Advertisement

മൂന്നാമൂഴം കാത്ത് മോദി; പ്രവചനങ്ങള്‍ക്ക് ചെവികൊള്ളാതെ ഇന്ത്യാമുന്നണി; ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍

June 3, 2024
2 minutes Read
Loksabha election result tomorrow

രാജ്യം കാത്തിരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധി നാളെ അറിയാം. വോട്ടെണ്ണലിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നാളെ രാവിലെ എട്ടുമണിമുതല്‍ വോട്ടെണ്ണി തുടങ്ങും. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഇന്ത്യാ സഖ്യവും, ബിജെപിയും നല്‍കിയ പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം ഇന്നുണ്ടാകും. ഉച്ചയ്ക്ക് 12 30ന് കമ്മിഷന്‍ വാര്‍ത്താസമ്മേളനം നടത്തും. കോണ്‍ഗ്രസ് ബിജെപി പക്ഷങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളിലും ആക്ഷേപങ്ങളിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണവും ഇതിന്റെ ഭാഗമായി ഉണ്ടാകും.(Loksabha election result tomorrow)

രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ പതിനെട്ടാം ലോക്‌സഭയുടെ സ്ഥാനം ഏറെ പ്രത്യേകതകള്‍ ഉള്ളതാകും. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന് ഒടുവില്‍ വോട്ടെണ്ണലിലേക്ക് കടക്കുമ്പോള്‍ ആദ്യം പോസ്റ്റല്‍ ബാലറ്റും പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും ആകും എണ്ണുക. വോട്ടെണ്ണല്‍ ആരംഭിച്ചുകഴിഞ്ഞാല്‍ ഉടന്‍തന്നെ ആദ്യമാകുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷാസംവിധാനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിജയാഹ്ലാദപ്രകടനത്തില്‍ അടക്കം നിയന്ത്രണങ്ങള്‍ വേണമെന്ന് കമ്മീഷന്‍ രാഷ്ട്രീയപാര്‍ട്ടികളോട് ആവശ്യപ്പെട്ടു.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ തന്നെ വിതരണം ചെയ്യാനുള്ള നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വൈകിട്ടോടുകൂടി തന്നെ എല്ലാ മണ്ഡലങ്ങളിലെയും ഫലം വ്യക്തമാകും എന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.

Read Also: പോസ്റ്റല്‍ ബാലറ്റ് ആദ്യം എണ്ണണം, സുതാര്യത ഉറപ്പാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ഇന്ത്യാ മുന്നണി

നാളെ വോട്ടെണ്ണുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ മുന്നണിയും, ബിജെപിയും രാഷ്ട്രീയ സാഹചര്യങ്ങള്‍ അവലോകനം ചെയ്യുന്ന തിരക്കിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ബിജെപിയുടെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന ദേശീയ നേതാക്കളുടെ ഓണ്‍ലൈന്‍ യോഗം ഇന്നും ഉണ്ടാകുമെന്നാണ് വിവരം. ഇന്ത്യ മുന്നണിയില്‍ കോണ്‍ഗ്രസ് ആണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ ഫലം കണ്ടു എന്ന സൂചന കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ബിജെപി മുന്നണിക്ക് മൂന്നാമതും അധികാര തുടര്‍ച്ച ലഭിക്കും എന്ന് വ്യക്തമാക്കുന്നതാണ്. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും രാജ്യത്ത് ഇന്ത്യ സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ് കോണ്‍ഗ്രസിന്റെ അവകാശവാദം.

Story Highlights : Loksabha election result tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top