Advertisement

ചരിത്രത്തിലാദ്യമായി ആംആദ്മിക്ക് വോട്ട് ചെയ്ത് ഗാന്ധികുടുംബം; രാഹുലും കെജ്രിവാളും മോദിയെ നേരിടുന്നതിങ്ങനെ

May 25, 2024
Google News 3 minutes Read
Gandhi family voted for Aam Aadmi Party for first time in election history

ദിവസങ്ങള്‍ക്ക് മുന്‍പ്, ലോക്‌സഭാ തെരഞ്ഞെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കെ രാഹുല്‍ ഗാന്ധി ഒരു പ്രസ്താവന നടത്തി. ഇത്തവണ തന്റെ വോട്ട് ആംആദ്മിക്ക് ചെയ്യുമെന്നും പകരം അരവിന്ദ് കെജ്രിവാള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്നുമായിരുന്നു പ്രസ്താവന. രണ്ട് സഖ്യകക്ഷികള്‍ തമ്മിലുള്ള ബന്ധത്തിന്റെ അടയാളമായി ഈ തെരഞ്ഞെടുപ്പിനെ കാണുന്നുവെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ മാത്രമല്ല, സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വോട്ട് ചെയ്യുന്നത് എഎപിക്കാണ്. ചരിത്രത്തില്‍ ഇതാദ്യമായാണ് കോണ്‍ഗ്രസിനല്ലാതെ മറ്റൊരു പാര്‍ട്ടിക്ക് ഗാന്ധി കുടുംബം വോട്ടുചെയ്യുന്നത്.(Gandhi family voted for Aam Aadmi Party)

എട്ട് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 58 മണ്ഡലങ്ങളിലായാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തലസ്ഥാനത്തായിരുന്നു ഗാന്ധി കുടുംബം വോട്ടവകാശം വിനിയോഗിച്ചത്. സോണിയയും രാഹുലും ആംആദ്മി സ്ഥാനാര്‍ത്ഥി സോമനാഥ് ഭാരതിക്കാണ് ഇത്തവണ വോട്ട് ചെയ്തത്. ബിജെപിയുടെ ബാന്‍സുരി സ്വരാജിനോടാണ് സോമനാഥ് ഭാരതി ഏറ്റുമുട്ടുന്നത്. അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിന്റെ മകളാണ് ബാന്‍സുരി. ചാന്ദ്നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, ന്യൂഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി എന്നീ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളില്‍, ന്യൂഡല്‍ഹി ലോക്‌സഭാ മണ്ഡലത്തിലാണ് രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും വോട്ടുള്ളത്.

ഇതാദ്യമായിട്ടാണ് ഗാന്ധി കുടുംബം മറ്റൊരു പാര്‍ട്ടിക്കാണ് തങ്ങള്‍ വോട്ടുചെയ്യുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നത്. സഖ്യകക്ഷികളുമായി ബന്ധത്തെ രാഹുല്‍ സൂചിപ്പിച്ചപ്പോള്‍ ഭിന്നതകള്‍ മാറ്റിവച്ച് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വേണ്ടിയാണ് താന്‍ വോട്ടുചെയ്യുന്നതെന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ ഇക്കാര്യത്തിലെ പ്രതികരണം.

2013 നവംബര്‍ 28ന് അരവിന്ദ് കെജ്രിവാള്‍ ഒരു ട്വീറ്റിട്ടു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കോണ്‍ഗ്രസുമായോ ബിജെപിയുമായോ ഒരു സാഹചര്യത്തിലും സഖ്യമുണ്ടാക്കില്ല എന്നായിരുന്നു അത്. ആ കെജ്‌രിവാളിന്റെയും രാഹുലിന്റെയും ഇന്നത്തെ ആവശ്യം കേന്ദ്രത്തില്‍ നിന്ന് ബിജെപിയെ താഴെയിറക്കുക എന്നതുമാത്രം. ഈ ചിന്തയാണ് പരസ്പരം കൈകോര്‍ത്തുകൊണ്ടുള്ള രാഷ്ട്രീയമുന്നേറ്റം. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാറിന് വേണ്ടിയും അരവിന്ദ് കെജ്രിവാള്‍ പ്രചാരണം നടത്തിയിരുന്നു.

Read Also: മുന്‍ഭാര്യ ടിഎംസി സ്ഥാനാര്‍ത്ഥി, ഭര്‍ത്താവ് ബിജെപി സ്ഥാനാര്‍ത്ഥി; വിവാഹമോചനത്തിന് ശേഷം നേര്‍ക്കുനേര്‍ ഈ ദമ്പതികള്‍

പക്ഷേ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്രിവാളും ഒരുമിച്ച് ബിജെപിക്കെതിരെ പടയൊരുക്കം നടത്തുമ്പോഴും ഈ സൗഹൃദം എവിടെയും കാണാതിരുന്ന ഒരു കാലമുണ്ടായിരുന്നു. കെജ്രിവാളിന്റെ അഴിമതിക്കാരുടെ പട്ടികയില്‍ കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ്, കമല്‍നാഥ്, തരുണ്‍ ഗൊഗോയ്, ചിദംബരം തുടങ്ങിയ പേരുകള്‍ക്കൊപ്പം ഒരിക്കല്‍ രാഹുല്‍ ഗാന്ധിയുടെ പേരുമുണ്ടായിരുന്നു. 2014ലായിരുന്നു ഇത്. രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം, മോദിക്കെതിരെ സംസാരിക്കാന്‍ ധൈര്യമില്ലെന്നും രാഹുലിനെ കെജ്രിവാള്‍ കുറ്റപ്പെടുത്തുന്ന സാഹചര്യമുണ്ടായി. മോദി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്രയെ അറസ്റ്റ് ചെയ്യുമെന്നുപോലും കെജ്രിവാള്‍ ട്വീറ്റ് ചെയ്യുകയുണ്ടായി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ പ്രതിപക്ഷത്തിന്റെ ശക്തി ക്ഷയിപ്പിക്കുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു. ഇതിനെല്ലാമൊടുവില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ആപ്പും കോണ്‍ഗ്രസും മറ്റ് 24 പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് ബംഗളൂരുവില്‍ അത്താഴ വിരുന്ന് സംഘടിപ്പിക്കുകയും ഇന്ത്യ എന്ന പേരില്‍ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് കൊണ്ടുവരികയും ചെയ്തത്.

Story Highlights : Gandhi family voted for Aam Aadmi Party for first time in election history

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here