Advertisement

അന്ന് യു ടേൺ ബാബു, ഇന്ന് കിങ്മേക്കർ ചന്ദ്രബാബു നായിഡു

June 4, 2024
2 minutes Read

പ്രാദേശിക പാർട്ടികൾ വൻ വിജയം നേടിയ ഒരു തെരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. അതിൽ തന്നെ ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിലുള്ള ടിഡിപിയാണ് അപ്രതീക്ഷിത വിജയം നേടിയത്. രാജ്യത്തിൻ്റെ ഗതി നിർണ്ണയിക്കുന്നതിൽ ചന്ദ്രബാബുവിനും ടിഡിപിക്കും വലിയ പങ്കാണുള്ളത്. ചന്ദ്രബാബു നായിഡു തിരിച്ചുവരുമെന്ന എക്സിറ്റ് പോളുകളെ തള്ളി സത്യപ്രതിജ്ഞ നടത്താനുള്ള ദിവസം പോലും തീരുമാനിച്ചിരുന്ന ജഗൻമോഹൻ സർക്കാരിന് വലിയ തിരിച്ചടിയായി ടിഡിപിയുടെ വലിയ ലീഡ് നില. 175 നിയമസഭാ സീറ്റുകളിൽ 134 സീറ്റുകളിലും ടിഡിപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിനാണ് ലീഡ്. ആന്ധ്രാപ്രദേശിൽ ആകെ 25 ലോക്സഭാ സീറ്റുകളാണുള്ളത്. ഇതിൽ 16 സീറ്റുകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ടിഡിപി തന്നെയാണ് മുന്നിൽ. മിന്നും വിജയം നേടിയതോടെ ജഗൻ മോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രഖ്യാപിച്ച അതേദിവസം അധികാരമേറ്റ് മധുര പ്രതികാരം ചെയ്യാൻ ചന്ദ്രബാബു നായിഡു തീരുമാനിച്ചു. ജൂണ്‍ 9ന് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ടിഡിപി വ്യക്തമാക്കുന്നത്.

ചന്ദ്രബാബു നായിഡുവും ബിജെപിയും മോദിയും തമ്മിലുണ്ടായ വലിയ കലഹത്തിനൊടുവിലാണ് ഇപ്പോൾ സഖ്യത്തിലെത്തിയത്. 2019ൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ചന്ദ്രബാബു നായിഡുവിനെ “യു ടേൺ ബാബു” എന്നായിരുന്നു വിളിച്ചത്. ഇത് ചില്ലറ വാക്പോരിനല്ല തുടക്കമിട്ടത്. സ്വന്തം കർത്തവ്യങ്ങളിൽ നിന്ന് യു ടേൺ അടിക്കുന്നത് മോദിയാണെന്നും സംസ്ഥാനത്തിന് വാഗ്ദാനം ചെയ്ത പ്രത്യേക പദവി ഉൾപ്പടെ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാതെ മോദിക്ക് ആന്ധ്രയിൽ കാലുകുത്താനുള്ള അവകാശമില്ലെന്നായിരുന്നു പ്രതികരിച്ചത്.
കേന്ദ്ര പദ്ധതികളുടെ പേര് മാറ്റി സംസ്ഥാനപദ്ധതിയാക്കി മാറ്റി സ്വന്തം ചിത്രം പതിക്കുന്നതിൽ ചന്ദ്രബാബു നായിഡു മിടുക്കനാണ്. അതുകൊണ്ട് “സ്റ്റിക്കർ ബാബു” എന്നാണ് ചന്ദ്രബാബു നായിഡു അറിയപ്പെടുന്നതെന്നായിരുന്നു മോദിയുടെ മറ്റൊരു പരാമർശം. “മോദി ഈസ് എ മിസ്റ്റേക്ക്” എന്ന ഹാഷ്ടാഗോടുകൂടി നിരവധി ട്വീറ്റുകളാണ് തുടർന്ന് നായിഡു പോസ്റ്റ് ചെയ്തത്.

Read Also: “എഞ്ചിനീയർ റാഷിദ് എന്ന ഷെയ്ഖ് അബ്ദുൾ റഷീദ്”; ആരാണ് ഒമർ അബ്ദുള്ളയെ തോൽപ്പിച്ച ജയിൽ ശിക്ഷ അനുഭവിക്കുന്ന നേതാവ്!

