Advertisement

എൻഡിഎ സർക്കാർ ഒരു വർഷത്തിനുള്ളിൽ വീഴും: ആംആദ്‌മി നേതാവ് സഞ്ജയ് സിങ്

June 14, 2024
Google News 2 minutes Read

ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഒരു വർഷം തികയ്ക്കില്ലെന്നും അവസരം ലഭിക്കുമ്പോഴെല്ലാം ഇന്ത്യാ മുന്നണി ബദലായി അവതരിപ്പിക്കപ്പെടുമെന്നും ആംആദ്മി പാർട്ടിയുടെ മുതിർന്ന നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ് അവകാശപ്പെട്ടു. എൻഡിഎ സഖ്യകക്ഷികളിൽ ആരെങ്കിലും ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് സ്ഥാനാർഥികളെ നിർത്തിയാൽ അവരെ പിന്തുണയ്ക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ഇന്ത്യാ മുന്നണി പരിഗണിക്കണമെന്നും സഞ്ജയ് സിങ് പറഞ്ഞു. ഉത്തർപ്രദേശിലെ നോയിഡയിൽ ഒരു പരിപാടിയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തുള്ള നേതാക്കളെ രാഷ്ട്രീയ പകപോക്കലിനായി ജയിലലടയ്ക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് സഞ്ജയ് സിങ് ആരോപിച്ചു. “ഞങ്ങളുടെ പാർട്ടി അധ്യക്ഷനെ നിങ്ങൾ ജയിലലടച്ചു. മനീഷ് സിസോദിയ, സത്യേന്ദർ ജയിൻ, ഹേമന്ദ് സോറൻ, സഞ്ജയ് റാവത്, അനിൽ ദേശ്‌മുഖ് എന്നിവർ ജയിലിലാണ്. ഞാനും ആറുമാസം ജയിലിനുള്ളിലായിരുന്നു. ഈ സർക്കാർ അധികകാലം തികയ്ക്കില്ലെന്ന് സഖ്യകക്ഷികളെ സന്തോഷിപ്പിക്കുന്നതിനായി കൊടുത്ത വകുപ്പുകളും മന്ത്രിപദവികളും കണ്ടാലറിയാം. 13 ദിവസത്തിനുള്ളിൽ ഒരു എൻഡിഎ സർക്കാർ വീഴുന്നത് നമ്മൾ കണ്ടതാണ്. മറ്റൊരു എൻഡിഎ സർക്കാർ 13 മാസം മാത്രമാണ് അധികാരത്തിലുണ്ടായിരുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരും അതുപോലെ ഒരുവർഷത്തിനുള്ളിൽ വീഴും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ഞങ്ങൾ സസൂക്ഷ്മം വീക്ഷിച്ചുവരികയാണ്. സർക്കാർ രൂപീകരിക്കാനുള്ള അവസരം ലഭിച്ചാൽ ഈ സ്വേച്ഛാധിപത്യ സർക്കാരിനെ നമ്മൾ മറിച്ചിടുക തന്നെ ചെയ്യും”- സഞ്ജയ് സിങ് പറഞ്ഞു.

ചരിത്രത്തിലാദ്യമായി 150 എം.പിമാരാക്ക് സസ്പെൻഷൻ നൽകി പാർലമെൻ്റിൽ നിന്ന് പുറത്താക്കി. ആർഎൽഡി, ജെഡിഎസ്, ടിഡിപി , ജെഡിയു തുടങ്ങിയ ചെറിയ പ്രാദേശിക പാർട്ടികളെ പിളർത്തി ഇല്ലാതാക്കുന്ന തന്ത്രമാണ് ബിജെപി പുലർത്തുന്നത്. മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ കൃത്രിമത്വം കാണിച്ചാണ് സർക്കാർ രൂപീകരിച്ചതെന്നും സഞ്ജയ് സിങ് ആരോപിച്ചു.

Story Highlights : AAP leader Sanjay Singh claimed that NDA govt will fall in a year.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here