Advertisement

ടി20 ലോകകപ്പ്: ഇന്ത്യ ഇന്നിറങ്ങും; ആദ്യ ഇലവനില്‍ സഞ്ജുവുണ്ടാകുമോ?

June 5, 2024
3 minutes Read
Team india

ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിനായി ടീം ഇന്ത്യ ഇന്ന് ഇറങ്ങും. 17 വര്‍ഷം നീണ്ട കിരീട മോഹങ്ങള്‍ക്ക് തുടക്കമിടുന്ന മാച്ചില്‍ ആദ്യ ഇലവനിലിറങ്ങുന്ന താരങ്ങള്‍ ആരൊക്കെയെന്നതാണ് ആരാധാകര്‍ ഉറ്റുനോക്കുന്നത്. രാത്രി എട്ടിന് ന്യൂയോര്‍ക്കിലെ നസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഗ്രൂപ്പ് എ-യില്‍ അയര്‍ലന്‍ഡുമായുള്ള പോരാട്ടം. മലയാളി താരം സഞ്ജുസാംസണ്‍ ആദ്യ ഇലവനില്‍ ഇടംപിടിക്കുമോ എന്നതും ആകാംഷയാണ്. ഇന്ത്യന്‍ ഇലവനെ കുറിച്ചുള്ള വ്യക്തമായ സൂചനയില്ലെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കൊപ്പം വിരാട് കോലി ഓപ്പണറാകണം എന്നാണ് ആരാധാകര്‍ ആഗ്രഹിക്കുന്നത്. ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മ്മക്കൊപ്പം സഞ്ജു സാംസണ്‍ ഓപ്പണറായി എത്തിയെങ്കിലും രണ്ട് റണ്‍സുമായി ക്രീസ് വിടേണ്ടി വന്നിരുന്നു.(India Ireland t20 world cup match)

അതേ സമയം ന്യൂയോര്‍ക്കിലെ ഡ്രോപ്പ് ഇന്‍ പിച്ച് ബാറ്റര്‍മാര്‍ക്ക് എത്രത്തോളം അപകടകരമാണെന്ന ചോദ്യമുയര്‍ത്തുന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന സൗത്ത് ആഫ്രിക്ക-ശ്രീലങ്ക മാച്ച്. നൂറ് പോവും തികക്കാന്‍ കഴിയാതെയാണ് ശ്രീലങ്കന്‍ ടീമിന് ബാറ്റിങ് അവസാനിപ്പിക്കേണ്ടി വന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയും ബോളര്‍മാരെ പേടിച്ച് കളിക്കേണ്ട ഗതികേടിലായിരുന്നു. നൂറിന് താഴെയുള്ള ലക്ഷ്യം മറികടക്കാന്‍ സാവാധനത്തിലും ജാഗ്രതയോടെയുമാണ് സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ ബാറ്റ് വീശിയത്.

Read Also: ടി20 ലോകകപ്പ്: ശ്രീലങ്കക്കെതിരെ സൗത്ത് ആഫ്രിക്കക്ക് ആറ് വിക്കറ്റ് വിജയം

ഇന്ത്യയുടെ എതിരാളികളായ അയര്‍ലന്‍ഡ് തള്ളിക്കളയാന്‍ കഴിയുന്ന ടീമല്ല. അപ്രതീക്ഷിത പ്രകടനങ്ങളാല്‍ ഞെട്ടിക്കാന്‍ പോന്ന ബോളര്‍മാരും ബാറ്റര്‍മാരും ടീമിലുണ്ട്. അവരുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരില്‍ പോള്‍ സ്‌റ്റേര്‍ലിങ് മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിയുന്ന താരമാണ്. അന്താരാഷ്ട്ര ടി20 മാച്ചുകളില്‍ സെഞ്ച്വറി കണ്ടെത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഓള്‍റൗണ്ടറായ മാര്‍ക് അഡെയര്‍ പരിചയസമ്പന്നരായ താരങ്ങളുടെ പോലും വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിവുള്ള താരമാണ്. ആന്‍ഡ്രു ബാല്‍ബേര്‍ണി, ജോര്‍ജ് ഡോക്‌റെല്‍, ബാരി മെക്കാര്‍ത്തി തുടങ്ങിയവരും മോശമില്ലാത്ത പ്രകടനം കാഴച്ച വെക്കുന്നവരാണ്.

Read Also: T20 ലോകകപ്പിൽ ഓപ്പണർമാരായി രോഹിത്തും കോലിയും?; റിയാൻ പരാഗും ഇന്ത്യൻ ടീമിലേക്ക്

അതേ സമയം ലോക കപ്പില്‍ മികച്ച താരങ്ങള്‍ ഉള്ള ടീം തന്നെയാണ് ഇന്ത്യ. ബാറ്റര്‍മാരെ എടുത്താല്‍ ഇടംകൈയനായ യശസ്വി ജയ്സ്വാള്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ തുടങ്ങി മികച്ച ബാറ്റിങ് അനുഭവം തരാന്‍ കഴിവുള്ള താരങ്ങളുണ്ട്. ഇതില്‍ ഹര്‍ദികും ജഡേജയും ഓള്‍റൗണ്ടര്‍മാര്‍ കൂടിയാണ്. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരടങ്ങിയ ബോളിങ് നിര കരുത്തുറ്റതാണ്. ഇവര്‍ക്ക് മുമ്പില്‍ അയര്‍ലന്‍ഡ് അടിപതറുമൈന്ന് തന്നെയാണ് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ. അതേ സമയം ശക്തരായ പാകിസ്താനുമായി നടന്ന ടി20 പരമ്പരയില്‍ ഒരു മത്സരം വിജയിക്കാന്‍ അയര്‍ലന്റിനായിരുന്നു. 2-1 ന് പാകിസ്താന്‍ പരമ്പര സ്വന്തമാക്കിയെങ്കിലും അയര്‍ലന്‍ഡ് ചെറിയ ടീമല്ല എന്ന ബോധ്യം കളിക്കാര്‍ക്കിടയില്‍ വന്നു. ഏതായാലും നസൗ കൗണ്ടിയിയിലെ കൃത്രിമ പിച്ചില്‍ വീഴുന്ന ആദ്യ വിക്കറ്റ് ആരുടേതെന്ന ആകാംഷക്ക് വിരാമമിടാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ടീം ഇന്ത്യക്ക് വിജയാശംസകള്‍.

Story Highlights : India Ireland t20 world cup match Sanju Samson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top