ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സർക്കുലറിനെതിരായ വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സർക്കുലറിനെതിരായ വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എൻ.നഗരേഷിന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് ഗതാഗത കമ്മീഷണർ ഇറക്കിയ സർക്കുലർ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞ തവണ നിരാകരിച്ചിരുന്നു. സർക്കുലർ പ്രഥമ ദൃഷ്ട്യാ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതി നടപടി. കേന്ദ്ര ചട്ടങ്ങളോട് യോജിച്ചു നിൽക്കുന്നതാണ് സർക്കുലറിലെ നിർദേശങ്ങൾ. അതിനാൽ സർക്കുലറിൽ ഇടപെടാൻ കാരണങ്ങളില്ലെന്നാണ് കോടതി നിലപാടെടുത്തത്. (driving appeal high court)
ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് ഈ മാസം 16 മുതൽ ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിച്ചിരുന്നു. ഡ്രൈവിംഗ് സ്‌കൂൾ സംഘടനകളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ ഇന്നലെ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ഡ്രൈവിംഗ് പരിഷ്‌കരണ സർക്കുലറിൽ തൊഴിലാളികളുടെ ആവശ്യപ്രകാരമുള്ള പ്രായോഗിക മാറ്റങ്ങൾ വരുത്തുമെന്ന് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ടെസ്റ്റിൽ സഹകരിക്കാൻ സംയുക്ത സമരസമിതി തീരുമാനിച്ചത്.
ഈ മാസം രണ്ടിന് തുടങ്ങിയ ബഹിഷ്‌കരണ സമരമാണ് ഗതാഗത മന്ത്രിയുമായി തൊഴിലാളി സംഘടനകൾ നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ഒത്തുതീർപ്പായത്. ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യങ്ങൾ മന്ത്രി വിശദമായി കേട്ടിരുന്നു. ടെസ്റ്റ് പരിഷ്‌കരിച്ചുകൊണ്ടുള്ള സർക്കുലർ പിൻവലിക്കില്ല. എന്നാൽ ജീവനക്കാരുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് നിരവധി മാറ്റങ്ങൾ വരുത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ 24 നോട് പറഞ്ഞു.
ആദ്യം എച്ച് പിന്നീട് റോഡ് ടെസ്റ്റ് എന്ന നിലയിൽ തന്നെയാണ് ടെസ്റ്റ്. അതേസമയം എം80 വാഹനം ഉപയോഗിക്കാൻ കഴിയില്ല എന്ന തീരുമാനത്തിൽ മന്ത്രി ഉറച്ചുനിന്നു. കാറുകളിൽ ക്യാമറ സ്ഥാപിക്കുന്ന കാര്യത്തിലും വിട്ടുവീഴ്ച ഇല്ല. ചർച്ചയിലിലെ തീരുമാനങ്ങളിൽ പൂർണ സംതൃപ്തരാണെന്ന് സിഐടിയു ഒഴികെയുള്ള സംഘടനകൾ പ്രതികരിച്ചിരുന്നു. ബഹിഷ്‌കരണം കാരണം നടക്കാതെ പോയ ടെസ്റ്റുകൾ നടത്തുന്നതിൽ ഉചിതമായ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. ടെസ്റ്റുകൾ വേഗത്തിലാക്കുന്നതിന് കെഎസ്ആർടിസിയുടെ ടെസ്റ്റ് ഗ്രൗണ്ടുകളും ഉടൻ സജീവമാക്കാൻ ആണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്.
Story Highlights: driving test appeal today high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here