Advertisement

ഇംഗ്ലണ്ട് തെരഞ്ഞെടുപ്പിലേക്ക്; സുനക് വാഴുമോ?

June 1, 2024
Google News 1 minute Read

നമത്

വായിൽ വെളളിക്കരണ്ടിയുമായി ജനിക്കുന്നവർക്ക് പല പ്രശ്നങ്ങളുണ്ട്. ഋഷി സുനകിനും ചാൾസ് രാജാവിനോളം ധനികനായ നാരായണമൂർത്തിയുടെ മകളുടെ ഭർത്താവാവുമ്പോൾ പ്രത്യേകിച്ചും. ഗ്രാസ്സ്റൂട്ട് എന്നു നാടൻ ഭാഷയിൽ വിളിക്കുന്ന ഒന്നിൻ്റെ അഭാവം. സ്റ്റിഫ് അപ്പർലിപ്പുകാരനായ അന്നന്നപ്രാരബ്ദക്കാരനായ ശരാശരി കോക്നിക്ക്, ലണ്ടൻകാരന് അല്ലെങ്കിൽ വെയിൽസുകാരനോ വടക്കനയർലണ്ടുകാരനോ താദമ്യപ്പെടാവുന്ന ഒന്നും സുനകിനില്ല. ഒന്നാം തലമുറ ധനിക ഡോക്ടറുടെ പുത്രൻ. ഈറ്റൺ സ്കൂൾ മുതൽ ഓക്സ്ബ്രിഡ്ജെന്നു ചേർത്തുവിളിക്കുന്ന യൂണിവേഴ്സിറ്റികളും വാർത്തെടുക്കുന്ന കുലീനരുടെ ഇടയിൽ അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ ഉത്പന്നമാണ് പ്രഭുപട്ടഛായകളൊന്നുമില്ലാത്ത ഋഷി. കൺകണ്ട രാജാവായ സിന്ധ്യയോ തരൂരോ പോലുമല്ല ഋഷി. ഗ്രാസ്സ് റൂട്ടിൽ അച്ചുതാനന്ദൻ പോയിട്ട് ആനത്തലവട്ടം ആനന്ദൻ പോലുമല്ല. മറിച്ച് മീമുകളുടെ രാജാവാണ്.

ശരാശരി ഇംഗ്ലീഷുകാരൻ കണ്ണാടി നോക്കുമ്പോൾ ഋഷിയെ കാണാതിരിക്കുന്നതിൻ്റെ റിപ്പിൾ ഇഫക്ടാണ് മീമാതിസാരം. നൂറു രൂപയ്ക്ക് ഒരു പൗണ്ടെന്ന അതിശയോക്തി മാറ്റി വെച്ചു നോക്കിയാലേ ശരാശരി ഇംഗ്ലീഷുകാരൻ തെളിയൂ. അതിനു ഇംഗ്ലീഷ് വർഗ്ഗസിദ്ധാന്തം വേണം. അതികൂലീനരെന്ന വെണ്ണപ്പാട. ലോകത്തെ ഒന്നും ബാധിക്കാത്ത ഭാഗ്യവാന്മാർ. എൻഎച്ച്എസ്സിൽ സൗജന്യ ചികിത്സ വേണ്ടാത്തവർ. സർക്കാർ സ്കൂളിൽ കുട്ടികളെ അയക്കേണ്ടാത്തവർ. ജീവിതത്തിലൊരിക്കലും സോഷ്യൽ വെൽഫെയറെന്ന തൊഴിലില്ലായ്മ വേതനം വാങ്ങേണ്ടാത്തവർ. വരുംതലമുറകൾ തിന്നു മുടിച്ചാലും മുടിച്ചാലും തീരാത്ത സമ്പത്തിൻറെ അപാരത. പ്രഭുവർഗ്ഗം. സ്വാധീനവും ശേഷിയും അപാരം.
അടുത്തത് മധ്യവർഗ്ഗക്കാരനാണ്. പണിയെടുത്ത് നടുവൊടിയുന്നവൻ. മുപ്പതു ശതമാനം മുതൽ മുകളിലേക്ക് നികുതി കൊടുക്കുന്നവൻ. നികുതി മാത്രമല്ല, അന്യായ ഇൻഷുറൻസും കൌൺസിൽ ടാക്സും കൊടുക്കുന്നവൻ. തുമ്മിയാൽ വരെ പണ ചിലവുളള രാജ്യത്ത് സൗജന്യ ചികിത്സയും വിദ്യാഭ്യാസവും കാരണം പിടിച്ചു നിൽക്കുന്നു. വാർദ്ധക്യം അവനൊരു പേടി സ്വപ്നമാണ്. മോർട്ട് ഗേജെടുത്ത വീടു റിവേഴ്സ് മോർട്ട് ഗേജിനു വെച്ചേച്ചു വേണം വാർദ്ധക്യത്തിൽ അന്തസ്സായി മരിക്കാൻ വൃദ്ധസദനം ബുക്ക് ചെയ്യാൻ. നാലു ഋതുക്കളുടെ വസ്ത്രവും ഭക്ഷണവും കഴിഞ്ഞു ചില്ലറ കാശു മിച്ചം വെച്ചു വേണം വർഷത്തിൽ ഒരിക്കൽ സ്പെയിനിലോ പോർച്ചുഗലിലോ പോയി വെയിലു കൊളളാൻ. ഇല്ലെങ്കിൽ നാണക്കേടാണ്.

