Advertisement

കീറി മുറിച്ച് പരിശോധിക്കണം സഖാവേ, എവിടെ നിന്ന് തിരുത്തി തുടങ്ങണമെന്ന്; എം വി ജയരാജനെതിരെ സിപിഐഎം സൈബര്‍ സഖാക്കള്‍

June 12, 2024
3 minutes Read
CPIM cyber comrades against MV Jayarajan

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം സൈബര്‍ സഖാക്കളെന്ന എം വി ജയരാജന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പോരാളി ഷാജി ഫേസ്ബുക്ക് പേജ്. ‘അങ്ങാടിയില്‍ തോറ്റതിന് വീട്ടുകാരുടെ നെഞ്ചത്ത്’ എന്നാണ് എംവി ജയരാജന് നല്‍കുന്ന മറുപടി. എപ്പോഴെങ്കിലും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ പ്രസക്തി എത്രമാത്രം ഉണ്ടെന്ന് ഇടത് നേതാക്കള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടോയെന്നും പോരാളി ഷാജി മുതല്‍ ചെങ്കോട്ട വരെയുള്ള പ്രൊഫൈലുകളില്‍ എവിടെയാണ് ഇടതുവിരുദ്ധത എന്നും ചോദ്യം.(CPIM cyber comrades against MV Jayarajan)

പോരാളി ഷാജി പോലുള്ള പേരില്‍ നിരവധി വ്യാജ പേജുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അതിലൊക്കെ വരുന്ന എല്ലാ പോസ്റ്റുകളുടെയും പിതൃത്വം മെയിന്‍ പേജുകള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ ഏറ്റെടുക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് ദിവസം രാവിലെ വന്നു ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ നേതാവിന്റെ കുറ്റസമ്മതം ഈ തെരഞ്ഞെടുപ്പില്‍ എവിടെയെങ്കിലും ബാധിച്ചിട്ട് ഉണ്ടോ എന്നൊരു സ്വയം വിമര്‍ശനം നടത്തുന്നത് നന്നായിരിക്കും. അതുപോലെ തന്നെ സഖാവ് ഈ പറഞ്ഞതാണ് ശരി എന്ന് തന്നെ വിചാരിക്കുക. ഓരോ ആരോപണങ്ങള്‍ വരുമ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും ചാനാല്‍ ചര്‍ച്ചകളില്‍ പോയി ചോദ്യങ്ങളില്‍ ഉരുണ്ട് കളിക്കുമ്പോഴും ഓരോ ഇടത് നേതാവ് ഉറക്കെ ഉറക്കെ വിളിച്ചു പറയുന്ന ഒരു കാര്യം ഉണ്ട് ‘ എല്ലാം ജനം തിരിച്ചറിയും ‘ എന്നിട്ട് ഒന്നോ രണ്ടോ സോഷ്യല്‍ മീഡിയ പേജുകള്‍ക്ക് ഈ പാര്‍ട്ടിയെ ഇത്രയ്ക്ക് പ്രതിരോധത്തില്‍ ആക്കാന്‍ കഴിഞ്ഞു എങ്കില്‍ കീറി മുറിച്ച് പരിശോധിക്കണം സഖാവേ എവിടെ നിന്ന് തിരുത്തി തുടങ്ങണം ആരെയൊക്കെ തള്ളി പറയണമെന്ന്.

‘ഈ പാര്‍ട്ടി ഒരിക്കലും തോല്‍ക്കാന്‍ ഞങ്ങള്‍ ആരും ആഗ്രഹിച്ചിട്ടില്ല. ഇടയ്ക്ക് ഒന്ന് വിമര്‍ശിച്ച് പോയാല്‍ ഉടനെ തള്ളി പറയുകയും ഇടത് വിരുദ്ധര്‍ ആക്കുകയും ചെയ്യുന്നതിന്റെ ഫലമാണിത്. ഇത് ബിജെപി വോട്ട് ആക്കി മാറ്റിയിട്ടുമുണ്ട്. അതും ജനം കാണുന്നുണ്ട്. ഇടതുപക്ഷം പാര്‍ട്ടി ഓഫീഷ്യല്‍ പേജുകള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളത് ഇനിയും ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു. അതിന് ശ്രമിക്കാതെ സ്ഥിരം സൈബര്‍ സഖാക്കളുടെ മണ്ടയ്ക്ക് കൊണ്ട് വെക്കുന്ന ഈ പരാജയത്തിന്റെ വിഴിപ്പ് ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെ’ എന്നും റെഡ് കമാന്‍ഡോ എന്ന പേരിലുള്ള പേജില്‍ ചോദിക്കുന്നു.

Read Also: ‘കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ തെരഞ്ഞെടുപ്പ് തിരിച്ചടി പുത്തരിയല്ല’: പി ജയരാജൻ

സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷമെന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്കു വാങ്ങപ്പെട്ടെന്നും തെരഞ്ഞെടുപ്പ് തോല്‍വിക്ക് സൈബര്‍ സഖാക്കള്‍ കാരണമായി എന്നുമാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞത്. യുവാക്കള്‍ സമൂഹമാധ്യമങ്ങള്‍ മാത്രം നോക്കിയതിന്റെ ദുരന്തം തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായി. ‘പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍… ഇതിലൊക്കെ നിത്യേന ഇടതുപക്ഷത്തിന് അനുകൂലമായി പോസ്റ്റുകള്‍ കാണുമ്പോള്‍ നമ്മള്‍ അതിനെ തന്നെ ആശ്രയിക്കും. പക്ഷേ ഇപ്പോള്‍ കാണുന്ന പ്രവണത, അത്തരം ഗ്രൂപ്പുകള്‍ വിലയ്ക്കു വാങ്ങുകയാണ്. അത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ ചിലപ്പോള്‍ ഒരാള്‍ മാത്രമാകാം. അവരെ വിലയ്ക്ക് വാങ്ങുകയാണ്. അവരെ വിലയ്ക്കു വാങ്ങി കഴിഞ്ഞാല്‍, ആ അഡ്മിന്‍ നേരത്തെ നടത്തിയതുപോലുള്ള കാര്യമല്ല പോസ്റ്റായി വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സിപിഐഎം വിരുദ്ധ പോസ്റ്റുകളാണ് വരുന്നത്. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണ്.’ ജയരാജന്‍ പറഞ്ഞു.

Story Highlights :CPIM cyber comrades against MV Jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top