Advertisement

ടി20 ലോകകപ്പ്; ഉദ്ഘാടന മത്സരത്തിൽ ജയം USAക്ക്; കാനഡയെ 7 വിക്കറ്റിന് തകർത്തു

June 2, 2024
Google News 2 minutes Read

ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ കാനഡയ്‌ക്കെതിരേ ജയവുമായി ആതിഥേയരായ യുഎസ്എ. ഏഴു വിക്കറ്റ് വിജയമാണ് മത്സരത്തിൽ യുഎസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത കാനഡ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 14 പന്തുകൾ ശേഷിക്കെ യുഎസ്എ മറികടന്നു.

40 പന്തുകളിൽ 94 റൺസ് നേടി പുറത്താകാതെ നിന്ന ആരോൺ ജോൺസാണ് യുഎസ്എയുടെ വിജയ ശിൽ‌പി. ആൻഡ്രിസ് ഗോസ് അർധ സെഞ്ചുറിയുമായി ജോൺസിന് ഉറച്ച പിന്തുണ നൽകി. ജോൺസ് 10 സിക്‌സും നാല് ഫോറുമടക്കം 94 റൺസോടെ പുറത്താകാതെ നിന്നു. ആൻഡ്രിസ് ഗോസ് 46 പന്തിൽ നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കം 65 റൺസെടുത്തു. അലി ഖാൻ, ഹർമീത് സിങ്, കോറി ആൻഡേഴ്സൻ എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന കാനഡ ഇന്ത്യൻ വംശജനായ നവ്നീത് ധാലിവാളിന്റെയും നിക്കോളാസ് കിർട്ടന്റെയും അർധ സെഞ്ചുറിക്കരുത്തിൽ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തിരുന്നു. കാനഡയ്ക്ക് വേണ്ടി നവ്നീത് ധലിവാൾ (61 റൺസ്), നിക്കോളാസ് കീർട്ടൺ (51) എന്നിവരാണ് ഭേദപ്പെട്ട സ്‌കോർ കണ്ടെത്തിയത്. 44 പന്തിൽ നിന്നാണ് നവ്നീത് 61 റൺസ് നേടിയത്. ആറു ബൗണ്ടറികളുടെയും മൂന്ന് സിക്സുകളുടെയും അകമ്പടിയോടെയായിരുന്നു 61 റൺസ്.

അവസാന ഓവറുകളിൽ ശ്രേയസ് മൊവ്വയുടെ വമ്പൻ പ്രകടനമാണ് കാനഡ സ്‌കോർ 194-ൽ എത്തിച്ചത്. വെറും 16 പന്തിൽ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം മൊവ്വ 32 റൺസുമായി പുറത്താകാതെ നിന്നു.

Story Highlights : T20 World Cup 2024 USA beat Canada by seven wickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here