ഹൈവേ കൊള്ളസംഘത്തിൻ്റെ വിഹാര കേന്ദ്രമായി കേരള – തമിഴ്നാട് അതിർത്തി പാത; വർഷങ്ങളായി തുടരുന്ന അക്രമം, നിരവധി ഇരകൾ

സേലം – കൊച്ചി ദേശീയപാതയിൽ മലയാളികളെ പതിനഞ്ചംഗ സംഘം രാത്രിയാത്രക്കിടെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. എന്നാൽ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. വാളയാർ മുതൽ നീലംബൂർ വരെയുള്ള 40 കിലോമീറ്റർ ദൂരം അക്രമി സംഘങ്ങളുടെ സ്ഥിരം വിഹാര കേന്ദ്രമാണ്. ബിസിനസുകാർ, കുടുംബങ്ങൾ, കള്ളപ്പണവും ഹവാല പണമിടപാടും നടത്തുന്ന സംഘങ്ങളുമാണ് ഇവരുടെ സ്ഥിരം ഇരകൾ.
യാതൊരു കുറ്റകൃത്യവും ചെയ്യാത്തവർ മാത്രമാണ് ആക്രമിക്കപ്പെട്ടാൽ പൊലീസിനെ സമീപിക്കുന്നത്. അല്ലെങ്കിൽ ഈ സംഘങ്ങളുടെ ആക്രമണം പുറത്തറിയാറില്ല. കേരളത്തിൽ സ്വർണക്കടത്ത് സംഘങ്ങളെയും ഹവാല സംഘങ്ങളെയും പിന്തുടർന്ന് തടഞ്ഞ് സ്വർണവും പണവും തട്ടിയെടുക്കുന്ന പൊട്ടിക്കൽ സംഘങ്ങളുടെ പ്രവർത്തന രീതിയാണ് കേരള – തമിഴ്നാട് അതിർത്തി റോഡുകളിലും അവലംബിച്ചിരിക്കുന്നത്.
2020 ഡിസംബറിലാണ് മലപ്പുറത്ത് നിന്നുള്ള ബിസിനസുകാരനും സുഹൃത്തും നവക്കരയിൽ വച്ച് ആക്രമിക്കപ്പെട്ടത്. 27.5 ലക്ഷം രൂപ പണമായി കാറിലുണ്ടായിരുന്നുവെന്നാണ് ഇവർ മൊഴി നൽകിയത്. എന്നാൽ ഇവരുടെ കൈയ്യിൽ നിന്നും അക്രമി സംഘം തട്ടിയെടുത്ത കാർ തൊട്ടടുത്ത ദിവസം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹവാല പണമിടപാട് സംശയിച്ച പൊലീസ് വാഹനം അരിച്ചുപെറുക്കി പരിശോധിച്ചപ്പോൾ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിൽ 90 ലക്ഷം രൂപ കണ്ടെത്തി. ഇതോടെ ആക്രമിക്കപ്പെട്ടെന്ന് പരാതി നൽകിയ ബിസിനസുകാരനും സുഹൃത്തും അറസ്റ്റിലായി.
2018 ൽ ഒരു കുടുംബമാണ് ആക്രമിക്കപ്പെട്ടത്. ഗുരുവായൂറിൽ നിന്നുള്ള ബിസിനസുകാരനും കുടുംബവും കേരളത്തിലേക്കുള്ള യാത്രക്കിടെ എട്ടിമഡൈ പാലത്തിൽ വച്ചാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ പക്കൽ നിന്നും 60 ഗ്രാം സ്വർണവും 2000 രൂപയും മൊബൈൽ ഫോണുകളും തട്ടിയെടുത്തെന്നാണ് പരാതി.
ജൂൺ 14 ന് ഇതേ ഹൈവേയിൽ മദുക്കരൈയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. എറണാകുളം സ്വദേശി അസ്ലം സിദ്ധിഖ് എന്ന 27 കാരനാണ് അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളും ജീവനക്കാരുമായ നിതിൻ, അക്ഷയ്, ചാൾസ് എന്നിവരുടെ ജീവൻ രക്ഷിച്ചത്. അഡ്വർടൈസിങ് ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന അസ്ലം സിദ്ദിഖ് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പോവുമ്പോഴാണ് ഹൈവേ കൊള്ളക്കാർ പിന്തുടർന്ന് ആക്രമിച്ചത്. കൊള്ളസംഘം ഇടറോഡിൽ നിന്ന് ഹൈവേയിലേക്ക് കയറിയതാവാം എന്നാണ് സിദ്ധിഖ് സംശയിക്കുന്നത്.
സംഭവത്തിൽ പ്രതികളെ കുറിച്ച് വിവരം ലഭിച്ചെന്നാണ് കോയമ്പത്തൂർ ജില്ലാ സൂപ്രണ്ട് വി ബദ്രിനാരായണൻ വ്യക്തമാക്കിയത്. പാലക്കാട് സ്വദേശികളായ നാല് യുവാക്കൾ സംഭവത്തിൽ പിടിയിലായിട്ടുണ്ട്. ഇവരിലൊരാൾ വിമുക്ത ഭടനാണ്. യാത്രക്കാരുടെ കൈവശം വലിയ തോതിൽ പണമുണ്ടെന്ന് കരുതിയാണ് കൊള്ളസംഘം ഇവരെ ആക്രമിച്ചത്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങളടക്കം വൈറലായതോടെ പൊലീസ് മേഖലയിൽ പട്രോളിങ് വിപുലീകരിച്ചിട്ടുണ്ട്.
Story Highlights : NH 544 continues to be preferred turf of highway robbers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here