Advertisement

‘ആവേശം’ ലേശം കൂടിപ്പോയി; സഫാരി കാറിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കി സഞ്ചരിച്ചുകൊണ്ട് കുളിച്ച യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെ നടപടി

May 29, 2024
Google News 3 minutes Read
action against youtuber sanju techy for making swimming pool inside car

കാറിനുള്ളിൽ ആവേശം സിനിമാ മോഡൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയ യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒയുടേതാണ് നടപടി. സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. ആർടിഒ വാഹനം പിടിച്ചെടുക്കുകയും കാർ ഉടമയുടേയും ഡ്രൈവറുടേയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു. യൂട്യൂബർ വാഹനത്തിൽ സഞ്ചരിച്ചുകൊണ്ട് കുളിയ്ക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. ഇത്തരം യാത്രകൾ അത്യന്തം അപകടകരമാണെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ രമണൻ പറഞ്ഞു. (action against youtuber sanju techy for making swimming pool inside car)

ആവേശം സിനിമയിലെ രം​ഗയുടെ സന്തത സഹചാരി അംബാൻ ലോറിയ്ക്ക് പിന്നിൽ ഒരുക്കിയ സ്വിമ്മിം​ഗ് പൂളിന്റെ മാതൃകയിലാണ് സഞ്ജു ടെക്കി കാറിനുള്ളിൽ പൂളൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരിക്കുന്നത്. അത്യന്തം അപകടകരമായ വിധത്തിൽ പൊതുനിരത്തിലൂടെയാണ് ഈ പൂൾ കാർ ഓടിച്ചിരുന്നത്. കാറിന്റെ പിൻഭാ​ഗത്ത് പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റിയാണ് അവിടെ സ്വിമ്മിം​ഗ് പൂൾ സെറ്റ് ചെയ്തത്. ടാർപോളിൻ വലിച്ചുകെട്ടി അതിൽ കുഴലിലൂടെ വെള്ളം നിറച്ചാണ് കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഉണ്ടാക്കിയിരുന്നത്.

ദേശീയ പാതയിലൂടെ ഉൾപ്പെടെയാണ് സഞ്ജുവും കൂട്ടുകാരും ഈ വാഹനമോടിച്ചത്. നിരവധി പേർ കാറിനുള്ളിലെ പൂളിൽ കുളിയ്ക്കുന്നതായും വാഹനം റോഡിലൂടെ സഞ്ചരിക്കുന്നതായും വിഡിയോയിൽ കാണാം. അതിനിടെ വാഹനത്തിലെ പൂളിനുള്ളിലെ മർദം കൊണ്ട് വാഹനത്തിന്റെ എയർ ബാ​ഗ് പുറത്തേക്ക് വരികയും ഒടുവിൽ ബാക്ക് ഡോർ തുറന്ന് ഇവർ വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്തിരുന്നു. യൂട്യൂബിൽ മത്സരം കൂടിവരുന്നതോടെ വ്യത്യസ്തമായ വിഡിയോ ചെയ്ത് റീച്ചുണ്ടാക്കാനാണ് ഈ വിഡിയോ എടുത്തതെന്നാണ് സഞ്ജു ടെക്കി പറയുന്നത്.

Story Highlights : action against youtuber sanju techy for making swimming pool inside car

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here