Advertisement

നാടകീയം; യൂറോ കപ്പില്‍ ആദ്യമായി ഓസ്ട്രിയ പ്രീ ക്വാര്‍ട്ടറില്‍

June 26, 2024
Google News 2 minutes Read
Netherland vs Austria

യൂറോ കപ്പ് ഗ്രൂപ്പ് ഡി ചാമ്പ്യന്‍മാരായി പുതുചരിത്രമെഴുതി ഓസ്ട്രിയ പ്രീക്വാര്‍ട്ടറില്‍. നെതര്‍ലന്‍ഡ്‌സിനെ 3-2 എന്ന സ്‌കോറില്‍ തകര്‍ത്താണ് ഓസ്ട്രിയ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പോളണ്ടുമായി സമനില വഴങ്ങി ഫ്രാന്‍സ് രണ്ടാം സ്ഥാനത്ത് എത്തി പ്രീക്വാര്‍ട്ടര്‍ കളിക്കാനെത്തും. തീര്‍ത്തും ആവേശകരമായിരുന്നു നെതര്‍ലാന്‍ഡ്‌സ്-ഓസ്ട്രിയ പോര്. ഗോളും മറുപടിഗോളുമായി മുന്നേറിയ മത്സരത്തില്‍ ആദ്യം ഗോള്‍ കണ്ടെത്തിയത് നെതര്‍ലാന്‍ഡ്‌സ് ആയിരുന്നു. നെതര്‍ലാന്‍ഡ്‌സിന്റെ ഡോണിയല്‍ മലന്‍ വഴി ലഭിച്ച സെല്‍ഫ് ഗോള്‍ ഓസ്ട്രിയക്ക് ഊര്‍ജ്ജം പകര്‍ന്നു. 59-ാം മിനിറ്റിലും 80-ാം മിനിറ്റിലും ഓസ്ട്രിയ ഡച്ചുകാരുടെ വല കുലുക്കി. മറുവശത്ത് 47, 75 മിനുറ്റുകളിലായിരുന്നു നെതര്‍ലാന്‍ഡ്‌സ്് ഗോളുകള്‍.

ആറാം മിനിറ്റില്‍ ഡോണിയല്‍ മലെന്റെ സെല്‍ഫ് ഗോളില്‍ ഓസ്ട്രിയ ലീഡ് നേടി. യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ പിറന്ന സെല്‍ഫ് ഗോളായിരുന്നു ഇത്. ഇടതു വിങ്ങിലൂടെയുള്ള ഓസ്ട്രിയന്‍ മുന്നേറ്റം തടയാന്‍ ശ്രമിച്ചത് സെല്‍ഫ് ഗോളില്‍ കലാശിക്കുകയായിരുന്നു. ഓസ്ട്രിയന്‍ താരം പ്രാസ്, വിമ്മറിലേക്ക് പാസ് നല്‍കി. പന്തുമായി ബോക്സിനകത്തെത്തിയ വിമ്മര്‍, സഹതാരങ്ങളിലേക്ക് പന്ത് കൈമാറുന്നതിനിടെ പുറത്തേക്കടിച്ച് ഒഴിവാക്കാനായി ഓടിയെത്തിയ മലെന് പിഴച്ചു. കീപ്പറെ നോക്കുകുത്തിയാക്കിയാണ് പന്ത് ഗോള്‍ വര കടന്നത്.

രണ്ടാംപകുതിയുടെ തുടക്കത്തില്‍തന്നെ ഡച്ചുകാരുടെ മറുപടിയെത്തി. 47-ാം മിനിറ്റില്‍ കോഡി ഗാക്പോയാണ് ഡച്ച് പടയെ മുന്നിലെത്തിച്ചത്. കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു ഗാക്പോയുടെ ഗോള്‍. ഇടതുവിങ്ങില്‍നിന്ന് വലംകാലുകൊണ്ട് പോസ്റ്റിന്റെ വലതുമൂലയിലേക്ക് ബോളിനെ വിട്ടതോടെ മത്സരം സമനിലയില്‍. 59ാം മിനിറ്റില്‍ ഓസ്ട്രിയയുടെ മറുപടി. റൊമാനോ ഷ്മിഡ് മികച്ച ഒരു ഹെഡറിലൂടെ ഓസ്ട്രിയയെ വീണ്ടും മുന്നിലെത്തിച്ചു.

Read Also: പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി പോര്‍ച്ചുഗല്‍; തുര്‍ക്കിയോട് ജയിച്ചത് മൂന്ന് ഗോളുകള്‍ക്ക്

75ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്സ് വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്തി. മെംഫിസ് ഡിപെയായിരുന്നു ഇത്തവണത്തെ നെതര്‍ലന്‍ഡ്സിന്റെ സ്‌കോറര്‍. കൈയിലാണോ തട്ടിയതെന്ന വാര്‍ പരിശോധന നടത്തിയ ശേഷമാണ് ഗോള്‍ അനുവദിച്ചത്. ബോക്സിനകത്തേക്ക് വെഗോസ്റ്റ് ഉയര്‍ത്തി നല്‍കിയ പന്ത് ഡിപെയിലെത്തുകയും ഡിപെ അത് പോസ്റ്റിലേക്ക് തട്ടിയിടുകയുമായിരുന്നു. എന്നാല്‍ സമനില തുടരാന്‍ ഓസ്ട്രിയ അനുവദിച്ചില്ല. അഞ്ചു മിനിറ്റിനകം ഓസ്ട്രീയ വീണ്ടും തിരിച്ചടിച്ചു. 80-ാം മിനിറ്റില്‍ മാഴ്സല്‍ സബിറ്റ്സര്‍ ഓസ്ട്രേയിയെ ഒരിക്കല്‍ക്കൂടി മുന്നിലെത്തിച്ചു. ഡച്ച് പ്രതിരോധത്തെ കാഴ്ചക്കാരാക്കി ബോംഗാര്‍ട്ട്നര്‍ ബോക്സിനകത്തേക്ക് നല്‍കിയ പാസ് സബിറ്റ്സര്‍ ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ ഗ്രൂപ്പില്‍ ഓസ്ട്രിയ ഒന്നാംസ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് കടന്നു.

23-ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്സിനുവേണ്ടി ഗോള്‍ നേടാനുള്ള ഒരവസരം മലെന്‍ കളഞ്ഞുകുളിക്കുകയും ചെയ്തു. യൂറോയില്‍ നെതര്‍ലന്‍ഡ്സിന്റെ ഭാഗത്തുനിന്നുള്ളതും ഓസ്ട്രിയക്ക് ലഭിക്കുന്നതുമായ ആദ്യ സെല്‍ഫ് ഗോളാണിത്. ഇതോടെ ഈ യൂറോ കപ്പില്‍ 21 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ സെല്‍ഫ് ഗോളുകളുടെ എണ്ണം ഏഴായി. 2020 യൂറോ കപ്പില്‍ ആകെ പിറന്നത് 11 സെല്‍ഫ് ഗോളുകളാണ്.

Story Highlights : Euro cup match Austria vs Netherlands

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here