ആരാണ് ഡൊണാൾഡ് ട്രംപിനെ കുരുക്കിലാക്കിയ നീലച്ചിത്രനായിക സ്റ്റോമി ഡാനിയേൽസ് ?

ചരിത്രത്തിൽ ആദ്യമായി ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അമേരിക്കൻ മുൻ പ്രസിഡൻ്റെന്ന അപഖ്യാതിയുമായിട്ടാണ് ഡൊണാൾഡ് ട്രംപ് നവംബർ അഞ്ചിന് നടക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നത്. നീലച്ചിത്ര നടി സ്റ്റോമി ഡാനിയൽസുമായുള്ള ബന്ധം പുറത്തുവരാതിരിക്കാൻ പണം നൽകിയ ട്രംപ് ഇത് മറച്ചുവെയ്ക്കാൻ രേഖകളിൽ കൃത്രിമം വരുത്തിയെന്നതാണ് കുറ്റം. കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് തെളിവുകളുടെയും സാക്ഷികളുടെയും ബലത്തിൽ തെളിയിക്കപ്പെട്ടു. ജൂലൈ 11നാണ് കേസിൻ്റെ വിധി. നിലവിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്രംപിന് തടസ്സങ്ങളില്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നുണ്ടെങ്കിലും പ്രചാരണത്തിൽ ഇത് വലിയ തിരിച്ചടിയാകും. ട്രംപിനെതിരെ മുൻപും ഗുരുതരമായ പല ആരോപണങ്ങളും വന്നിട്ടുണ്ടെങ്കിലും അറസ്റ്റും ശിക്ഷയുമൊക്കെ ആദ്യമായിട്ടാണ്. പ്രോസിക്യൂട്ടർമാരുടെ ചോദ്യങ്ങൾക്കു മുമ്പിൽ പതറാതെ ട്രംപിനെതിരെ നിർണ്ണായക മൊഴി നൽകിയ സ്റ്റോമി ഡാനിയേൽസ് ആരാണെന്ന് നോക്കാം.
മികച്ച വിദ്യാർഥിയിൽ നിന്ന് നീലച്ചിത്ര നായികയിലേക്ക്
കേസിൻ്റെ വിചാരണവേളയിൽ തൻ്റെ പഴയ ജീവിതത്തെക്കുറിച്ച് സ്റ്റോമി ഡാനിയേൽസിന് വിശദീകരിക്കേണ്ടി വന്നു. സ്റ്റെഫാനി ക്ലിഫോർഡിൽ നിന്ന് സ്റ്റോമി ഡാനിയേൽസിലേക്കുള്ള യാത്ര അത്ര സുഖകരമായിട്ടുള്ളതായിരുന്നില്ല. ലൂസിയാനയിൽ, ഉത്തരവാദിത്വമില്ലാത്ത, മകളെ നോക്കാത്ത അമ്മ മാത്രമാണ് സ്റ്റോമിക്ക് കൂട്ടിനുണ്ടായിരുന്നത്. അവരുടെ തുച്ഛമായ വരുമാനം ഒന്നിനും തികയുമായിരുന്നില്ല. ഹൈസ്കൂളിൽ പഠിക്കുമ്പോൾ മുൻ നിര വിദ്യാർഥികളിൽ ഒരാളായിരുന്നു സ്റ്റോമി. സ്കകൂൾ ന്യൂസ്പേപ്പർ എഡിറ്ററായിരുന്നു.
സ്കൂൾ പഠനത്തിന് ശേഷം വെറ്ററിനറി മെഡിസിൻ പഠിക്കാൻ ടെക്സസിലെ ഒരു യൂണിവേഴ്സിറ്റിയിൽ നിന്ന് അവസരം ലഭിച്ചിരുന്നു. എന്നാൽ പഠനച്ചെലവിന് മാർഗ്ഗമില്ലാത്തതിനാൽ ആ അവസരം നഷ്ടപ്പെട്ടു.ജീവിക്കാൻ വേണ്ടി 17ാം വയസ്സിൽ നഗ്ന നർത്തകിയായി ജോലി ചെയ്തു. പിന്നീട് നഗ്ന മോഡലായും അഡൽട്ട് ചിത്രങ്ങളിൽ അഭിനയിച്ചും പ്രശസ്തയായി. ഏറ്റവും പ്രായം കുറഞ്ഞ ഒട്ടേറെ അവാർഡുകൾ നേടിയ വനിതാ നീലച്ചിത്ര സംവിധായിക താനാണെന്ന് സ്റ്റോമി കോടതിയിൽ അവകാശപ്പെട്ടു. മുഖ്യധാരാ സിനിമകളിലും സ്റ്റോമി ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
Read Also: നീലചിത്ര നായികയുമായി ബന്ധം, ബിസിനസ് രേഖകളില്‍ കൃത്രിമം: 34 കേസിലും ട്രംപ് കുറ്റക്കാരൻ
