Advertisement

രണ്ട് വര്‍ഷത്തിന് ശേഷം ട്വിസ്റ്റ്: ഐഐടി ഖരഗ്‌പൂറിൽ വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകം

June 15, 2024
3 minutes Read

ഐഐടി ഖരഗ്‌പൂറിൽ രണ്ട് വര്‍ഷം മുൻപ് വിദ്യാര്‍ത്ഥി ഫൈസൻ അഹമ്മദിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിര്‍ണായക വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്ന് വ്യക്തമാകുന്ന തെളിവുകളാണ് പുറത്തുവന്നത്. ഫൈസൻ അഹമ്മദിന്റെ കഴുത്തിൽ വെടിയേറ്റിരുന്നുവെന്നും കുത്തേറ്റിരുന്നുവെന്നും വ്യക്തമാകുന്നതാണ് രണ്ടാമത്തെ പോസ്റ്റുമാർട്ടം പരിശോധനയിൽ വ്യക്തമായത്. കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് പ്രകാരം നടത്തിയ പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് നിര്‍ണായക കണ്ടെത്തൽ. രണ്ടാമത്തെ പോസ്റ്റുമാർട്ടത്തിൻ്റെ പരിശോധനാ ഫലം ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഹൈക്കോടതിയിൽ സമര്‍പ്പിച്ചതായാണ് വിവരം. അടുത്തയാഴ്ച കേസ് പരിഗണിക്കുമ്പോൾ പോസ്റ്റ്മോര്‍ട്ടം പരിശോധന യുടെ അന്തിമ റിപ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിക്കും.

ഫൈസൻ ഖാൻ്റെ കഴുത്തിൽ ഇടത് വശത്ത് മുകൾ ഭാഗത്തായാണ് വെടിയേറ്റ പാട് ഉണ്ടായിരുന്നത്. വലത് വശത്താണ് കുത്തേറ്റ പാട് കണ്ടെത്തിയത്. ഡോ.എകെ ഗുപ്തയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. എന്നാൽ ഈ മുറിവുകളൊന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിൽ രേഖപ്പെടുത്തിയിരുന്നില്ല. ആദ്യത്തെ പോസ്റ്റ്മോര്‍ട്ടം പരിശോധനയുടെ ദൃശ്യങ്ങൾ തത്സമയം ചിത്രീകരിച്ച് സൂക്ഷിക്കുകയും ചെയ്തിട്ടില്ല. 2022 ഒക്ടോബറിൽ മിഡ്‌നാപൂര്‍ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തിയെന്നാണ് പൊലീസിൻ്റെ റിപ്പോര്‍ട്ട്.

Read Also: ബക്രീദ് ആഘോഷങ്ങളിൽ നിയന്ത്രണങ്ങളുമായി ഉത്തർപ്രദേശ്; തെരുവുകളിൽ നമസ്കാരം നടത്തുന്നതിന് നിരോധനം

പൊലീസ് അന്വേഷണത്തിൽ സംശയം ഉന്നയിച്ച് ഫൈസൻ ഖാൻ്റെ ഉമ്മ രെഹനയാണ് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം. 2023 മെയ് മാസത്തിലാണ് കോടതി സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താൻ ആവശ്യപ്പെട്ടത്. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും കോടതി ഉത്തരവിട്ടിരുന്നു. എഡിജി കെ ജയരാമനാണ് പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്നത്. തങ്ങളുടെ കണ്ടെത്തലുകൾ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും കൊലപാതകത്തിൻ്റെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

അസമിലെ ടിൻസുകിയ സ്വദേശിയായ ഫൈസൻ ഖാന് കൊല്ലപ്പെടുമ്പോൾ 23 വയസായിരുന്നു പ്രായം. മൂന്നാം വര്‍ഷ മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. ഐഐടി ഖരഗ്‌പൂറിലെ ലാലാ ലജ്‌പത് റായി ഹോസ്റ്റലിലെ ഒരു മുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ അദ്ദേഹം താമസിച്ചിരുന്നത് ഈ മുറിയിലായിരുന്നില്ല.

Story Highlights : IIT Kharagpur student Faizan Ahmed was found dead in a hostel room, it has now emerged that he was murdered.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top