Advertisement

ഇന്ത്യയിലെ മികച്ച നഗരം ഡൽഹി, കേരളത്തിൽ നമ്പർ വൺ കൊച്ചി; തിരുവനന്തപുരം വളരെ പിന്നിൽ

May 22, 2024
2 minutes Read
oxford economics global cities index

മുംബൈ, ഡൽഹി, ബംഗളൂരു – ഇന്ത്യയിലെ മുൻനിര നഗരങ്ങളുടെ പട്ടികയിൽ ആദ്യം വരുന്ന പേരുകളാണ് ഇത്. എന്നാൽ ജീവിത നിലവാരം ഏറ്റവും ഉയർന്നത് ഇന്ത്യയുടെ തെക്കേ അറ്റമായ കേരളത്തിലാണ്‌. ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്‌സ് പുറത്തുവിട്ട പട്ടികയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ( oxford economics global cities index )

ലോകത്തിലെ ഏറ്റവും വലിയ 1000 അർബൻ ഇക്കോണമീസിൽ, സാമ്പത്തിക ശാസ്ത്രജ്ഞർ നേതൃത്വം നൽകുന്ന സംഘം നടത്തിയ പഠനമാണ് പുതിയ പട്ടികയ്ക്ക് പിന്നിൽ. സാമ്പത്തികം, ഹ്യൂമൻ ക്യാപിറ്റൽ, ജീവിത നിലവാരം, പരിസ്ഥിതി, ഭരണം എന്നിങ്ങനെ അഞ്ച് മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ലോകത്തെ ഏറ്റവും മികച്ച നഗരത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതെല്ലാം പരിഗണിക്കുമ്പോൾ പട്ടികയിൽ ഒന്നാം റാങ്കുകാരൻ ന്യൂയോർക്കാണ്. രണ്ടാം സ്ഥാനത്ത് ലണ്ടൻ, മൂന്നാം സ്ഥാനത്ത് സാൻ ഹൊസെ, നാലാം സ്ഥാനത്ത് ടോക്യോ അഞ്ചാം സ്ഥാനത്ത് പാരിസ് ഇങ്ങനെ നീളുന്നു പട്ടിക.

ലോകത്തെ ഏറ്റവും മികച്ച നഗരം ന്യൂയോർക്കാണെങ്കിലും ജീവിത നിലവാരം ഏറ്റവും നല്ലത് ഫ്രാൻസിലെ ഗ്രെനോബിളിൽ ആണ്. ന്യൂയോർക്കിലെ ജീവിത നിലവാര സൂചിക 278 ആണെങ്കിൽ ഗ്രനോബിളിന്റേത് ഒന്നാണ്. ജീവിത നിലവാര സൂചികയിൽ രണ്ടാം സ്ഥാനം ഓസ്‌ട്രേലിയയിലെ കാൻബെറയും, മൂന്നാം സ്ഥാനം ബേണും ( സ്വിറ്റ്‌സർലൻഡ്) ആണ്. നാലാം സ്ഥാനത്ത് ബർഗൻ ( നേർവേ), അഞ്ചാം സ്ഥാനത്ത് ബേസൽ (സ്വിറ്റ്‌സർലൻഡ്), ആറാം സ്ഥാനത്ത് ലക്‌സംബർഗ് ഇങ്ങനെ നീളുന്നു.

ഇന്ത്യയിലെ കണക്കെടുത്താൽ ഓവറോൾ റാങ്കിംഗിൽ ഇന്ത്യയിൽ ജീവിക്കാൻ ഏറ്റവും നല്ല നഗരമായി തെരഞ്ഞെടുത്തിരിക്കുന്നത് ഡൽഹിയെയാണ്. 350 ആണ് ഡൽഹിയുടെ ഓവറോൾ റാങ്കിംഗ്. രണ്ടാം സ്ഥാനത്ത് ബംഗളൂരുവും, മൂന്നാം സ്ഥാനത്ത് മുംബൈയും, നാലാം സ്ഥാനത്ത് ചെന്നൈയുമാണ്. ഓവറോൾ റാങ്കിംഗിൽ അഞ്ചാം സ്ഥാനത്താണ് കൊച്ചി. കേരളത്തിൽ 521-ാം റാങ്കുള്ള കൊച്ചിക്ക് പിന്നിൽ തൃശൂരാണ്. ഓവറോൾ റാങ്കിംഗിൽ തൃശൂരിന്റെ റാങ്ക് 550 ആണ്. മൂന്നാം സ്ഥാനത്ത് കോഴിക്കോടും, നാലാം സ്ഥാനത്ത് കോട്ടയവും, അഞ്ചാം സ്ഥാനത്ത് കൊല്ലവും, ആറാം സ്ഥാനത്ത് തിരുവനന്തപുരവുമാണ്. ഏഴാം സ്ഥാനമാണ് കണ്ണൂരിന്.

ജീവിത നിലവാരം അഥവാ ക്വാളിറ്റി ഓഫ് ലൈഫ് വിഭാഗത്തിൽ ഡൽഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ്, ചെന്നൈ, എന്നീ നഗരങ്ങളെല്ലാം കേരളത്തിന് പിന്നിലാണ്. ജീവിത നിലവാര സൂചികയിൽ കേരളത്തിൽ മുന്നിൽ തിരുവനന്തപുരമാണ്. 748 ആണ് തലസ്ഥാന നഗിരിയുടെ റാങ്കിംഗ്. രണ്ടാം സ്ഥാനത്ത് 753 റാങ്കുമായി കോട്ടയമാണ്. മൂന്നാം സ്ഥാനത്ത് 757 റാങ്കുമായി തൃശൂരുമുണ്ട്. കൊല്ലം 758, കൊച്ചി 765, കണ്ണൂർ 768, കോഴിക്കോട് 783 ഇങ്ങനെയാണ് മറ്റ് നഗരങ്ങളുടെ റാങ്ക്. ഡൽഹി, 838, ബംഗളൂരു 847, മുംബൈ 915, ചെന്നൈ 879, കൊൽക്കത്ത 884, പൂനെ 897, ഹൈദരാബാദ് 882 ഇങ്ങനെ നീളുന്നു.

ഓവറോൾ റാങ്കിംഗിൽ ജീവിക്കാൻ ഏറ്റവും മോശമായി കണ്ടെത്തിയിരിക്കുന്നത് ഉത്തർ പ്രദേശിലെ സുൽത്താൻപൂരാണ്. 1000 നഗരങ്ങളുടെ പട്ടികയിൽ 1000-ാം റാങ്കോടെ ഏറ്റവും അവസാനമാണ് സുൽത്താൻപൂരിന്റെ സ്ഥാനം.

Story Highlights : oxford economics global cities index

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top