പിന്നീട് നായിഡുവിനെ ബാഹുബലി സിനിമയിലെ വില്ലൻ ‘ഭല്ലാൾദേവനുമായിട്ടാണ്’ ഉപമിച്ചത്. കുടുംബത്തിൽ മാത്രം അധികാരം ഉറപ്പിച്ചു നിർത്തി സംസ്ഥാനത്തെ നാശത്തിലേക്ക് തള്ളിവിടുകയാണെന്നായിരുന്നു മോദി അന്ന് ആരോപിച്ചത്. സംസ്ഥാനത്തെ അഴിമതികളെ ബിജെപി ചോദ്യം ചെയ്തപ്പോൾ സഖ്യം അവസാനിപ്പിച്ചു പോവുകയാണ് നായിഡു ചെയ്തെന്ന് മോദി ആരോപിച്ചു. മോദിയുടെ ആക്രമണത്തിൽ സഹികെട്ട നായിഡുവാകട്ടെ മോദിയെ പച്ചയ്ക്ക് തീവ്രവാദിയെന്നു വിശേഷിപ്പിച്ചു. നരേന്ദ്ര മോദി ഒരു കടുത്ത തീവ്രവാദിയാണ്. അദ്ദേഹം ഒരു നല്ല സമരിയാക്കാരനല്ല. മോദിക്ക വോട്ട് ചെയ്യുന്നതിന് മുമ്പ് ഗുജറാത്ത് കലാപം ഓർക്കണമെന്നും ബിജെപി അധികാരത്തിലേറിയാൽ ന്യൂനപക്ഷങ്ങളെ ഉന്‍മൂലനം ചെയ്യുമെന്നും നായിഡു തിരിച്ചടിച്ചു. ഇതോടെ മോദി നായിഡുവിനെ ആക്രമിക്കുന്നതിൻ്റെ കടുപ്പം കുറയ്ക്കുകയും ചെയ്തു.

എന്നാൽ 2019ൽ പരസ്പരം ഏറ്റുമുട്ടിയതെല്ലാം മറന്ന് നായിഡുവിൻ്റെ നേതൃത്വത്തിലുള്ള ടിഡിപിയും മോദിയുടെ ബിജെപിയും 2024ൽ വീണ്ടും സഖ്യത്തിലായി. കടുത്ത തീവ്രവാദിയെന്ന് മോദിയെ വിശേഷിപ്പിച്ച അതേ നാവുകൊണ്ടുതന്നെ മികച്ച നേതാവാണെന്ന് വാഴ്ത്തി. മോദിയുടെ ഭരണത്തിലുള്ള ഇന്ത്യ അതിവേഗത്തിൽ വളരുകയാണെന്നും ലോകത്തിൻ്റെ കണ്ണുകൾ ഇന്ത്യയിലാണെന്നും പുകഴ്ത്തി. പ്രധാനമന്ത്രിയും താനും ഒരേപോലാണ് ചിന്തിക്കുന്നതെന്നും ജഗൻമോഹൻ റെഡ്ഡി ഏകാധിപതി ആണെന്നും അദ്ദേഹത്തിൻ്റെ ഭരണത്തിൽ നിന്ന് ആന്ധ്രാക്കാരെ എൻഡിഎ സഖ്യം രക്ഷപെടുത്തുമെന്നും പരസ്യമായി നായിഡു പ്രഖ്യാപിച്ചു. എൻഡിഎ സഖ്യത്തിനൊപ്പം നിൽക്കുമ്പോഴും ന്യൂനപക്ഷങ്ങളെ ചേർത്തുനിർത്തുന്നതിലും നായിഡു വിജയിച്ചു.

Read Also: ഖാലിസ്ഥാൻ നേതാവ്, ജയിലിൽ നിന്ന് പാർലമെന്റിലേക്ക്; ആരാണ് അമൃത്പാൽ സിംഗ്?

ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം വൈഎസ്ആർസിപിയെ സംസ്ഥാനത്തുനിന്നും അക്ഷരാർഥത്തിൽ തുടച്ചുനീക്കിയെന്നു തന്നെ പറയാം. ആന്ധ്രയിൽ വലിയ തിരിച്ചുവരാവാണ് നായിഡുവും ടിഡിപിയും നടത്തിയത്. രാജ്യത്തിൻ്റെ ഗതി നിർണ്ണയിക്കാൻ വിധം കരുത്തനായ നേതാവായിട്ടാണ് ചന്ദ്രബാബു നായിഡുവിൻ്റെ തിരിച്ചുവരവ്. സർക്കാർ രൂപീകരിക്കുന്നതിനായി ഇന്ത്യാ സഖ്യത്തിനുവേണ്ടി മമത ബാനർജിയും മറ്റ് മുതിർന്ന നേതാക്കളും നായിഡുവുമായി ചർച്ച നടത്തുന്നതായിട്ടാണ് റിപ്പോർട്ടുകൾ. ചന്ദ്രബാബു നായിഡു തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ വീണ്ടുമൊരു യൂ ടേൺ അടിക്കാൻ തയ്യാറാക്കുമോ എന്നാണ് രാജ്യം ഇപ്പോൾ ഉറ്റു നോക്കുന്നത്.

Story Highlights : Chandrababu Naidu, the centre of Lok Sabha Election 2024.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top