കേരളത്തിലും സൽവാർ കമീസിന് ഏറെ പ്രിയം; കണ്ടുപിടിച്ചതിന് പഞ്ചാബി സ്ത്രീകളെ അഭിനന്ദിച്ച് ശശി തരൂർ

സാരിക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ സൽവാൽ കമീസിനാണ് ആരാധകരെന്ന് ശശി തരൂർ എംപി. സൽവാർ കമീസ് കണ്ടുപിടിച്ചതിന് പഞ്ചാബി സ്ത്രീകളെ അഭിനന്ദിക്കുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനായി പഞ്ചാബ്, ചണ്ഡീഗഢ് സന്ദർശനം നടത്തുന്നതിനിടെയായിരുന്നു ശശി തരൂരിൻ്റെ ഈ പരാമർശം. സാരി സ്വന്തം നാടായ കേരളത്തിൽ പോലും കാണാക്കനിയായെന്ന് മുമ്പൊരിക്കൽ ശശി തരൂർ പറഞ്ഞിരുന്നു.
“എനിക്ക് സാരികളോട് ഒരിഷ്ടമുണ്ട്. ഇവിടെ വളരെക്കുറച്ച് സാരികൾ മാത്രമാണ് കണ്ടത്. സത്യം പറഞ്ഞാൽ, സാരിക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്ന എൻ്റെ സംസ്ഥാനത്തുപോലും ഇപ്പോൾ സൽവാർ കമീസിനാണ് കൂടുതൽ പ്രചാരമുള്ളത്. സൽവാർ കമീസ് വളരെ പ്രാക്ടിക്കലായ, സൗകര്യപ്രദമായ വസ്ത്രമാണെന്ന് ഒരുപാട് സ്ത്രീകൾ എന്നോട് പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീ കടുത്ത ഭാഷയിൽ സാരിയിൽ ഒരു ബസിൽ കയറാൻ ശ്രമിക്കുക എന്ന് എന്നോട് പറയുകയുണ്ടായി. അക്കാരണത്താൽ, ഈ വസ്ത്രം കണ്ടുപിടിച്ചതിനും വളരെ ഭംഗിയായി അത് ധരിക്കുന്നതിനും നമ്മൾ പഞ്ചാബിലെ സ്ത്രീകളെ അഭിനന്ദിക്കണമെന്നാണ് എനിക്ക് തോന്നുന്നത്.”- ശശി തരൂർ അഭിപ്രായപ്പെട്ടു.
Read Also: അഞ്ചുവർഷത്തിനുള്ളിൽ യൂണിഫോം സിവിൽ കോഡും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും നടപ്പാക്കുമെന്ന് അമിത് ഷാ
കോൺഗ്രസും ആം ആദ്മി പാർട്ടിയും പരസ്പരം മത്സരിക്കുമ്പോൾ ചണ്ഡീഗഢിൽ സഖ്യമാണ്. ഇതിൽ ആരും അത്ഭുതപ്പെടേണ്ടതില്ലെന്നും തരൂർ പറഞ്ഞു. “ഇന്ത്യപോലെ ഒരു വലിയ രാജ്യത്ത് ഓരോ സംസ്ഥാനത്തിനും സ്വന്തമായ രാഷ്ട്രീയ സ്വഭാവവും, ചരിത്രവുമുണ്ട്. കേരളത്തിൽ 55 വർഷമായി കമ്മ്യൂണിസ്റ്റുകാരും ഞങ്ങളും എതിർചേരിയിലാണ്. ഓരോ അഞ്ച് വർഷത്തിലും സർക്കാർ മാറിവരും. എന്നാൽ അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ കമ്മ്യൂണിസ്റ്റുകാരും, ഞങ്ങളും, ഡിഎംകെയ്ക്കും, മുസ്ലിം ലീഗിനും ഒപ്പമാണ്. ഞങ്ങളൊരുമിച്ച് ഒരു തടസ്സങ്ങളുമില്ലാതെ പ്രചാരണം നടത്തുന്നു. ഇതാണ് ഇന്ത്യയുടെ സ്വഭാവം. അതുകൊണ്ടുതന്നെ ഇതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. ഡൽഹിയിൽ അവർ നമുക്കൊപ്പമുണ്ട്, പഞ്ചാബിൽ ഇല്ല.”- അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റ് കടക്കുമെന്നത് മലർപ്പൊടിക്കാരൻ്റെ സ്വപ്നം പോലാണെന്നും 200 സീറ്റെന്ന കടമ്പപോലും മറികടക്കാൻ ബിജെപി കഷ്ടപ്പെടുമെന്നും ശശി തരൂർ പറഞ്ഞു.
Story Highlights : Shashi Tharoor MP praised the women of Punjab for inventing the salwar kameez and noted its growing acceptance in his home state.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here