Advertisement

റൈസിക്ക് പകരക്കാരനാര്? അയത്തൊള്ള ഖമേനിക്ക് മുന്നിലുള്ള കടുപ്പമേറിയ ചോദ്യം; പോളിംഗിലെ ഇടിവ് വെല്ലുവിളി

May 22, 2024
3 minutes Read

ചരിത്രത്തിൽ ഇന്നേവരെയില്ലാത്ത വലിയ മാറ്റത്തിലൂടെ കടന്നുപോവുകയാണ് ഇറാൻ. പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ പൊടുന്നനെയുള്ള മരണം രാജ്യത്ത് വീണ്ടുമൊരു പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് കളമൊരുക്കിയതോടെ ജനവിധി എന്തായിരിക്കുമെന്ന ചോദ്യം കൂടിയാണ് ഉയരുന്നത്. പതിവായി കനത്ത പോളിംഗ് നടക്കുന്നത് രാഷ്ട്രീയ സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസ്യതയുടെ തെളിവായാണ് ഉയര്‍ത്തിക്കാട്ടിയിരുന്നത്. എന്നാൽ സമീപ കാലത്ത് രാജ്യത്ത് പോളിംഗ് കുറയുന്നത് രാഷ്ട്രീയ കേന്ദ്രങ്ങൾക്ക് ചെറുതല്ലാത്ത ആശങ്കയാണ്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യത്തെ പരമോന്നത നേതാവായ അയത്തൊള്ള അലി ഖമേനിക്ക് മുന്നിൽ രണ്ട് വഴികളാണ് ഉള്ളത്. എന്നാൽ രണ്ടിലും വലിയ വെല്ലുവിളികളുമുണ്ട്. രാജ്യത്തെ ഭരണഘടന പ്രകാരം പ്രസിഡന്റ് മരിച്ചാൽ അടുത്ത 50 വര്‍ഷത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണം. ഇതിൽ ആര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാനും കഴിയും. എന്നാൽ അത്തരമൊരു തെരഞ്ഞെടുപ്പ് താൻ ഇച്ഛിക്കുന്ന ഫലം തന്നെ നൽകുമോയെന്നത് അയത്തൊള്ള അലി ഖമേനിക്ക് ഉറപ്പില്ല. അതിനാൽ തന്നെ പരിഷ്‌കാര വാദികളായ എതിരാളികളെയും പ്രതിപക്ഷത്തെ മിതവാദികൾ അടക്കമുള്ളവരെയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അദ്ദേഹത്തിന് വിലക്കാനും കഴിയും. അങ്ങിനെ വന്നാൽ പോളിംഗ് കൂടുതൽ താഴെ പോകാൻ സാധ്യതയുണ്ട്. അത് അദ്ദേഹത്തിനുള്ള ജനപിന്തുണ പോലും ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്ക് മാറുകയും ചെയ്യും.

Read Also: റെയ്‌സിയുടെ മരണത്തോടെ അയത്തുള്ളയുടെ പിൻഗാമി ആരെന്ന ചോദ്യം; ഇറാനിയൻ ഇസ്ലാമിക വിപ്ലവത്തിൽ ഇനി മക്കൾ വാഴ്ച്ചയോ

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇറാനിൽ പോളിംഗ് താഴേക്കാണ്. 2016 ൽ 60 ശതമാനത്തിലേറെ പോളിംഗ് നടന്നിരുന്നു. എന്നാൽ 2020 ആയപ്പോഴേക്ക് ഇത് 42 ശതമാനത്തിലേക്ക് താഴ്ന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിൽ മികച്ച പോളിംഗ് നടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആകെ പോൾ ചെയ്തത് 41 ശതമാനം വോട്ട് മാത്രമായിരുന്നു. റൈസിയുടെ മരണത്തിന് ഒരാഴ്ച മുൻപ് രാജ്യത്ത് നടന്ന അവസാന വട്ട പാര്‍ലമെന്ററി തെരഞ്ഞെടുപ്പിൽ 8 ശതമാനം വോട്ട് മാത്രമാണ് പോൾ ചെയ്തത്. പാശ്ചാത്യ രാജ്യങ്ങളിലെ പോളിംഗ് 30 മുതൽ 40 ശതമാനം വരെ മാത്രമാണെന്ന് ഒരിക്കൽ ലോകനേതാക്കളെ പരിഹസിച്ച ഖമേനിയെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാണ്.

