ട്വിറ്റർ ഔട്ട് കംപ്ലീറ്റിലി; ഡൊമൈൻ മാറ്റി മസ്ക്; എക്‌സിന്റെ യുആർഎൽ ഇനി എക്‌സ്.കോം

ട്വിറ്ററിൻ്റെ പേര് എക്സ് എന്ന് പുനർനാമകരണം ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ച് മാസങ്ങൾക്ക് ശേഷം ഇതാ പുതിയ മാറ്റവുമായി വന്നിരിക്കുകയാണ് ഇലോൺ മസ്‌ക്. കമ്പനിയുടെ എല്ലാ പ്രധാന സംവിധാനങ്ങളും ഇപ്പോൾ x.comലേക്ക് മാറ്റിയിരിക്കുകയാണ് മസ്ക്. എക്‌സിന്റെ യുആർഎൽ ഇനിമുതൽ x.com എന്നാകും. ഇതുവരെ twitter.com എന്ന യുആർഎല്ലിലാണ് പ്ലാറ്റ്‌ഫോം ലഭിച്ചിരുന്നത്.
നേരത്തെ x.com ന്ന് നൽകിയാലും അത് twitter.com ലേക്ക് റീഡയറക്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ twitter.com ഓപ്പൺ ആക്കുന്ന ഉപയോക്താക്കളെ x.comലേക്ക് റീഡയക്ട് ചെയ്യും. 2023 ജൂലായിലാണ് ട്വിറ്റർ എക്‌സ് ആയി മാറിയത്. ആപ്പിന്റെ പേര് മാറ്റം ഉൾപ്പടെ പല മാറ്റങ്ങളും മസ്‌ക് കൊണ്ടുവന്നിരുന്നെങ്കിലും ഇത് വരെ ഡൊമെയ്ൻ നാമം twitter.com എന്ന് തന്നെ ആയിരുന്നു. ഇതാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. ട്വിറ്റർ റീബ്രാൻഡ് ചെയ്താണ് ശതകോടീശ്വര വ്യവസായി ഇലോൺ മസ്‌ക് എക്‌സ്.കോം എന്ന പ്ലാറ്റ്‌ഫോം ആരംഭിച്ചത്.
ട്വിറ്റർ എക്സ് ആയതോടെ അടിമുടി മാറ്റങ്ങളാണ് മസ്ക് വരുത്തിയത്. നീല നിറത്തിലുള്ള യൂസർ ഇന്റർഫെയ്‌സും പക്ഷിയുടെ രൂപമുള്ള ചിഹ്നവും വെരിഫിക്കേഷൻ അടക്കം മസ്ക് മാറ്റി. കൂടാതെ ഉള്ളടക്കങ്ങൾക്ക് വിളിച്ചിരുന്ന ട്വീറ്റ് എന്ന പേരും മാറ്റ് പോസ്റ്റ് എന്നാക്കിയിരുന്നു. എക്‌സിനെ ഒരു എവരിതിങ് ആപ്പ് ആക്കി മാറ്റാനാണ് മസ്‌കിന്റെ പദ്ധതി. താമസിയാതെ ഷോപ്പിങ് സൗകര്യവും പണമിടപാടുകൾ നടത്താനുള്ള സൗകര്യവുമെല്ലാം അവതരിപ്പിക്കാനാണ് മസ്‌ക് ലക്ഷ്യമിടുന്നത്.
Story Highlights : Twitter is officially X.com now
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here