‘കുഞ്ഞിന്റെ നാവിന് ഒരു പ്രശ്‌നവുമില്ലായിരുന്നു’; സൂപ്രണ്ടിന്റെ റിപ്പോർട്ട് തള്ളി പെൺകുട്ടിയുടെ മാതാവ്

കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് തള്ളി പെൺകുട്ടിയുടെ മാതാവ്. കുഞ്ഞിന്റെ നാവിന് ഒരു പ്രശ്‌നവുമില്ലായിരുന്നുവെന്നും ആറാം വിരൽ നീക്കുന്നതിന് പകരം കുഞ്ഞിന്റെ നാവിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടർക്കെതിരെ കൂടുതൽ നടപടി വേണമെന്നും മാതാവ് ട്വന്റിഫോറിനോട് പറഞ്ഞു. ഒരു കുട്ടിയ്ക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും മാതാവ് പറഞ്ഞു. ( mother dismisses kozhikode medical college superintendent report )
ആശുപത്രി സൂപ്രണ്ട് പ്രിൻസിപ്പലിനാണ് റിപ്പോർട്ട് കൈമാറിയത്. കുട്ടിയുടെ നാവിന് പ്രശ്‌നങ്ങൾ കണ്ടു. എങ്കിൽ തന്നെയും അത് ശസ്ത്രക്രിയയ്ക്ക് മുന്നേ വാക്കാൽ എങ്കിലും ബന്ധുക്കളെ അറിയിക്കണമായിരുന്നുവെന്നും അത് ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായില്ല, അത് ഗുരുതര വീഴ്ചയാണെന്നാണ് സൂപ്രണ്ട് നൽകിയ റിപ്പോർട്ട്. അനുഭവ പരിചയമുള്ള ഡോക്ടർ എന്ന പരാമർശം റിപ്പോർട്ടിലുണ്ട്. അദ്ദേഹം ഇത്രനാൾ നടത്തിയ സേവന മികവും ശസ്ത്രക്രിയകളും കണക്കിലെടുത്ത് വലിയ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കുഞ്ഞിന്റെ നാവിന് പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്നും, നന്നായി സംസാരിക്കുന്ന കുഞ്ഞായിരുന്നുവെന്നും മാതാവ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് നാല് വയസുകാരിയുടെ ആറാം വിരൽ നീക്കം ചെയ്യാൻ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തിറക്കിയപ്പോഴാണ് കുഞ്ഞിന്റെ വായിൽ പഞ്ഞിയുള്ള വിവരം വീട്ടുകാർ അറിയുന്നത്. പിന്നീട് കൈയിൽ ആറാം വിരൽ ഉള്ളതായും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തിയത്. ശസ്ത്രക്രിയ ചെയ്ത ഡോ ബിജോൺ ജോൺസനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡോക്ടർ നിലവിൽ സസ്‌പെൻഷനിലാണ്.
Story Highlights : mother dismisses kozhikode medical college superintendent report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here