ഈ ഗതികേടുകാരന്റെ മറുവശമാണ് കൗൺസിൽ ക്ലാസ്സ്. അടിസ്ഥാന വർഗ്ഗം. കമ്യൂണിസ്സം പേടിച്ച് വെൽഫയർ സ്റ്റേറ്റു വന്നതിന്റെ ഗുണഭോക്താക്കൾ. സൗജന്യ പാർപ്പിടം, കുട്ടിയൊന്നിനു ആളൊന്നിനു ചൈൽഡ് ബെനഫിറ്റ്, സൗജന്യ വിദ്യാഭ്യാസം, സൗജന്യ ചികിത്സ. ഇതൊന്നു കൊണ്ടാണ്, ഇംഗ്ലീഷ് കനാൽ കടന്നു അഭയാർത്ഥി ബോട്ടുകളെത്തുന്നത്. അൽപ്പം പണി ചെയ്താൽ നാട്ടിലേക്കയക്കാൻ പണം. ഇതു തന്നെയാണ് തീവ്രവലതു പക്ഷത്തിൻ്റെ വിളനിലവും. സർക്കാർ ചിലവിലെ അന്തേവാസികളിൽ വർണ്ണക്കലർപ്പു വന്നപ്പോൾ, സ്വത്വബോധമുണർന്നപ്പോൾ ബ്രക്സിറ്റുണ്ടായി.

ഇവിടെയാണ് കണക്കുകൾ പ്രസക്തമാവുന്നത്. ഭരണം തീരുമാനിക്കുന്നത് രണ്ടും മൂന്നും വർഗ്ഗങ്ങളാണ്. വോട്ടെണ്ണൽ ഫലത്തിൽ പ്രഭുസാന്നിധ്യത്തിന്റെ നിഴലുകളൊന്നുമില്ല. ഋഷി അവസാനം സ്കോർ ചെയ്തതിവിടെയാണ്. അതിന്റെ ഫലം അനുഭവിക്കുന്നത് അയർലൻ്റാണെങ്കിലും. കഴിഞ്ഞ കുറച്ചു നാളുകളായി ഇംഗ്ലണ്ടിൽ നിന്നും അഭയാർത്ഥികളായി കഴിഞ്ഞവർ വടക്കനയർലൻ്റിൻ്റെ അതിർത്തി കടന്നു ഐറിഷ് റിപ്പബ്ലിക്കിലെത്തുന്നു. കടലിൽ കഷ്ടപ്പെട്ട് ബോട്ടിൽ യുകെയിലെത്തിയിട്ട് വിമാനത്തിൽ തിരിച്ചു റുവാണ്ടയ്ക്കു പോകാനാഗ്രഹിക്കുന്നവരുണ്ടാവില്ല. ഉക്രൈനിയൻ അഭയാർത്ഥികളെ കൊണ്ടു നിറഞ്ഞ അഭയാർത്ഥി ചിത്രപടത്തിൽ പുതിയ നിഴലുകൾ. അഭയാർത്ഥി ബോട്ടുകൾ ഐറിഷ് തീരത്തേക്കു നേരിട്ടെത്തുന്ന ദിവസങ്ങൾ അധികം ദൂരെയല്ല. പക്ഷെ അതു സുനകിൻ്റെ റുവാണ്ട ബില്ലിന്റെ വിജയമാണ്.

