ഹജ്ജ് കര്‍മത്തിനായി ടെന്നീസ് താരം സാനിയാ മിര്‍സ മക്കയിലേക്ക്

പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സ മക്കയിലേക്ക്. നിങ്ങളുടെ പ്രാര്‍ഥനയില്‍ ഓര്‍ക്കണമെന്നും പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയാണെന്നും സാനിയ ഇൻസ്റ്റാഗ്രാം കുറിപ്പില്‍ വ്യക്തമാക്കുന്നു.ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചുവെന്നും ജീവിതത്തില്‍ ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊറുത്തുതരണമെന്നും സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
‘ഹജ്ജ് എന്ന പരിശുദ്ധ കര്‍മം ചെയ്യാനുള്ള ഭാഗ്യം എനിക്കും ലഭിച്ചിരിക്കുന്നു. ഞാനും അനുഗ്രഹിക്കപ്പെട്ടവളായി മാറിയിരിക്കുന്നു. ഞാന്‍ അങ്ങേയറ്റം ഭാഗ്യമുള്ളവളും നന്ദിയുള്ളവളുമാണ്. ഈ യാത്ര ആരംഭിക്കുമ്പോള്‍ നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നെ ഓര്‍ക്കുക.
ഈ പരിവര്‍ത്തന അനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍, എന്റെ തെറ്റുകള്‍ പൊറുത്തുതരണമെന്ന് ഞാന്‍ നിങ്ങളെല്ലാവരോടും അപേക്ഷിക്കുന്നു. ആത്മീയ നവീകരണം തേടാനുള്ള ഈ അവസരത്തില്‍ എന്റെ ഹൃദയം കൃതജ്ഞതയാല്‍ നിറഞ്ഞിരിക്കുന്നു.
എന്റെ പ്രാര്‍ഥനകള്‍ക്ക് ഉത്തരം നല്‍കാനും ഈ അനുഗ്രഹീതമായ പാതയിലൂടെ എന്നെ നയിക്കാനും ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. എളിമയുള്ള ഹൃദയമുള്ള, കരുത്തുറ്റ വിശ്വാസമുള്ള മനുഷ്യനായി തിരിച്ചുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’- ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ സാനിയ പറയുന്നു.നേരത്തെ ഉംറ നിര്‍വഹിക്കാന്‍ സാനിയ കുടുംബസേമതം പുണ്യഭൂമിയിലെത്തിയിരുന്നു.
Story Highlights : Sania Mirza in makkah for hajj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here