2006ൽ ആണ് ഇപ്പോഴത്തെ കേസിലേക്ക് വഴിനയിച്ച സംഭവങ്ങളുടെ തുടക്കം. നെവാഡയിൽ നടന്ന ഒരു സെലിബ്രിറ്റി ഗോൾഫ് ടൂർണമെൻ്റിൽ വെച്ചാണ് ഡൊണാൾഡ് ട്രംപും സ്റ്റോമി ഡാനിയേൽസും ആദ്യമായി കണ്ടത്. ഡിന്നറിനായി ട്രംപിൻ്റെ ഹോട്ടൽ സ്യൂട്ടിലേക്ക് ക്ഷണം ലഭിച്ചതിനേത്തുടന്ന് സ്റ്റോമി അവിടെ പോയിരുന്നു. സംസാരത്തിനിടയിൽ തൻ്റെ റിയാലിറ്റി ഷോ ‘ദി അപ്രൻറിസിൽ’ സ്റ്റോമി പങ്കെടുക്കണമെന്ന് ട്രംപ് നിർദ്ദേശിച്ചു. ഫ്രഷ് ആവുന്നതിനായി ബാത്രൂമിൽ പോയിവന്ന സ്റ്റോമി കണ്ടത് ബോക്സർ മാത്രം ധരിച്ച് കട്ടിലിൽ കിടക്കുന്ന ട്രംപിനെയാണ്. ട്രെയിലർ പാർക്കിൽ നിന്ന് പുറത്തുകടക്കണമെങ്കിൽ തനിക്ക് വഴങ്ങിക്കൊടുക്കണമെന്ന രീതിയിലായിരുന്നു ആ രാത്രിയിലെ ട്രംപിൻ്റെ സംസാരവും പ്രവർത്തികളുമെന്ന് സ്റ്റോമി കോടതിയിൽ പറഞ്ഞു. പെട്ടെന്ന് ഒരു തളർച്ചപോലെ വന്നു. കണ്ണുതുറക്കുമ്പോൾ വിവസ്ത്രയായി കട്ടിലിൽ കിടക്കുകയായിരുന്നു. മദ്യമോ ഡ്രഗ്സോ ആ രാത്രി ഉപയോഗിച്ചിരുന്നില്ലെന്നും സ്റ്റോമി പറഞ്ഞു. ട്രംപുമായുള്ള രതി ഉഭയസമ്മതത്തോടെയുള്ളതായിരുന്നില്ല. എന്നാൽ ട്രംപിൻ്റെ നീക്കങ്ങളെ താൻ എതിർത്തിർത്തിരുന്നില്ലെന്നും സ്റ്റോമി വ്യക്തമാക്കി. പ്രതിഭാഗം അഭിഭാഷക സൂസൻ നിക്കെലസ് സ്റ്റോമിയുടെ വാദങ്ങളെ മികച്ച തിരക്കഥയെന്ന് വിശേഷിപ്പിച്ചപ്പോൾ ഈ കഥ അസത്യമായിരുന്നേൽ ഞാനിത് കുറച്ചുകൂടി നന്നായി എഴുതുമായിരുന്നു എന്നായിരുന്നു സ്റ്റോമിയുടെ മറുപടി.
സ്റ്റോമിയെ നിശബ്ദയാക്കുന്നതിന് 2016ൽ തെരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുന്നോടിയായി ട്രംപിൻ്റെ മുൻ വക്കീലായിരുന്ന മൈക്കിൾ കൊഹെൻ വഴിയാണ് 130,000 ഡോളർ നൽകി. ഈ തുക കണക്കിൽ കാണിക്കുന്നതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാണിച്ചതെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. 2018ൽ വാൾ സ്ട്രീറ്റ് ജേർണൽ ആണ് ഈ വിവരം പുറത്തുവിട്ടത്. സംഭവം വെളിയിലായതോടെ തൻ്റെയും മകളുടെയും ജീവിതം താറുമാറായതായി സ്റ്റോമി പറഞ്ഞു. ട്രംപ് നൽകിയ പണം ഉപയോഗിച്ച് തൻ്റെ ജീവിതം മെച്ചപ്പെട്ട കാര്യവും കോടതിയിൽ പറയാൻ സ്റ്റോമിക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. മകൾക്ക് നല്ല വിദ്യാഭ്യാസം മുതൽ ആഡംബര ജീവിതം നയിക്കുന്നതിന് വരെ ആ പണം തന്നെ സഹായിച്ചെന്ന് അവർ വ്യക്തമാക്കി. 2018 ഈ സംഭവം പുറത്തുവന്നതോടെ സ്റ്റോമിയുടെ പ്രശസ്തി വർദ്ധിച്ചു. കൂടുതൽ സ്റ്റേജുകളിൽ ഡാൻസ് കളിക്കാനുള്ള അവസരം ലഭിച്ചു. വിവാദത്തിലൂടെ ലഭിച്ച കുപ്രസിദ്ധിയെപ്പോലും സ്റ്റോമി പണമുണ്ടാക്കാനുള്ള അവസരമായി ഉപയോഗിച്ചതായി ട്രംപിൻ്റെ അഭിഭാഷകർ കോടതിയിൽ തെളിവുസഹിതം ചൂണ്ടിക്കാട്ടിയിരുന്നു.
ട്രംപ് നടത്തിയ സാമ്പത്തിക തിരിമറിയെക്കുറിച്ച് സ്റ്റോമിക്ക് അറിയുമോ എന്ന പ്രതിഭാഗം അഭിഭാഷകൻ്റെ ചോദ്യത്തിന് ഞാൻ എന്തിനാണ് ഇതൊക്കെ അറിയുന്നതെന്നായിരുന്നു അവരുടെ മറുപടി. തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ട്രംപ് ചെയ്തിരിക്കുന്നത്. എന്നാൽ മുൻ അമേരിക്കൻ പ്രസിഡൻ്റ് എന്ന പരിഗണനയിൽ ശിക്ഷയിൽ ഇളവ് ലഭിക്കുമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Story Highlights : Stormy Daniels, the centre of Trump’s hush money conviction.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here