“അദാനി വൺ” യുപിഐ ആപ്പുമായി അദാനി ; ടാറ്റയ്ക്കും ജിയോയ്ക്കും വെല്ലുവിളിയായി ഇ-കൊമേഴ്സ് രംഗത്തും

വിദേശ രാജ്യങ്ങൾക്ക് പോലും മാതൃകയെന്ന വാഴ്ത്തപ്പെട്ട ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെൻ്റ് രംഗത്തേക്ക് അദാനി ഗ്രൂപ്പ് കടക്കുന്നു. 2022ൽ പുറത്തിറക്കിയ “അദാനി വൺ” മൊബൈൽ ആപ്പ് വഴിയാണ് ഡിജറ്റൽ രംഗത്തേക്ക് കടക്കാൻ കമ്പനി ലക്ഷ്യമിടുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യൂണിഫൈഡ് പെയ്മെന്റ് ഇൻ്റർഫെയ്സ് അഥവാ യുപിഐ രംഗത്ത് അദാനി വരുന്നതോടെ ഈ മേഖലയിൽ വലിയ മാറ്റങ്ങൾക്കാണ് വഴി തുറക്കുന്നത്. യുപിഐ പേയ്മെൻ്റ് രംഗത്തേക്ക് കടക്കുന്നതിൻ്റെ ഭാഗമായുള്ള ലൈസൻസ് നേടാനുള്ള ശ്രമത്തിലാണ് അദാനി ഗ്രൂപ്പ്. കൂടാതെ മുമ്പ് പ്രഖ്യാപിച്ച ബാങ്കുകളുടെ പങ്കാളിത്തത്തോടെ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് സേവനം ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
Read Also: ഗൂഗിൾ പേയ്ക്കും ഫോൺ പേയ്ക്കും മൂക്കുകയർ വീഴും; വിപണിയിലെ കുത്തക സ്വാധീനം ഇല്ലാതാക്കാൻ നീക്കം
ഡിജിറ്റൽ പേയ്മെൻ്റ് രംഗത്തേക്ക് മാത്രമല്ല അദാനി വൺ പ്രവേശിക്കുന്നത്. കേന്ദ്രസർക്കാരിൻ്റെ ഈ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സിലും (ONDC) സാന്നിധ്യമറിയിക്കാനുള്ള പുറപ്പാടിലാണ് അദാനി വൺ. ഈ രംഗത്തെ അതികായരായ ടാറ്റ, ഗൂഗിൾ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയോടാണ് അദാനി ഏറ്റുമുട്ടുന്നത്. നിലവിൽ അദാനി വൺ ആപ്പ് വഴി ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ്, റിയൽ ടൈം ഫ്ലൈറ്റ് സ്റ്റാറ്റസ് അപ്ടേറ്റുകൾ, ഡ്യൂട്ടി ഫ്രീ ഷോപ്പിങ് തുടങ്ങി വലിയ സേവനങ്ങളാണ് യാത്രക്കാർക്ക് നൽകുന്നത്. ലോഞ്ച് ചെയ്ത് ഒന്നര വർഷത്തിനിടയിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 10 ലക്ഷത്തിലധികം പേരാണ് അദാനി വൺ ഡൗൺലോഡ് ചെയ്തിരിക്കുന്നത്. 4.2 സ്റ്റാർ റേറ്റിങ്ങും ആപ്പിനുണ്ട്.
രാജ്യത്ത് യുപിഐ ഇടപാടുകളിൽ ഗൂഗിൾ പേയും ഫോൺ പേയും ആധിപത്യം തുടരുന്നത് തടയാനായി നാഷണൽ പേയ്മെൻ്റ്സ് കോര്‍പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇടപെടുന്നതായി കഴിഞ്ഞമാസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുപിഐ സേവന മേഖലയിലേക്ക് പുതുതായി കടന്നുവരുന്ന കമ്പനികൾക്ക് വിപണിയിൽ സ്വാധീനം ഉറപ്പിക്കാനുള്ള ഇൻസെന്റീവ് പദ്ധതികൾ റിസര്‍വ് ബാങ്കും ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. യുപിഐ സേവന രംഗത്ത് ഇന്ത്യൻ കമ്പനികൾക്ക് ചുവടുറപ്പിക്കാൻ ആവശ്യമായ സഹായം നൽകണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നേരത്തെ പാര്‍ലമെന്ററി സമിതിയും ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം തന്നെ ഈ രംഗത്തേക്കുള്ള അദാനി കമ്പനിയുടെ പ്രവേശനം എളുപ്പമാക്കിയിട്ടുണ്ട്.
Story Highlights : Adani Group plans entry into UPI, ONDC, and credit cards.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here