Advertisement

എഫ്.എ കപ്പില്‍ സിറ്റിയെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ചാമ്പ്യന്‍മാര്‍

May 26, 2024
3 minutes Read
Manchester United FA cup

പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ തകർത്ത് എഫ്.എ. കപ്പ് ചാമ്പ്യന്‍മാരായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ചിരവൈരികള്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ ജയം. അര്‍ജന്റീനന്‍ മുന്നേറ്റ നിര താരം 19-കാരന്‍ അലജാന്‍ഡ്രോ ഗര്‍നാച്ചോയുടെയും ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ കോബീ മെയ്‌നുവിന്റെയും വകയായിരുന്നു യുണൈറ്റഡിന്റെ ഗോളുകള്‍. 87-ാം മിനിറ്റില്‍ അക്കേക്ക് പകരക്കാരനായി എത്തിയ ബെല്‍ജിയം താരം ജെറിമി ഡോക്കു ആണ് സിറ്റിയുടെ ആശ്വാസ ഗോള്‍ നേടിയത്. വിജയത്തോടെ യുണൈറ്റഡ് അടുത്ത സീസണിലെ യൂറോപ്പ ലീഗ് യോഗ്യത നേടി.

കളിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി താളം കണ്ടെത്താന്‍ പരിശ്രമിക്കുന്നതിനിടെ ഒന്നാംപകുതിയുടെ 30-ാം മിനിറ്റിലായിരുന്നു ആദ്യഗോള്‍. സിറ്റിയുടെ ബോക്സിലേക്ക് ഉയര്‍ന്നെത്തിയ പന്ത് കൈവശപ്പെടുത്താന്‍ അലജാന്‍ഡ്രോ ഗര്‍നാച്ചോയും സിറ്റിയുടെ പ്രതിരോധനിരക്കാരന്‍ യോഷ്‌കോ വാര്‍ഡിയോളും ശ്രമിച്ചു. സിറ്റി കീപ്പര്‍ സ്റ്റീഫന്‍ ഒര്‍ട്ടേഗയെ ലക്ഷ്യം വെച്ച് വാര്‍ഡിയോള്‍ എടുത്ത മൈനസ് ഹെഡ് കീപ്പറെയും കടന്നു പോയി. ഗോളിയെ മറികടന്ന പന്തില്‍ കാലുവെച്ച് കൊടുക്കേണ്ട പണി മാത്രമെ ഗര്‍നാച്ചോയ്ക്ക് ഉണ്ടായിരുന്നുള്ളൂ. സ്‌കോര്‍ 1-0. ഗോള്‍ മടക്കാനും യുണൈറ്റഡ് മുന്നേറ്റത്തെ പ്രതിരോധിക്കാനും കിണഞ്ഞ് ശ്രമിക്കുന്നതിനിടെ 39-ാം മിനിറ്റില്‍ വീണ്ടും സിറ്റിയുടെ വല കുലുങ്ങി. മുന്നേറ്റത്തിനിടെ ബ്രൂണോ ഫെര്‍ണാണ്ടസ് നല്‍കിയ പാസ് കോബി മെയ്‌നു അനായാസം രണ്ടാം പോസ്റ്റിലേക്ക് അടിച്ചു കയറ്റി. 87ാം മിനിറ്റിലായിരുന്നു സിറ്റിയുടെ ആശ്വാസ ഗോള്‍ യുണൈറ്റഡിന്റെ പെനാല്‍റ്റി ഏരിയക്ക് പുറത്ത് വെച്ച് പ്രതിരോധ നിരയെ മറികടക്കാനുള്ള ജെറിമി ഡോക്കുവിന്റെ ശ്രമം തടയപ്പെട്ടു. ആ നിമിഷം തന്നെ ഞൊടിയിടയില്‍ ബോള്‍ മുന്നിലേക്ക് ഇട്ട് ജെറിമി തൊടുത്ത കനത്ത ഷോട്ട് യുണൈറ്റഡ് കീപ്പര്‍ ആന്ദ്രേ ഒനാനയുടെ കൈയ്യില്‍ തട്ടി ഇടതുപോസ്റ്റിനെ ചാരിയെന്നോണം വലക്കകത്ത് കയറി. സ്‌കോര്‍ 2-1.

Read Also: യുണൈറ്റഡിന്റെ നാടകീയമായ തിരിച്ചുവരവ്; മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ തകര്‍പ്പന്‍ ജയം

അവസാന നിമിഷങ്ങളില്‍ സമനിലക്ക് സിറ്റി നിരന്തരം ശ്രമിച്ചെങ്കിലും യുണൈറ്റഡ് പ്രതിരോധനിര വിട്ടില്ല. കളിയിലുടനീളം സിറ്റിയുടെ മറുപടിഗോളുകള്‍ക്ക് ഉള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുന്ന കാഴ്ച്ചയായിരുന്നു കണ്ടത്. 58-ാം മിനിറ്റില്‍ കെയ്ല്‍ വാക്കറുടെ ലോങ് റെയ്ഞ്ച് ഷോട്ട് യുണൈറ്റഡ് കീപ്പര്‍ പണിപ്പെട്ടാണ് തടഞ്ഞത്. 60-ാം മിനിറ്റില്‍ അര്‍ജന്റീന താരം ജൂലിയന്‍ അല്‍വാരസ് പെനാല്‍റ്റി സ്‌പോട്ടിന് തൊട്ടുപിന്നില്‍ നിന്ന് തൊടുത്ത ഇടംകാലന്‍ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 64-ാം മിനിറ്റില്‍ അല്‍വാരസിന് കിട്ടിയ തുറന്ന അവസരവും ഗോളാക്കാനായില്ല. 68-ാം മിനിറ്റില്‍ ഗര്‍നാച്ചോയുടെ ക്ലോസ് റെയ്ഞ്ച് ഷോട്ട് സിറ്റി കീപ്പര്‍ തടഞ്ഞു. ഇതിനിടെ 72-ാം മിനിറ്റില്‍ യുണൈറ്റഡിന്റെ മാര്‍ട്ടിനസ് ക്ലാഷസുമായി സിറ്റിയുടെ കെയ്ല്‍ വാക്കര്‍ കൈയ്യാങ്കളിക്ക് മുതിരുന്നതായി കാണാമായിരുന്നു. പകരക്കാരന്‍ ഇറങ്ങാനായി പതിയ കളം വിടുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. 74-ാം മിനിറ്റില്‍ മൊയ്‌നു ഹാളണ്ടിനെ ബോക്‌സില്‍ വീഴ്ത്തിയതിന് പെനാല്‍റ്റി അപ്പീല്‍ ചെയ്‌തെങ്കിലും റഫറി അനുവദിച്ചില്ല. കളി അവസാനിച്ചതിന് ശേഷം റഫറിയുമായി കോച്ച് ഇക്കാര്യത്തെ ചൊല്ലി തര്‍ക്കിച്ചു.

Read Also: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം ചൂടി മാഞ്ചസ്റ്റര്‍ സിറ്റി

അതേ സമയം എഫ് എ കപ്പില്‍ യുണൈറ്റഡിന്റെ 13-ാം കിരീടമാണിത്. 14 തവണ കിരീടം നേടിയ ആഴ്‌സണല്‍ മാത്രമാണ് യുണൈറ്റഡിന് മുന്നിലുള്ളത്. എന്നാല്‍ 2015-16 സീസണിനുശേഷം ആദ്യമായാണ് യുണൈറ്റഡ് എഫ്.എ. കപ്പില്‍ ചാമ്പ്യന്‍മാരാകുന്നത്.

Story Highlights : Manchester United wins FA Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top