‘രണ്ട് നരേന്ദ്രന്മാർ…’; മോദിയെയും സ്വാമി വിവേകാനന്ദനെയും താരതമ്യം ചെയ്ത് ഒ രാജഗോപാല്‍

കന്യാകുമാരി വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാമി വിവേകാനന്ദനുമായി താരതമ്യം ചെയ്ത് ബിജെപി നേതാവ് ഒ രാജഗോപാല്‍. അന്നൊരു നരേന്ദ്രൻ അഗാധമായ ഒരു ധ്യാനത്തിനു ശേഷം സടകുടഞ്ഞ് എഴുന്നേറ്റത് ഇവിടെ നിന്നാണ്, പിന്നെ കണ്ടതൊക്കെ ചരിത്രമാണെന്നാണ് ഒ രാജഗോപാല്‍ ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം
കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ…
അന്നൊരു നരേന്ദ്രൻ അഗാധമായ ഒരു ധ്യാനത്തിനു ശേഷം സടകുടഞ്ഞ് എഴുന്നേറ്റത് ഇവിടെ നിന്നാണ്…പിന്നെ കണ്ടതൊക്കെ ചരിത്രമാണ്…
ഇന്നൊരു നരേന്ദ്രൻ വീണ്ടും അവിടെ ധ്യാനിക്കുകയാണ്…
ഇനി കാണാൻ പോകുന്നതും ചരിത്രമാവാൻ പോന്നതാണ്
സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുന്നത്. ജൂണ്‍ ഒന്നുവരെയാണ് ധ്യാനത്തിലിരിക്കുന്നത്. വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിലാണ് ധ്യാനം. നാവികസേനയുടെ കപ്പലിലാണ് വിവേകാനന്ദപ്പാറയില്‍ എത്തിയത്. 45 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ധ്യാനത്തിനുശേഷം തിരുവള്ളൂര്‍ പ്രതിമയും സന്ദര്‍ശിച്ചശേഷമായിരിക്കും അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കുക.
അതേസമയം ഈ വർഷം ഒമ്പതാം തവണയാണ് മോദി തമിഴ്‌നാട്ടിലെത്തുന്നത്. മോദിയുടെ വരവ് പ്രമാണിച്ച് ടൂറിസ്റ്റ് കേന്ദ്രമായ കന്യാകുമാരിയിൽ വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സന്ദർശകർക്ക് വിവേകാനന്ദപ്പാറയിലേക്ക് പ്രവേശനമില്ല. 3000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. കടലിൽ നേവിയുടെയും തീരരക്ഷാ സേനയുടെയും പരിശോധനയുണ്ട്. മൂന്നു ദിവസത്തേക്ക് മത്സ്യബന്ധനത്തിന് നിരോധമേർപ്പെടുത്തിയിട്ടുണ്ട്.
Story Highlights : O Rajagopal fb post about PM Modi meditates at Vivekananda Rock
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here