുരക്ഷിതമായി. ഭീകരവാദവും നക്‌സലിസവും തടയപ്പെട്ടു. മുംബൈ സ്‌ഫോടനം നടക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ പറഞ്ഞത് തീവ്രവാദികള്‍ അതിര്‍ത്തിക്കപ്പുറമുള്ളവരാണെന്നാണ്. അന്ന് നിങ്ങള്‍ മിസൈല്‍ കൊണ്ടെന്താണ് ചെയ്തത്? പാക് അധിനിവേശ കശ്മീരിനെ രക്ഷിക്കാന്‍ ഒന്നും ചെയ്തിട്ടില്ല’. മോദി ആറ് മാസം കൊണ്ട് കശ്മീര്‍ തിരികെ പിടിക്കുമെന്നും യോഗി പറഞ്ഞു.
കോണ്‍ഗ്രസിന്റെയും ഇന്നത്തെ ഇന്ത്യാസഖ്യത്തിലെ മറ്റ് പാര്‍ട്ടികളുടെയും ഭരണകാലത്ത് പാവപ്പെട്ടവര്‍ പട്ടിണികിടന്ന് മരിക്കുന്ന സാഹചര്യം വരെയുണ്ടായെന്നും മറുവശത്ത് പ്രധാനമന്ത്രി മോദി 80 കോടി ആളുകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുകയാണെന്നും പറഞ്ഞു. പാകിസ്താനിലെ മുഴുവന്‍ ആളുകളെക്കാളും കൂടുതല്‍ പേരെ മോദി ഇന്ത്യയില്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി. ആ ജനത ഇന്ത്യയിലായിരുന്നെങ്കില്‍ പട്ടിണി കിടന്ന് മരിക്കേണ്ടിവരില്ലായിരുന്നു. ഇന്ത്യയെ മികച്ച ഇന്ത്യയാക്കണമെങ്കില്‍ എല്ലാവരുടെയും വികാരങ്ങളെ മാനിക്കണമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
Story Highlights : Modi comes to power for third time POK will become part of India says Yogi Adityanath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here