Advertisement

‘സംസ്ഥാനത്ത് പനി നിരീക്ഷണം ശക്തിപ്പെടുത്തും’; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

June 15, 2024
1 minute Read
If assaulting health workers, imprisonment up to seven years, fine up to 5 lakhs

സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എന്‍1) സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) തീരുമാന പ്രകാരമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

ചേര്‍ത്തലയില്‍ താറാവുകളിലും തുടര്‍ന്ന് കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് പനി നീരീക്ഷണം ശക്തിപ്പെടുത്തുന്നതാണ്. കര്‍ഷകരും പക്ഷി വളര്‍ത്തുന്നവരും അവരുമായി ബന്ധപ്പെട്ട ആളുകളും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും പൊതുജനാരോഗ്യത്തിനും ഊന്നല്‍ നല്‍കുന്ന മാര്‍ഗരേഖയാണിത്.

ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട് എന്നീ രോഗ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പരിശീലനം സിദ്ധിച്ച വണ്‍ ഹെല്‍ത്ത് കമ്മ്യൂണിറ്റി വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ സാമൂഹിക അവബോധം സൃഷ്ടിക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിച്ചു. കാക്കകളിലും മറ്റ് പക്ഷികളിലും ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങള്‍ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കേണ്ടതാണ്. മറ്റ് രാജ്യങ്ങളില്‍ സസ്തനികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതുവരെ അത്തരം കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ സസ്തനികളിലും പെട്ടന്നുള്ള മരണമുണ്ടായാല്‍ ബന്ധപ്പെട്ടവരെ വിവരം അറിയിക്കേണ്ടതാണ്. ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ കൈകാര്യം ചെയ്യരുത്. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക. അവബോധം ശക്തമാക്കും.

കേരളത്തില്‍ പക്ഷിപ്പനി ഇന്നേവരെ മനുഷ്യരെ ബാധിച്ചിട്ടില്ല. എങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരുന്നു. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കേണ്ടതാണ്.

എന്താണ് പക്ഷിപ്പനി

പക്ഷികളില്‍ കാണുന്ന ഒരു സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ (എച്ച്5 എന്‍1). ഇത് ഒരു വൈറസ് രോഗമാണ്. പക്ഷികളില്‍ നിന്നും പക്ഷികളിലേയ്ക്കാണ് ഇത് പകരാറുള്ളത്. പക്ഷികളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് സാധാരണ ഗതിയില്‍ ഇത് പകരാറില്ല. എന്നാല്‍ അപൂര്‍വമായി ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്ക് പകരാന്‍ കഴിയും വിധം പക്ഷിപ്പനിയുടെ വൈറസിന് ജനിതക വകഭേദം സംഭവിക്കാം. ഇത്തരത്തിലുള്ള വൈറസ് ബാധ ഗുരുതരമായ രോഗ കാരണമാകാം.

പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ ശ്രദ്ധിക്കേണ്ടവ

കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാരപക്ഷികള്‍ തുടങ്ങിയ എല്ലാ പക്ഷികളേയും ഈ രോഗം ബാധിക്കാം. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തു പക്ഷികളുമായി ഇടപ്പെടുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്റിനറി ഡോക്ടര്‍മാര്‍, മറ്റു ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ രോഗബാധ ഏല്‍ക്കാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.

പ്രതിരോധ മാര്‍ഗങ്ങള്‍

രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കൈയ്യുറ, മുഖാവരണം എന്നിവ ധരിക്കുകയും അതതു സമയങ്ങളില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം.

രോഗലക്ഷണങ്ങള്‍

ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം കഫത്തില്‍ രക്തം, കണ്‍പോളയില്‍ വീക്കം മുതലായവയാണ് രോഗലക്ഷണങ്ങള്‍. രോഗപ്പകര്‍ച്ചക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവര്‍ ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തേയോ ആരോഗ്യ പ്രവര്‍ത്തകരേയോ അറിയിക്കുക.

രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെട്ട് പ്രതിരോധ ഗുളിക കഴിക്കേണ്ടതാണ്.

Story Highlights : Fever surveillance will be strengthened in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top