റെയ്‌സിക്കായി പ്രാര്‍ത്ഥനയോടെ ഇറാന്‍; ദേശീയ ടെലിവിഷനിലെ പരിപാടികള്‍ നിര്‍ത്തിവെച്ചു; ആശങ്ക പങ്കുവച്ച് ലോകരാജ്യങ്ങള്‍

ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിക്കായുള്ള പ്രാര്‍ത്ഥനയില്‍ രാജ്യം. ഇറാന്‍ സര്‍ക്കാരിനോടും ജനതയോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിന് ലോകരാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര സംഘടനകള്‍ക്കും നന്ദി അറിയിക്കുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം. അര്‍മേനിയ, അസര്‍ബൈജാന്‍, ഇറാഖ്, ഖത്തര്‍, റഷ്യ, സൗദി അറേബ്യ, തുര്‍ക്കി എന്നിവയും തിരച്ചിലിനെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.(Iran with prayers for President Ebrahim Raisi)
പ്രസിഡന്റിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി പറഞ്ഞു. ഇറാന്‍ ദേശീയ ടെലിവിഷനിലെ പരിപാടികള്‍ നിര്‍ത്തിവെച്ചു. പ്രസിഡന്റിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളാണ് നിലവില്‍ സംപ്രേഷണം ചെയ്യുന്നത്. ഖൊമേനിയുടെ പിന്‍ഗാമിയായി പരാമര്‍ശിക്കപ്പെടുന്നയാളാണ് പ്രസിഡന്റ് റെയ്‌സി.
അപകടത്തില്‍ ഇറാനൊപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. റിപ്പോര്‍ട്ടുകളില്‍ അതീവ ഉത്കണ്ഠയുണ്ട്. റെയ്‌സിയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും മോദി എക്‌സ് പോസ്റ്റില്‍ കുറിച്ചു. 47 അംഗ രക്ഷാസംഘത്തെയും ഒരു ഹെലികോപ്റ്ററും അസര്‍ബൈജാനിലേക്ക് അയച്ചതായി റഷ്യ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് എത്രയും വേഗം നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നതായി തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗാന്‍ പറഞ്ഞു. തിരച്ചിലിനായി സാധ്യമായ എല്ലാ പിന്തുണയും നല്‍കുന്നതായി യുഎഇയും കുവൈറ്റും സൗദി അറേബ്യയും അറിയിച്ചു. റിപ്പോര്‍ട്ടുകള്‍ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും റെയ്‌സിയും സംഘവും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നതായും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. ഖത്തര്‍, യൂറോപ്യന്‍ കമ്മിഷന്‍, യുഎസ്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളും ഇറാന്‍ പ്രസിഡന്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
Read Also: ഇറാന്‍ ഹെലികോപ്റ്റര്‍ അപകടം; പ്രസിഡന്റ് ഇബ്രാഹി റെയ്‌സിക്കായി തെരച്ചില്‍
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കിഴക്കന്‍ അസര്‍ബൈജാനില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. തകര്‍ന്ന ഹെലികോപ്റ്ററും ഇറാന്‍ പ്രസിഡന്റിനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മിഡിയ റിപ്പോര്‍ട്ട് ചെയ്തു. കനത്ത മൂടല്‍മഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുകയാണ്.
ഇറാന്‍-അസര്‍ബൈജാന്‍ അതിര്‍ത്തിപ്രദേശത്ത് ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മടങ്ങവെയാണ് റെയ്‌സിയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. മൂന്ന് ഹെലികോപ്റ്ററുകള്‍ പ്രസിഡന്റിനൊപ്പം സംഘത്തിലുണ്ടായിരുന്നു.
Story Highlights : Iran with prayers for President Ebrahim Raisi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here