‘കേരളത്തിൽ നടക്കുന്നത് ഡൽഹി മോഡൽ ബാർക്കോഴ, എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ’: കെ.സുരേന്ദ്രൻ

കേരളത്തിൽ ഡൽഹി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ് കെജ്രിവാളിൻ്റെ അവസ്ഥ വരും മുമ്പ് പിണറായി വിജയൻ രാജിവെക്കുന്നതാണ് നല്ലത്. സർക്കാരിൻ്റെ നയങ്ങൾ തീരുമാനിക്കുന്നത് ബാർ മുതലാളിമാരാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
കോടികളാണ് സർക്കാരിന് കോഴ കൊടുക്കേണ്ടതെന്ന ബാർ ഉടമ അസോസിയേഷൻ നേതാവിൻ്റെ ശബ്ദരേഖ ഈ സർക്കാരിൻ്റെ മുഖം കൂടുതൽ വികൃതമാക്കുന്നതാണ്. മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് ഉറപ്പ് നൽകി അധികാരത്തിലെത്തിയ ഇടത് സർക്കാർ പൂട്ടിയ ബാറുകളെല്ലാം തുറന്ന കാഴ്ച നമ്മൾ കണ്ടതാണ്. ഇപ്പോൾ ഡ്രൈ ഡേ എടുത്ത് കളയാനും ബാറുകളിലെ സമയം കൂട്ടാനുമുള്ള തീരുമാനം വലിയ അഴിമതിക്ക് വേണ്ടിയുള്ളതാണ്. ഇത് കേരളത്തെ മദ്യത്തിൽ മുക്കികൊല്ലാനുള്ള തീരുമാനമാണ്. യുഡിഎഫ് സർക്കാരിൻ്റെതിന് സമാനമായ രീതിയിലാണ് എൽഡിഎഫും മുന്നോട്ട് പോകുന്നതെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു.
Read Also: ‘ബാർ കോഴ ആരോപണം തെറ്റ്, പണം കെട്ടിടം വാങ്ങാൻ’; വിവാദ ശബ്ദരേഖയിൽ അനിമോനെ തളളി ബാർ ഉടമകളുടെ സംഘടന
ഡൽഹി ബാർക്കോഴ കേസിൽ ജയിലിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ച് കോൺഗ്രസും സിപിഐഎമ്മും രംഗത്ത് വന്നത് സ്വന്തം താത്പര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമായിരിക്കുകയാണ്. കേരളത്തിൻ്റെ സാമൂഹ്യജീവിതം തകർക്കുന്ന ബാർക്കോഴക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നു വരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Story Highlights : K Surendran about new bar bribery Accusations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here