ഇറാനിൽ തെരഞ്ഞെടുക്കപ്പെട്ട സഭകളെ നിയന്ത്രിക്കുന്നത് പലപ്പോഴും അയത്തൊള്ള നിയമിച്ച സമിതികളാണ്. ആണവ-പ്രതിരോധ-വിദേശകാര്യ നയങ്ങളിൽ അയത്തൊള്ള അലി ഖമേനിയും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലുമാണ് ഇക്കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത്. ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡ്‌സിനാണ് രാജ്യത്തെ സാമ്പത്തിക-രാഷ്ട്രീയ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം. പ്രസിഡന്റിന്റെ ചുമതലകൾ രാജ്യത്തെ ആഭ്യന്തര നയങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും മാത്രമായി ചുരുക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഇപ്പോഴും ഈ സ്ഥാനത്തിന് വലിയ പ്രാധാന്യവുമുണ്ട്. കാലം കഴിയുന്തോറും കൂടുതൽ യാഥാസ്ഥിക നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ സംവിധാനത്തോട് ഇറാനിലെ ജനത്തിനുള്ള അകൽച്ചയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

അന്തരിച്ച പ്രസിഡന്റ് ഇബ്രാഹിം റൈസി രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ ഭാഗമായി ജോലി ചെയ്തിരുന്നയാളായിരുന്നു. രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അടിച്ചമര്‍ത്തലുകളുടെ പിന്നിൽ പ്രവര്‍ത്തിച്ചാണ് അയത്തൊള്ള അലി ഖമേനിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾക്കും റൈസി പിന്തുണ പ്രഖ്യാപിച്ചത്. ഇറാനിലെ ഇസ്ലാമിക ഭരണത്തെ എന്നും അനുകൂലിച്ചയാളായിരുന്നു അദ്ദേഹം. അതിനാൽ തന്നെയാണ് അടുത്ത അയത്തൊള്ളയാകാൻ സാധ്യത അദ്ദേഹത്തിന് കൂടുതൽ കൽപ്പിക്കപ്പെട്ടത്. എന്നാൽ റൈസിക്ക് തുല്യനോ അത്രയേരെ പ്രശസ്തിയുള്ളതോ ആയ മറ്റൊരു നേതാവില്ലാതെ പോകുന്നത് അയത്തൊള്ള അലി ഖമേനിക്കും അദ്ദേഹത്തിന്റെ യാഥാസ്ഥിതിക നിലപാടുകൾ അടുപ്പക്കാരിൽ നിന്ന് പോലും കൂടുതൽ ചോദ്യം ചെയ്യപ്പെടാനുള്ള അവസരവുമൊരുക്കും. അതിനാൽ തന്നെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത് ആരൊക്കെയെന്നത് അയത്തൊള്ള തിരഞ്ഞെടുക്കാൻ പോകുന്ന രാഷ്ട്രീയ പാതയുടെ കൂടെ തെളിവാകും.

രാജ്യത്തെ പ്രധാന ടെക്നോക്രാറ്റും പാര്‍ലമെന്റ് സ്പീക്കറുമായ മൊഹമ്മദ് ബഖര്‍ ഖലിബാഫ് മത്സരിക്കാൻ സാധ്യതയുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ പാര്‍ലമെന്റിലെ സമീപ കാല പ്രകടനം വളരെ മോശമെന്ന വിലയിരുത്തലും ശക്തമാണ്. രാജ്യത്തെ ദരിദ്രരുടെ വക്കീലെന്ന് സ്വയം വിശേഷിപ്പിച്ച ഇദ്ദേഹത്തിൻ്റെ കുടും തുര്‍ക്കിയിൽ ഷോപ്പിങിന് പോയത് 2022 ൽ വലിയ തോതിൽ വിമര്‍ശിക്കപ്പെട്ടിരുന്നു.

Read Also: വിമാനത്തിലുണ്ടായിരുന്നവർക്ക് അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദിക്കുന്നു: ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ്

റവല്യൂഷണറി ഗാര്‍ഡ് മുൻ അംഗം സയീദ് ജലീലാണ് മത്സരിക്കാൻ സാധ്യതയുള്ള മറ്റൊരാൾ. ഖമേനിയുടെ തീവ്ര നിലപാടുകളുടെ ആരാധകനായ ഇയാളുടെ ആണവ വിഷയങ്ങളിലെ നിലപാടുകളും ഇതിന് കാരണമാണ്. ഇയാളുടെ സ്ഥാനാര്‍ത്ഥിത്വം പാശ്ചാത്യ രാജ്യങ്ങൾക്ക് ഒട്ടും ഗുണകരവുമാവില്ല.

സമീപകാല തെരഞ്ഞെടുപ്പുകളിലൊന്നും രാജ്യത്തെ പരിഷ്കാര വാദികളെ ഖമേനി യാതൊരു വിധത്തിലും പിപന്തുണച്ചിരുന്നില്ല. ഇതിന്റെ തെളിവാണ് 2021 ലെ ഇബ്രാഹിം റൈസിയുടെ ജയം. അന്ന് വെറും 48% ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ 2017 ൽ ഇബ്രാഹിം റൈസിയെ പരാജയപ്പെടുത്തി ഹസ്സൻ റൂഹാനി ജയിച്ച തെരഞ്ഞെടുപ്പിൽ ഇറാനിലെ 56 ദശലക്ഷം വരുന്ന ജനങ്ങളിൽ 70 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു പരിഷ്കാരവാദിയെ രാജ്യത്തെ ഭരണയന്ത്രത്തിൻ്റെ സുപ്രധാന ചുമതലയിൽ ഇരുത്താൻ യാഥാസ്ഥിതിക വാദികൾ ഒരുക്കമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story Highlights : In 2016, more than 60% of the country’s voters voted in parliamentary elections; by 2020, that proportion had dropped to 42%.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top