‘ജി.സുധാകരന്റെ മോദി പ്രശംസ അത്ഭുതകരം’; ജി സുധാകരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എച്ച് സലാം

മുന്‍ മന്ത്രി ജി.സുധാകരന്റെ മോദി പ്രശംസയ്ക്കും ആലപ്പുഴയില്‍ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നുവെന്ന പരാമര്‍ശത്തിനുമെതിരെ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം. ജി സുധാകരന്റേത് പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പ്രതികരണമെന്നാണ് സലാമിന്റെ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ തിരിച്ചടി ഉണ്ടാകുന്നത് ഇതാദ്യമല്ല. ഗൗരിയമ്മ പോകാനുള്ള മൂലകാരണം ആരെന്ന് ആലപ്പുഴയിലെ ജനങ്ങള്‍ക്കറിയാം. ജി.സുധാകരന്റെ മോദി പ്രശംസ അത്ഭുതകരമെന്നും എച്ച്. സലാം എംഎല്‍എ പ്രതികരിച്ചു. (H Salam MLA replay to G Sudhakaran on his comments about Modi)
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഇടതു തോല്‍വിക്ക് പിന്നാലെ ജി സുധാകരന്‍ ട്വന്റിഫോറിന് നല്‍കിയ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളാണ് ഇപ്പോഴത്തെ നേതാക്കളെ ചൊടിപ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ പാര്‍ട്ടി കോട്ടകളില്‍ പോലും വോട്ട് ചോര്‍ന്നുവെന്നും പുന്നപ്രയിലെ തന്റെ ബൂത്തില്‍ പോലും ഇടതു സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്ത് പോയി എന്നുമായിരുന്നു സിപിഐഎം നേതൃത്വത്തിനെതിരായ ജി സുധാകരന്റെ പരാമര്‍ശം. എന്നാല്‍ തെരഞ്ഞെടുപ്പുകളില്‍ ആലപ്പുഴയില്‍ തിരിച്ചടി ഉണ്ടാകുന്നത് ഇത് ആദ്യമായി അല്ലെന്നും ജി സുധാകരന്റേത് പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പ്രതികരണമാണെന്നും എച്ച്. സലാം തിരിച്ചടിച്ചു.
Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ അമ്പലപ്പുഴ കായംകുളം നിയോജകമണ്ഡലങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന ആരോപണവും സുധാകരന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സുധാകരനെ അവഗണിച്ചിട്ടില്ലെന്നും കമ്മ്യൂണിസ്റ്റ് നേതാവ് കെ ആര്‍ ഗൗരിയമ്മ സിപിഐഎം വിടാനുള്ള മൂലകാരണം ആരെന്ന് ആലപ്പുഴയിലെ ജനങ്ങള്‍ക്കറിയാമെന്നും അതിന്റെ അടിസ്ഥാനം തേടി പോയാല്‍ പലതും പറയേണ്ടി വരുമെന്നും സലാം തിരിച്ചടിച്ചു. സുധാകരന്റെ മോദി പ്രശംസയേയും സലാം രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച് സലാമിനെ തോല്‍പ്പിക്കാന്‍ ജി സുധാകരന്‍ ശ്രമിച്ചു എന്ന പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തിയ ശേഷം ജി സുധാകരന് താക്കീത് നല്‍കിയിരുന്നു. പിന്നാലെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവായ സുധാകരന്‍ നിലവില്‍ സിപിഐഎമ്മിന്റെ പാര്‍ട്ടി അംഗം മാത്രമാണ്.
Story Highlights : H Salam MLA replay to G Sudhakaran on his comments about Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here