Advertisement

ഏകപക്ഷീയമല്ല; എക്‌സിറ്റ് പോളിനെ നാണം കെടുത്തിയ ഫലം

June 4, 2024
2 minutes Read

ഒരു ഘട്ടത്തില്‍ വാരണാസിയില്‍ നിന്ന് മത്സരിച്ച എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയെ വരെ പിന്നിലാക്കി കണക്കുകള്‍ മാറി മറിഞ്ഞപ്പോള്‍ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെയെല്ലാം നാണം കെടുത്തുന്നതായി യഥാര്‍ഥ തെരഞ്ഞെടുപ്പ് ഫലം. എക്‌സിറ്റ് പോള്‍ വിവരങ്ങള്‍ മുന്നിലുണ്ടെങ്കിലും സ്‌ട്രോങ് റൂമുകള്‍ തുറന്നതുമുതല്‍ രാജ്യമാകെ ആകാംഷയുടെ മുള്‍മുനയിലായിരുന്നു. നരേന്ദ്രമോദി നയിക്കുന്ന ദേശീയ ജനാധിപത്യസഖ്യം (എന്‍.ഡി.എ) ഏകപക്ഷീയമായ മുന്നേറ്റമുണ്ടാക്കുമോ അതോ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് അഥവാ ഇന്ത്യമുന്നണി നേട്ടമുണ്ടാക്കുമോ എന്നതായിരുന്നു അറിയേണ്ടിയിരുന്നത്. എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചെങ്കിലും പതിവുപോലെ പോസ്റ്റല്‍ ബാലറ്റുകള്‍ ആണ് ആദ്യമെണ്ണിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കാറ്റ് എങ്ങോട്ടെന്ന സൂചന തരാന്‍ പോസ്റ്റല്‍ വോട്ടുകള്‍ക്ക് കഴിയില്ല. വോട്ടിങ് മെഷീനുകളില്‍ നിന്നുള്ള കൗണ്ടിങ് ആരംഭിച്ചതോടെ ആ സൂചനയെത്തി. ഇന്ത്യയില്‍ എന്‍.ഡി.എക്ക് ഏക പക്ഷീയമായ മുന്നേറ്റമില്ല എന്നതായിരുന്നു അത്.

2019-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍.ഡി.എ) 353 സീറ്റുകള്‍ നേടിയിരുന്നു. ഇതില്‍ 303 സീറ്റുകളും ബി.ജെ.പി ഒറ്റക്കായിരുന്നു നേടിയത്. എന്നാല്‍ ഇത്തവണ ബി.ജെ.പിക്ക് 240 സീറ്റുകളാണ് ഒറ്റക്ക് നേടാന്‍ സാധിച്ചത്. കേരളത്തില്‍ നിന്നുള്ള ഏക സീറ്റ് മാറ്റ് കുറയാത്തതാണെങ്കില്‍ കൂടി. അതേ സമയം 2019-ല്‍ 52 സീറ്റില്‍ ഒതുങ്ങി മാറി നിന്ന കോണ്‍ഗ്രസ് 98 സീറ്റുകളില്‍ കളം പിടിച്ചു.

മോദിയുടെ തണലേല്‍ക്കുന്ന ആദിത്യനാഥിന്റെ യു.പിയില്‍ കാറ്റ് മാറി വീശിത്തുടങ്ങി

2017 മുതല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭ, നിയമസഭ മണ്ഡലങ്ങളുള്ള സംസ്ഥാനം. ആകെയുള്ള 80 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 240 ദശലക്ഷത്തിലധികം ജനങ്ങളും ഉണ്ട്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമെന്ന നിലക്ക് കേന്ദ്രം ആര് ഭരിക്കണമെന്ന തീരുമാനിക്കാന്‍ യുപിക്ക് കഴിയും. മോദിയും രാഹുല്‍ ഗാന്ധിയും സംസ്ഥാനത്ത് ജനവിധി തേടിയിരുന്നു.

2019 യുപി വോട്ട് കണക്ക്

2019-ല്‍ എന്‍ഡിഎ 64 സീറ്റുകള്‍ നേടി. ബിജെപി ഒറ്റക്ക് 62 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് യുപിയില്‍ ലഭിച്ചത്. ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) പത്തും സമാജ്വാദി പാര്‍ട്ടി (എസ്പി) അഞ്ച് സീറ്റിലും വിജയിച്ചു.

എന്നാല്‍ 2024 ലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ എക്‌സിറ്റ് പോളിലേത് പോലെ അത്ര പന്തിയല്ല. എസ്പി വലിയ മുന്നേറ്റമാണ് കാഴ്ച്ച വെച്ചത്. ഒടുവിലെ വിവരങ്ങള്‍ പ്രകാരം അഞ്ച് സീറ്റുകളില്‍ എസ്.പി വിജയിച്ചിട്ടുണ്ട്. 33 സീറ്റില്‍ മുന്നേറിക്കൊണ്ടിരിക്കുകയുമാണ്. കോണ്‍ഗ്രസ് ആകട്ടെ രണ്ട് സീറ്റില്‍ വിജയിക്കുകയും നാല് സീറ്റുകളില്‍ ലീഡ് ചെയ്യുകയുമാണ്. 2019-ല്‍ ബിജെപി വിജയിച്ച മണ്‌ലങ്ങളില്‍ പലതിലും എസ്പിയായിരുന്നു മുന്നില്‍. ഇന്ത്യ സഖ്യത്തിന് ആകെ 40 സീറ്റുകള്‍.
അതേസമയം, ബിജെപി 36 സീറ്റുകളില്‍ ലീഡ് ഉറപ്പിക്കുകയും ചെയ്യുന്നു. മറ്റ് മൂന്ന് സീറ്റുകളിലാണെങ്കില്‍ സഖ്യകക്ഷികള്‍ മുന്നിലാണ്. അയോധ്യയിലെ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ബിജെപി പിന്നിലായിരുന്നു. ഇത് അക്ഷരാര്‍ഥത്തില്‍ നേതൃത്വത്തെ ഞെട്ടിച്ചു. ഇത്തവണ എസ്പിയും കോണ്‍ഗ്രസും വിവേകത്തോടെയാണ് പ്രവര്‍ത്തിച്ചത്. എസ്പി നേതാവ് അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള രസതന്ത്രം കൂടുതല്‍ ശക്തമായിരുന്നു.
35 വയസ്സിന് താഴെയുള്ളവര്‍ക്കിടയില്‍ ബിജെപിയോടുള്ള വര്‍ദ്ധിച്ചുവരുന്ന അതൃപ്തിയും ഉത്തരേന്ത്യന്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ സ്വാധീനം നഷ്ടപ്പെടുത്താന്‍ കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.

മോദിയുടെ മണ്ഡലമായ വാരാണസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിവി അജയ് റായ് 2019 ലെ പ്രധാനമന്ത്രിയുടെ മാര്‍ജിനില്‍ കാര്യമായി വിള്ളലുകള്‍ വീഴ്ത്തി. 2019-ല്‍ 500,000 വോട്ടുകള്‍ക്കായിരുന്നു മോഡി വിജയിച്ചത്. വൈകുന്നേരം നാല് മണിക്ക് അദ്ദേഹം ഏകദേശം 1,50,000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയായിരുന്നു. നേരെമറിച്ച്, രാഹുല്‍ ഗാന്ധി തന്റെ മണ്ഡലമായ റായ്ബറേലിയില്‍ ഏകദേശം 3,50,000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയായിരുന്നു.

Story Highlights : India Lok Sabha election 2024 exit poll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top