ട്വന്റിഫോർ അതിരപ്പള്ളി റിപ്പോർട്ടർ റൂബിൻലാൽ ജയിൽ മോചിതൻ

ട്വന്റിഫോർ അതിരപ്പള്ളി റിപ്പോർട്ടർ റൂബിൻ ലാൽ ജയിൽ മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ജയിൽ മോചനം. മെയ് 27നാണ് അതിരപ്പള്ളി സിഐയുടെ നേതൃത്വത്തിൽ റൂബിനെ അറസ്റ്റ് ചെയ്‌തത്.
അതിരപ്പള്ളി സിഐ തന്നെ ക്രൂരമായി മർദിച്ചുവെന്ന് റൂബിൻലാൽ പറഞ്ഞു. ഒരു നിമിഷംകൊണ്ട് അഭിമുഖീകരിക്കേണ്ട വലിയ പ്രതിസന്ധിയാണ് അനുഭവിച്ചത്. നിലവിൽ ലഭിക്കേണ്ട ഒരു സ്വാതന്ത്ര്യവും അവകാശവും കിട്ടിയില്ല.
അതിരപ്പള്ളി സിഐ കഴുത്തിൽ ഞെക്കിപ്പിടിച്ചു . അസഭ്യം പറഞ്ഞു. ജീപ്പിലിട്ട് മർദിച്ചാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. മുണ്ട് അഴിച്ചുമാറ്റിയാണ് സി ഐ മർദിച്ചത്. വനിതാ പൊലീസിന്റെ മുന്നിൽ വച്ച് അധിക്ഷേപിച്ചുവെന്നും റൂബിൻ ലാൽ വ്യക്തമാക്കി.
ട്വന്റിഫോർ അതിരപ്പള്ളി റിപ്പോർട്ടർ റൂബിൻ ലാലിന് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സി എസ് ഡയസിന്റെ സിംഗിൾ ബെഞ്ചാണ് റൂബിൻ ലാലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ച ഉൾപ്പെടെ കോടതിയ്ക്ക് മുന്നിൽ ചൂണ്ടിക്കാട്ടിയിരുന്നു.
റൂബിൻ ലാലിന്റെ പ്രായം ചെന്ന അമ്മ മാത്രം വീട്ടിലുണ്ടായിരുന്നപ്പോൾ അർധരാത്രി ഒരു ഷർട്ട് പോലും ഇടാൻ അനുവദിക്കാതെ റൂബിനെ അറസ്റ്റ് ചെയ്തെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ കോടതിയ്ക്ക് മുന്നിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നായിരുന്നു റൂബിനെതിരായ വ്യാജ പരാതി. സാധാരണ നിബന്ധനകൾ മാത്രം വച്ചുകൊണ്ടാണ് റൂബിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
24 റിപ്പോർട്ടർ റൂബിൻ ലാലിനെ കള്ളക്കേസിൽ കുടുക്കിയ അതിരപ്പള്ളി CI ആൻഡ്രിക് ഗ്രോമിക്കിനെ സസ്പെൻഡ് ചെയ്തിരുന്നു. റൂബിൻ കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കു മാറ്റിയിട്ടുമുണ്ട്. അതിരപ്പള്ളിയില്‍ വാഹനമിടിച്ച് പരുക്കേറ്റ് കിടന്ന പന്നിയുടെ ദൃശ്യങ്ങളെടുക്കാന്‍ റൂബിന്‍ ലാല്‍ എത്തിയതാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. റൂബിനോടുള്ള മുന്‍വൈരാഗ്യമൂലം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. അതിരപ്പള്ളി ട്വന്റിഫോര്‍ ഒബിടി അംഗമാണ് റൂബിന്‍ ലാല്‍.
Story Highlights : Rubinlal released from jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here