ഗ്രാസ്സ് റൂട്ട് ചേരുവകളൊന്നുമില്ലാത്ത സുനക് അടിസ്ഥാനവർഗ്ഗങ്ങളിൽ പിടിമുറുക്കുന്നതിൻ്റെ തെളിവ്. അകാലതിരഞ്ഞെടുപ്പിലെ അടിയൊഴുക്കുകളുടെ ആദ്യലക്ഷണം. റുവാണ്ട ബില്ലെന്ന തുറുപ്പുഗുലാനിലെ ചൂതാട്ടം. കലാലയത്തിൽ മുദ്രാവാക്യം വിളിക്കുകയും തല്ലു കൊളളുകയും ചെയ്യാത്ത സുനക് കൃതഹസ്തനായ രാഷ്ട്രീയക്കാരനെ പോലെ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് സ്വത്വബോധങ്ങളിൽ കയ്യെത്തിപ്പിടിക്കുന്നു. ഇംഗ്ലീഷ് സ്വത്വബോധത്തിൽ സാധാരണ ഇടകലരാത്ത ഐറിഷ് വെൽഷ് ജനതയെ കൂടെ നിർത്താൻ പണി പതിനെട്ടും പയറ്റുന്നു. റുവാണ്ടൻ വിമാനം ഇംഗ്ലീഷ് വിശാലസ്വത്വബോധത്തിൻ്റെ നിർവചനമാണ്. ക്ഷേമരാഷ്ട്രം തുടങ്ങിയിട്ടാദ്യമായി അഭയാർത്ഥികൾ മറുകര തേടുന്ന അതിശയം. അതൊന്നു മതി സുനകിനു ജയിക്കാൻ.

ശിഷ്ടം കണക്കിൽ കളിയാണ്. സാമ്പത്തിക മാന്ദ്യം പിടിച്ചു നിർത്തിയതും ഇടത്തരക്കാരനെ കണ്ണെറിയുന്ന നികുതി നികുതിയിതര ആനുകൂല്യങ്ങളും ഇംഗ്ലീഷ് സമൂഹത്തിൻറെ ആണിക്കല്ലായ എൻഎച്ച്എസ് സംവിധാനം മെച്ചപ്പെടുത്തുന്നതിനുളള പദ്ധതികളും മെലിഞ്ഞു കുറുകിയ സുനക് ഉക്രെയിൻ വിഷയത്തിലും മധ്യധരണ്യാഴിയിലെ കപ്പൽ ഗതാഗത പ്രശ്നങ്ങളിലും പെടപ്പിക്കുന്ന മസിലും. മെലിഞ്ഞ സുനകിൻ്റെ മസിൽ പിടുത്തും എൺപതുകളിലെ റാംബോയെ പോലെ സൂക്ഷ്മമായ ഒരു ഇംഗ്ലീഷ് റാംബോയെ നിർവചിക്കുന്നു. ജയിംസ് ബോണ്ടു സിനിമകൾ കാത്തിരിക്കുന്ന ദേശത്ത് പ്രത്യേകിച്ചും. കറുത്ത ജയിംസ് ബോണ്ടിനെ കുറിച്ചുളള ആലോചനകൾ പോലും വാചകവിപ്ലവമുണ്ടാക്കിയ ദേശത്ത് അത് വലിയൊരു നേട്ടമാണ്. പ്രതിപക്ഷത്തിനും സ്വന്തം പാർട്ടിയിലെ എതിരാളികൾക്കും വളളപ്പാടുകൾ ദൂരെയാണ് സുനക്ക്. അട്ടിമറികളൊന്നും നടന്നില്ലെങ്കിൽ തിരഞ്ഞെടുപ്പു ചൂതാട്ടത്തിൽ സുനക് വിജയിക്കും.

Story Highlights : Rishi Sunak names July 4 for UK general election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here